ഇബ്രാഹിം അൽഖാദി: പൊലിഞ്ഞത് ഇന്ത്യൻ നാടക രംഗത്തെ സൗദി പ്രതിഭ
text_fieldsഇബ്രാഹിം അൽഖാദി
റിയാദ്: ഇന്ത്യൻ നാടകത്തിനും വിവിധ അന്താരാഷ്ട്ര കലക്കും മഹത്തായ സംഭാവനകൾ നൽകിയ ഇബ്രാഹിം അൽഖാദിയുടെ നിര്യാണത്തോടെ ഇന്ത്യ, സൗദി സാംസ്കാരിക കൈമാറ്റത്തിെൻറ ശക്തമായ പാലമാണ് നഷ്ടമായത്. സൗദി പൗരനായ ഇബ്രാഹിം അൽഖാദി ഇൗ മാസം നാലിന് ന്യൂഡൽഹിയിലാണ് നിര്യാതനായത്. 95 വയസ്സായിരുന്നു. അൽഖസീം പ്രവിശ്യയിലെ ഉനൈസയിൽ നിന്നുള്ള കുടുംബത്തിലെ അംഗമാണ് ഇബ്രാഹിം. തൊഴിലും കച്ചവട രംഗത്തെ നിക്ഷേപ സാധ്യതയും കണക്കിലെടുത്ത് ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ പിതാവ് ഹമദ് അലി അൽഖാദിയുടെ ഇന്ത്യാവാസത്തിനിടയിൽ 1925ൽ പുണെയിലാണ് ഇബ്രാഹിം ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മുംബൈ നഗരം തെൻറ തട്ടകമായി സ്വീകരിച്ചു. ഇതോടെ ഇന്ത്യയിലെ പ്രമുഖ നാടകപ്രവർത്തകരിൽ ഒരാളായിത്തീർന്നു ഇബ്രാഹിം. ചിത്രകാരൻ എന്ന നിലയിലും പേരെടുത്തിരുന്നു. മുംബൈയിലെ നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിലാണ് (എൻ.എസ്.ഡി) നാടകപഠനം പൂർത്തിയാക്കിയത്. അവിടം വിട്ടതിനുശേഷം ഡൽഹിയിൽ ആർട്ട് ഹെറിറ്റേജ് എന്ന ഗാലറി നടത്തി. ഇന്ത്യ-പാക് വിഭജനത്തിനുശേഷം കുടുംബാംഗങ്ങളേറെയും പാകിസ്താനിലേക്ക് കുടിയേറിയപ്പോൾ ഇബ്രാഹിം ഇന്ത്യയിൽ തുടർന്നു. പുണെ സെൻറ് വിൻസെൻറ്സ് ഹൈസ്കൂൾ, മുംബൈ സെൻറ് സേവിയേഴ്സ് കോളജ്, ലണ്ടൻ റോയൽ അക്കാദമി ഒാഫ് ഡ്രമാറ്റിക് ആർട്ട്സ് എന്നിവിടങ്ങളിലായിരുന്നു ഉന്നതപഠനം. 1940കളിലും 50കളിലും ഒടുവിൽ 1962 വരെയും മുംബൈയിൽ ഗ്രീക്ക് ദുരന്തനാടകങ്ങളം ഷെയ്ക്സ്പിയർ നാടകങ്ങളും ഉൾപ്പെടെ അവതരിപ്പിച്ചു ശ്രദ്ധേയനായ ശേഷമാണ് ഡൽഹിയിലേക്ക് തട്ടകം മാറ്റിയത്. 1962ൽ ന്യൂഡൽഹിയിലെ നാഷനൽ സ്കൂൾ ഒഫ് ഡ്രാമ ആൻഡ് ഏഷ്യൻ തിയറ്റർ ഇൻസ്റ്റിറ്റ്യൂട്ടിെൻറ ഡയറക്ടറായി. 1977 വരെ തൽസ്ഥാനത്ത് തുടർന്നു. നസീറുദ്ദീൻ ഷാ, ഓം പുരി, വിജയ മേത്ത, രോഹിണി ഹട്ടംഗഡി തുടങ്ങിയ പ്രതിഭകൾ സ്കൂൾ ഒഫ് ഡ്രാമയിൽ ഇദ്ദേഹത്തിെൻറ വിദ്യാർഥികളായിരുന്നു. മുംബൈ തിയറ്റർ യൂനിറ്റിെൻറ ആഭിമുഖ്യത്തിലുള്ള നാടകവിദ്യാലയം സ്ഥാപിച്ചത് ഇദ്ദേഹമാണ്. ഗിരിഷ് കർണാടിെൻറ തുഗ്ലക്ക്, ധരംവീർ ഭാരതിയുടെ അന്ധാ യുഗ്, മോഹൻ രാകേഷിെൻറ ആഷാഢ് കാ ഏക് ദിൻ തുടങ്ങിയ നാടകങ്ങൾ ഇബ്രാഹിം അൽഖാദി അരങ്ങിലെത്തിച്ചത് ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യ സന്ദർശിച്ച മുൻ സൗദി സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ഇദ്ദേഹത്തിെൻറ പേരിൽ നാടക കലക്കായി പ്രത്യേക ചെയർ ആരംഭിച്ചിരുന്നു. ഭാര്യ റോഷനായിരുന്നു പല നാടകങ്ങളുടെയും കോസ്റ്റ്യൂം ഡയറക്ടർ. എൻ.എസ്.ഡി മുൻ ഡയറ്കടർ ആയ അമൻ അല്ലാനയും ഫൈസൽ അൽഖാദിയും പുത്രന്മാരാണ്. 1962ൽ കേന്ദ്രസംഗീതനാടക അക്കാദമി പുരസ്കാരം, 1966ൽ പത്മശ്രീ പുരസ്കാരം, 2010ൽ പത്മവിഭൂഷൺ പുരസ്കാരം എന്നീ ഇന്ത്യൻ ബഹുമതികൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

