രാജ്യം ഭരിക്കുന്നവർ ജനങ്ങളെ മതത്തിെൻറ പേരിൽ ഭിന്നിപ്പിക്കുന്നു –എം.കെ. രാഘവൻ എം.പി
text_fieldsഐ.സി.എഫ് സൗദി നാഷനൽ കമ്മിറ്റി ‘മാറുന്ന ഇന്ത്യ’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച രാജ്യാന്തര സെമിനാറിൽനിന്ന്
ജിദ്ദ: രാജ്യം ഭരിക്കുന്നവർ ജനങ്ങളെ മതത്തിെൻറ പേരിൽ ഭിന്നിപ്പിക്കുകയും തെരഞ്ഞെടുത്ത സർക്കാറുകളെ അട്ടിമറിക്കുകയും ചെയ്യുകയാണെന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു. ഇന്ത്യൻ റിപ്പബ്ലിക്ദിനത്തോടനുബന്ധിച്ച് ഐ.സി.എഫ് സൗദി നാഷനൽ കമ്മിറ്റി 'മാറുന്ന ഇന്ത്യ' എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച രാജ്യാന്തര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളെ നിശ്ശബ്ദമാക്കുകയും പാർലമെൻറിനെ നോക്കുകുത്തിയാക്കുകയും ജുഡീഷ്യറിയെ വരുതിയിലാക്കുകയും കരിനിയമങ്ങൾ അടിച്ചേൽപിക്കുകയും ചെയ്യുന്ന രാജ്യത്ത് ജനാധിപത്യം എത്രകാലം നിലനിൽക്കുമെന്ന് കണ്ടറിയണമെന്ന് അദ്ദേഹം ആശങ്കപ്പെട്ടു. പരസ്പരം കൈകൾ കോർത്ത വൈവിധ്യങ്ങളുടെ ഉത്സവമാണ് ഇന്ത്യ എന്ന ആശയമെന്ന് നിയമസഭ സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു.
ഇന്ത്യയുടെ ശക്തിയും സൗന്ദര്യവും രാജ്യത്തിെൻറ വൈവിധ്യങ്ങളിലാണ്. അതിനു നേരെയാണ് ചിലർ ഭീഷണിയുമായി വന്നിരിക്കുന്നത്. അതിനെ ഒരുമയോടെ നേരിടുകയാണ് വേണ്ടതെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഇന്ത്യയെപ്പോലെ വൈവിധ്യങ്ങളുള്ള നാട് ലോകത്ത് വേറെയില്ലെന്നും ആ വൈവിധ്യമാണ് ഇന്ത്യയുടെ സൗന്ദര്യമെന്നും മുഖ്യപ്രഭാഷണം നടത്തിയ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ അഭിപ്രായപ്പെട്ടു.
എല്ലാ ഇന്ത്യക്കാരുടേയും അവകാശങ്ങൾ സംരക്ഷിക്കുന്നതാണ് രാജ്യത്തിെൻറ ഭരണഘടന എന്നും അത് എക്കാലത്തും നിലനിൽക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യൻ ജനാധിപത്യം: വർത്തമാനം, ആശങ്ക, പ്രതീക്ഷ' എന്ന വിഷയത്തിൽ കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി എൻ. അലി അബ്ദുല്ല സംസാരിച്ചു.
അഡ്വ. വി. ജോയി എം.എൽ.എ, പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ഡോ. സിദ്ദീഖ് അഹമ്മദ്, മാധ്യമപ്രവർത്തകരായ ഹസൻ ചെറൂപ്പ, സാജിദ് ആറാട്ടുപുഴ, നാസർ കരുളായി, ഷംനാദ് കരുനാഗപ്പള്ളി എന്നിവർ സംസാരിച്ചു. ഐ.സി.എഫ് നാഷനൽ ജനറൽ സെക്രട്ടറി ബഷീർ എറണാകുളം കർഷകവിരുദ്ധ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിച്ചു. സൗദി നാഷനൽ പ്രസിഡൻറ് ഹബീബ് അൽ ബുഖാരി പരിപാടി നിയന്ത്രിച്ചു. മുജീബ് എ.ആർ നഗർ സമാപനപ്രസംഗം നടത്തി. നിസാർ കാട്ടിൽ സ്വാഗതവും സിറാജ് കുറ്റ്യാടി നന്ദിയും പറഞ്ഞു. ശിഹാബുദ്ദീൻ സഖാഫി ഹിമമി ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

