സൗദിയിൽ ഹ്യുണ്ടായി ഫാക്ടറിക്ക് തറക്കല്ലിട്ടു
text_fieldsസൗദിയിൽ ഹ്യുണ്ടായി കമ്പനി ഫാക്ടറി ആരംഭിക്കുന്നതിനുള്ള കരാർ ഒപ്പിട്ടപ്പോൾ
റിയാദ്: സൗദി അറേബ്യയിൽ ലോകപ്രശസ്ത വാഹന നിർമാതാക്കളായ ഹ്യുണ്ടായി കമ്പനിയുടെ ഫാക്ടറിക്ക് തറക്കല്ലിട്ടു. സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന്റെയും ഹ്യുണ്ടായ് മോട്ടോർ കമ്പനിയുടെയും സംയുക്ത പദ്ധതിക്ക് കീഴിൽ ജിദ്ദ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ അടുത്തിടെ പ്രഖ്യാപിച്ച കിങ് സൽമാൻ ഓട്ടോമൊബൈൽ കോംപ്ലക്സിനുള്ളിലാണ് ഫാക്ടറി നിർമിക്കുന്നത്.
മിഡിൽ ഈസ്റ്റ് മേഖലയിലെ ആദ്യത്തെ ഹ്യുണ്ടായ് മോട്ടോർ ഫാക്ടറിയായിരിക്കും ഇത്. 2026ന്റെ നാലാം പാദത്തിൽ ഉൽപാദനം ആരംഭിക്കുന്ന കമ്പനിയുടെ വാർഷിക ശേഷി 50,000 വാഹനങ്ങൾ വരെ ആയിരിക്കും. ഇന്ധന എൻജിൻ കാറുകളും ഇലക്ട്രിക് കാറുകളും നിർമിക്കുന്നതിലുൾപ്പെടും. രാജ്യത്തെ ഓട്ടോമോട്ടീവ് മേഖലയെ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഫണ്ടിന്റെ ശ്രമങ്ങളിലെ ഒരു പ്രധാന ചുവടുവെപ്പാണ് ഈ പദ്ധതിക്ക് തറക്കല്ലിടുന്നതെന്ന് പൊതുനിക്ഷേപ ഫണ്ട് ഡെപ്യൂട്ടി ഗവർണറും മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക ഇൻവെസ്റ്റ്മെൻറ് ജനറൽ അഡ്മിനിസ്ട്രേഷൻ മേധാവിയുമായ യസീദ് ബിൻ അബ്ദുറഹ്മാൻ അൽ ഹുമൈദ് പറഞ്ഞു.
ഫലപ്രദമായ പങ്കാളിത്തങ്ങളിലൂടെ ഓട്ടോമോട്ടീവ് ആവാസവ്യവസ്ഥയെ പ്രാപ്തമാക്കുന്നതിനും പ്രാദേശികമായി അതിന്റെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും ഫണ്ട് തുടർന്നും സഹായിക്കും. സൗദിയുടെ ഓട്ടോമോട്ടീവ്, മൊബിലിറ്റി മേഖലകളിൽ പ്രാദേശിക കഴിവുകൾ വികസിപ്പിക്കുന്നതിനും ഏറ്റവും പുതിയ ആഗോള സാങ്കേതികവിദ്യകൾ ആകർഷിക്കുന്നതിനും ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത ഈ സംയുക്ത സംരംഭം അടിവരയിടുന്നുവെന്നും യസീദ് ബിൻ അബ്ദുറഹ്മാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

