Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅറഫയിൽ വിശ്വാസി...

അറഫയിൽ വിശ്വാസി ലക്ഷങ്ങൾ സമ്മേളിച്ചു

text_fields
bookmark_border
അറഫയിൽ വിശ്വാസി ലക്ഷങ്ങൾ സമ്മേളിച്ചു
cancel

അറഫ: വിശുദ്ധ നഗരങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഇസ്‌ലാമിക അടയാളങ്ങളിലൊന്നായ മസ്ജിദുന്നമിറയിലും പരിസരത്തുമായി ലക്ഷക്കണക്കിന് തീർത്ഥാടകർ ഒത്തുചേർന്നതോടെ അറഫാ മൈതാനം ഭക്തിസാന്ദ്രമായി. മുഹമ്മദ് നബി വിടവാങ്ങൽ ഹജ്ജിൽ പ്രഭാഷണം നടത്തിയ ഈ ചരിത്ര ഭൂമിയിൽ, ഹജ്ജി​െൻറ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ അറഫാ സംഗമത്തിൽ മസ്ജിദുന്നബവി ഇമാമും ഖത്തീബുമായ ശൈഖ് ഡോ. അലി ബിൻ അബ്​ദുറഹ്​മാൻ അൽഹുദൈഫി പ്രത്യേക ഖുതുബ നിർവഹിച്ചു.

അറഫാ സംഗമത്തിൽ മസ്ജിദുന്നബവി ഇമാമും ഖത്തീബുമായ ശൈഖ് ഡോ. അലി ബിൻ അബ്​ദുറഹ്​മാൻ അൽഹുദൈഫി പ്രഭാഷണം നിർവഹിക്കുന്നു

ഹജ്ജ് കർമം ബാഹ്യവും ആന്തരികവുമായ പരിശുദ്ധിയെയും ഉടമ്പടികളുടെ പൂർത്തീകരണത്തെയുമാണ് പ്രതിനിധീകരിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഹജ്ജ് എന്നത് പൂർണമായും തഖ്‌വയിലും (ദൈവഭയത്തിലും) അനുസരണത്തിലും അധിഷ്ഠിതമായ ആരാധനാകർമമാണ്. അവിടെ അധർമങ്ങൾക്കോ, തർക്കങ്ങൾക്കോ, രാഷ്​ട്രീയ ലക്ഷ്യങ്ങളോടെയുള്ള മുദ്രാവാക്യങ്ങൾക്കോ, പക്ഷപാതപരമായ ആഹ്വാനങ്ങൾക്കോ യാതൊരു സ്ഥാനവുമില്ലെന്ന് അദ്ദേഹം ശക്തമായ ഭാഷയിൽ മുന്നറിയിപ്പ് നൽകി.

പൂർണമായി ദൈവത്തിന് കീഴടങ്ങാനും പ്രവാചക ചര്യ (സുന്നത്ത്) പിന്തുടരാനും വിശ്വാസികൾ ബാധ്യസ്ഥരാണ്. ഉന്നതമായ ധാർമികതയ്ക്കും ആത്മാർത്ഥമായ പ്രാർത്ഥനകൾക്കുമാണ് ഈ വേളയിൽ മുൻഗണന നൽകേണ്ടത്. ആരാധനകളുടെ യഥാർത്ഥ ചൈതന്യം കൈവരുന്നത് ഹൃദയഭക്തിയിലൂടെയാണെന്ന് ഓർമ്മിപ്പിച്ച ഇമാം, ഈ മഹത്തായ സ്തംഭം മുസ്‌ലിംകൾക്കിടയിലുള്ള ശക്തമായ ഐക്യദാർഢ്യത്തി​െൻറയും പരസ്പര പരിചയത്തി​െൻറയും സൗഹാർദ്ദത്തി​െൻറയും സഹകരണത്തി​െൻറയും പ്രകടനമാണെന്നും ചൂണ്ടിക്കാട്ടി.

പരലോക രക്ഷയ്ക്ക് തൗഹീദ് (ഏകദൈവവിശ്വാസം) അനിവാര്യമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, അല്ലാഹുവിനെ ഭയപ്പെടാനും സൽക്കർമ്മങ്ങളിലൂടെ പരലോക ജീവിതത്തിനായി ഒരുങ്ങാനും തീർത്ഥാടകരെ ആഹ്വാനം ചെയ്തു. ഇതിനായി ഭയഭക്തിനിർഭരമായ ഖുർആൻ സൂക്തങ്ങളും അദ്ദേഹം ഉദ്ധരിച്ചു. സത്യവിശ്വാസികളുടെ അടയാളം എന്നത് തൗഹീദും, പ്രവാചക സാക്ഷ്യപ്പെടുത്തലും, നമസ്കാരം, സക്കാത്ത്, റമദാൻ നോമ്പ്, ഹജ്ജ് എന്നിവ നിലനിർത്തലുമാണ്.

അല്ലാഹു ത​െൻറ ദാസന്മാരെ ഓർത്ത് അഭിമാനിക്കുന്ന ഈ പുണ്യദിനത്തിൽ പ്രാർത്ഥനകളിൽ മുഴുകാൻ തീർത്ഥാടകർ പരമാവധി സമയം കണ്ടെത്തണം. പ്രാർത്ഥനകളിൽ വെച്ച് ഏറ്റവും ഉത്തമമായത് അറഫാ ദിനത്തിലെ പ്രാർത്ഥനയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, പ്രവാചകൻ പഠിപ്പിച്ച ‘ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്ക ലഹ്...’ എന്ന ദിക്ർ ആവർത്തിച്ചുരുവിട്ടു.

