5.1 കോടി റിയാൽ കവർന്നെന്ന കേസ്; സന്ദർശന വിസയിലെത്തിയ ഹൈദരബാദ് സ്വദേശിക്ക് ജയിൽമോചനം
text_fieldsറിയാദ്: സന്ദർശന വിസയിൽ ഭാര്യക്കൊപ്പം സൗദിയിലെത്തിയപ്പോൾ പഴയ സ്പോൺസറുടെ മകൻ നൽകിയ സാമ്പത്തിക ഇടപാട് കേസിൽ പിടിക്കപ്പെട്ട് കഴിഞ്ഞ അഞ്ചു മാസമായി ജയിലിലായിരുന്ന ഹൈദരാബാദ് സ്വദേശി നിയമ പോരാട്ടങ്ങൾക്കൊടുവിൽ ജയിൽ മോചിതനായി നാട്ടിലേക്ക് മടങ്ങി.
5.1 കോടി റിയാൽ (116 കോടി രൂപ) കവർന്നെന്ന് ആരോപിച്ച് സ്പോൺസറുടെ മകൻ നൽകിയ പരാതിയാണ് ഹൈദരാബാദ് സ്വദേശി ലിയാഖത്തലിയെ കുടുക്കിയത്. പ്രവാസം അവസാനിപ്പിച്ചുപോയ ശേഷം ഉംറ നിർവഹിക്കാനായി സന്ദർശന വിസയിൽ ഭാര്യയോടൊപ്പം തിരിച്ചുവന്നപ്പോഴാണ് പഴയ കേസിൽപ്പെട്ടത്.
ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകൻ സിദ്ധീഖ് തുവ്വൂരിന്റെയും ഇടപെടലിലാണ് ജയിൽ മോചനം നേടിയത്. കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി. ലിയാഖത്തലി ജയിലിലായതിനെത്തുടർന്ന് തനിച്ചായ ഭാര്യ നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ വൈകാതെ അവർ മരിച്ചു. ജയിൽ മോചിതനായശേഷമാണ് ലിയാഖത്തലി ഇതറിയുന്നത്. അത് ഇരട്ട ആഘാതമായി. ജയിൽ മോചിതനായ ആശ്വാസമുണ്ടായെങ്കിലും ഭാര്യ മരിച്ചതിന്റെ ദുഃഖഭാരത്തോടെയാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്.
റിയാദിൽ ജോലി ചെയ്യുന്ന മരുമകന്റെയടുത്തേക്കാണ് അഞ്ച് മാസം മുമ്പ് ഭാര്യാസമേതനായി സന്ദർശന വിസയിലെത്തിയത്. റിയാദ് വിമാനത്താവളത്തിൽ ഇറങ്ങി ഇമിഗ്രേഷൻ നടപടിക്കിടയിൽ അധികൃതർ പിടികൂടുകയായിരുന്നു.
നാല് പതിറ്റാണ്ടിലധികം റിയാദിൽ പ്രവാസിയായിരുന്നു. എന്നാൽ അറസ്റ്റിന്റെ കാരണം ആദ്യം മനസിലായില്ല. അതന്വേഷിക്കാനും മോചനത്തിനുവേണ്ടി ശ്രമം നടത്താനും ഇന്ത്യൻ എംബസി സാമൂഹിക പ്രവർത്തകൻ സിദ്ധീഖ് തുവ്വൂരിനെ ചുമതലപ്പെടുത്തി. കേസിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനിലും പബ്ലിക് പ്രോസിക്യൂഷനിലും സിദ്ധീഖ് പല തവണ കയറിയിറങ്ങി. കേസ് കോടതി വിശദമായി പരിശോധിച്ചു. ഒടുവിൽ 42 വർഷത്തിനുശേഷം ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകുന്നതിന് മുമ്പ് സ്പോൺസർ നൽകിയ ക്ലിയറൻസ് രേഖ കൈയിലുണ്ടായിരുന്നത് ലിയാഖത്തലിക്ക് തുണയായി. ആ രേഖയോടൊപ്പം ട്യുമർ ബാധിതനായ അദ്ദേഹത്തിന്റെ മെഡിക്കൽ റിപ്പോർട്ടും കോടതിയിൽ ഹാജരാക്കിയിരുന്നു.
റിയാദിലെ പ്രമുഖ ബിസിനസുകാരന്റെ സഹായിയായാണ് 42 വർഷം ജോലി ചെയ്തത്. ഒടുവിൽ ശാരീരിക അവശതകളെ തുടർന്ന് അഞ്ചു വർഷം മുമ്പാണ് ഫൈനൽ എക്സിറ്റിൽ മടങ്ങിയത്. ഇതിനിടെ പഴയ സ്പോൺസർ 10 മാസം മുമ്പ് മരിച്ചു. സ്പോൺസർ ധർമിഷ്ഠനും പൊതുകാര്യ പ്രസക്തനുമായിരുന്നു. പാവപ്പെട്ടവരെ സഹായിച്ചിരുന്ന അദ്ദേഹം ലിയാഖത്തലി വഴി നിരവധി പണമിടപാടുകൾ നടത്തിയിരുന്നു.
തന്റെ ജീവനക്കാർക്കും അദ്ദേഹം പലപ്പോഴും സാമ്പത്തിക സഹായം നൽകിയിരുന്നുവത്രേ. പലപ്പോഴും ബാങ്കിൽനിന്ന് പണം പിൻവലിക്കാൻ ലിയാഖത്തലിയെയായിരുന്നു സ്പോൺസർ ചുമതലപ്പെടുത്തിയിരുന്നത്. പിതാവിന്റെ പണം കവർന്നുവെന്ന പേരിൽ ഈ രേഖകളെല്ലാമാണ് സ്പോൺസറുടെ മകൻ കോടതിയിൽ സമർപ്പിച്ചിരുന്നത്. ഇതാണ് സന്ദർശക വിസയിലെത്തിയപ്പോൾ പിടിക്കപ്പെടാനുണ്ടായ കാരണം.
ഒരു മാസത്തിനുള്ളിൽ കേസിൽ വിധി വരികയും ലിയാഖത്തലി ജയിൽ മോചിതനാവുകയും ചെയ്തുവെങ്കിലും എതിർകക്ഷി അപ്പീൽ നൽകി. എന്നാൽ അപ്പീൽ കോടതി തള്ളുകയായിരുന്നു. ട്യൂമർ ബാധിതനായ ലിയാഖത്തലി ശസ്ത്രക്രിയ ഉൾപ്പടെയുള്ള ചികിത്സയിലൂടെ സുഖംപ്രാപിച്ചശേഷം ഉംറ നിർവഹിക്കാനുള്ള ആഗ്രഹവുമായി സൗദിയിലേക്ക് വന്നതാണ് വിനയായത്.
കേസും അറസ്റ്റും ജയിൽവാസവുമെല്ലാമുണ്ടായി ഉംറ പോലും നിർവഹിക്കാൻ കഴിയാതെയാണ് ഒടുവിൽ മടങ്ങേണ്ടിവന്നത്. കേസിൽ അഭിഭാഷകരായ റനാ അൽ ദഹ്ബാൻ, ഉസാമ അൽഅമ്പർ എന്നിവരാണ് കോടതിയിൽ ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

