വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണം; ഹൈദരാബാദ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
text_fieldsനെർസ റെഡ്ഢി
റിയാദ്: അറാറിൽ വാഹനാപകടത്തിൽ മരിച്ച ഹൈദരാബാദ് സ്വദേശി നെർസ റെഡ്ഢിയുടെ (52) മൃതദേഹം മലയാളി സംഘടനയായ അറാർ പ്രവാസി സംഘത്തിന്റെ ശ്രമഫലമായി നാട്ടിലെത്തിച്ചു. അപകടത്തിൽ പരിക്കേറ്റ് അറാർ മെഡിക്കൽ ടവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
പത്തുവർഷമായി അറാർ മുനിസിപ്പാലിറ്റിയിൽ നഗരസൗന്ദര്യവത്കരണ വിഭാഗത്തിൽ ജീവനക്കാരനായിരുന്നു നർസ റെഡ്ഢി. മൻസൂരിയ ഭാഗത്ത് ജോലി ചെയ്തു കൊണ്ടിരിക്കെ 2024 ആഗസ്റ്റ് 16നാണ് വാഹനം ഇടിച്ച് പരിക്കേറ്റത്.
ഏഴുമാസത്തിലേറെയായി ഈ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഏപ്രിൽ ആറിനാണ് മരിച്ചത്. റെഡ്ഢിയെ ഇടിച്ചിട്ട വാഹനം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അറാർ മെഡിക്കൽ ടവർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് നേതൃത്വം നൽകിയ അറാർ പ്രവാസി സംഘം കേന്ദ്ര കമ്മിറ്റി പ്രസിഡന്റും ലോക കേരളസഭ അംഗവുമായ സക്കീർ താമരത്ത് ഏറ്റുവാങ്ങി. സംഘം രക്ഷാധികാരി സമിതി അംഗം അയൂബ് തിരുവല്ല, ജനറൽ സെക്രട്ടറി ഷാജി ആലുവ, നർസ റെഡ്ഢിയുടെ സുഹൃത്തുക്കളും നാട്ടുകാരും ഒപ്പമുണ്ടായിരുന്നു. അറാറിൽനിന്നും സൗദി എയർലൈൻസ് വിമാനത്തിൽ റിയാദിലെത്തിച്ച മൃതദേഹം റിയാദിൽനിന്നും എയർ ഇന്ത്യ എക്സ്പ്രസിൽ ഹൈദരാബാദിൽ എത്തിച്ചു. മൃതദേഹം തെംബരപേട്ട ശ്മശാനത്തിൽ സംസ്കരിച്ചു.
നെർസ റെഡ്ഢിയുടെ മരിച്ച് 10 ദിവസത്തിനുശേഷം മാതാവ് ഹാൻമക്ക ഹൃദയാഘാതം മൂലം മരിച്ചിരുന്നു. രാജ റെഡ്ഢിയാണ് പിതാവ്. ഭാര്യ: ലത, മകൾ: നവ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