തീർത്ഥാടകർ തിടുക്കവും തിരക്കും ഒഴിവാക്കി ശാന്തതയും സൗമ്യതയും പുലർത്തണമെന്നും, സുഗമമായ സഞ്ചാര സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുമായി ഏർപ്പെടുത്തിയിട്ടുള്ള ജനക്കൂട്ട നിയന്ത്രണ ചട്ടങ്ങളും നിർദ്ദേശങ്ങളും കർണ്ണശമായി പാലിക്കണമെന്നും ശൈഖ് അൽഹുദൈഫി അഭ്യർത്ഥിച്ചു. പൊതുനന്മ മുൻനിർത്തി തയ്യാറാക്കിയിട്ടുള്ള ഇത്തരം നിയമങ്ങൾ അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്.

പ്രവാചക മാതൃക പിന്തുടർന്ന് അറഫയിൽ വെച്ച് ളുഹ്‌ർ, അസ്വർ നമസ്കാരങ്ങൾ ഒന്നിച്ച് ചുരുക്കി (ഖസ്വ്‌റും ജംഉമായി) നിർവഹിച്ച തീർത്ഥാടകർ, തുടർന്ന് അല്ലാഹു കൽപ്പിച്ചതുപോലെ മുസ്ദലിഫയിലേക്ക് നീങ്ങും. തുടർന്ന് മിനായിൽ ചെലവഴിക്കുന്ന ദിനങ്ങളിൽ ദൈവസ്മരണ (ദിക്ർ) വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ട അദ്ദേഹം, മക്ക വിടുന്നതിന് മുൻപുള്ള വിദായത്വവാഫ് (യാത്രയയപ്പ് പ്രദിക്ഷണം) ഹജ്ജ് കർമ്മങ്ങളുടെ സമാപനമാണെന്നും ഓർമ്മിപ്പിച്ചു. മുസ്‌ലിം ലോകത്തെ സത്യത്തിൽ ഒരുമിപ്പിക്കാനും അവരുടെ ദീനീ-ദുൻയാവി കാര്യങ്ങൾ നന്നാക്കിത്തീർക്കാനും പ്രാർത്ഥിച്ചുകൊണ്ടാണ് അദ്ദേഹം ഖുതുബ അവസാനിപ്പിച്ചത്.

ബന്ധപ്പെട്ട ഔദ്യോഗിക വകുപ്പുകളുടെ ശക്തമായ ഫീൽഡ് നിരീക്ഷണവും മികച്ച ക്രമീകരണങ്ങളും കാരണം അറഫയിലെ ജനത്തിരക്ക് വളരെ സുഗമമായി നിയന്ത്രിക്കാൻ സാധിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക പ്ലാനുകൾ, വഴികാട്ടൽ സേവനങ്ങൾ, തണുപ്പ് സംവിധാനങ്ങൾ, കുടിവെള്ള വിതരണം, ആരോഗ്യ-അടിയന്തര ശുശ്രൂഷകൾ എന്നിവയെല്ലാം തീർത്ഥാടകരുടെ സൗകര്യത്തിനായി ഒരുക്കിയിരുന്നു.

അറഫാ മൈതാനത്തി​െൻറ വടക്കുഭാഗത്ത്, മസ്ജിദുൽ ഹറാമിൽ നിന്ന് ഏകദേശം 22 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മസ്ജിദുന്നമിറ പ്രദേശത്തുള്ള ‘നമിറ’ പർവതത്തി​െൻറ പേരിൽ നിന്നാണ് അറിയപ്പെടുന്നത്. വിശുദ്ധ സ്ഥലങ്ങളിലെ രണ്ടാമത്തെ വലിയ പള്ളിയായ ഇതി​െൻറ വിസ്തൃതി, സൗദി ഭരണാധികാരി അബ്​ദുൽ അസീസ് രാജാവിെൻറ കാലം മുതൽ നടന്ന തുടർച്ചയായ വികസനങ്ങളിലൂടെ 1,10,000 ചതുരശ്ര മീറ്ററായി ഉയർത്തിയിട്ടുണ്ട്.

തനത് ഇസ്‌ലാമിക വാസ്തുശൈലിയിലുള്ള ഈ പള്ളിക്ക് 340 മീറ്റർ നീളവും 240 മീറ്റർ വീതിയുമുണ്ട്. 60 മീറ്റർ ഉയരമുള്ള ആറ്​ മിനാരങ്ങളും, മൂന്ന്​ താഴികക്കുടങ്ങളും, 10 പ്രധാന കവാടങ്ങളും 64 ഗേറ്റുകളും ഇതിലുണ്ട്. അറഫാ പ്രഭാഷണവും നമസ്കാരവും തത്സമയം ലോകമെമ്പാടും എത്തിക്കുന്നതിനുള്ള അത്യാധുനിക സൗണ്ട് സിസ്​റ്റവും ലൈവ് ബ്രോഡ്കാസ്​റ്റിങ്​ സംവിധാനങ്ങളും, വിപുലമായ എയർകണ്ടീഷണർ-വെൻറിലേഷൻ സംവിധാനങ്ങൾ, തണൽ വിരിച്ച മുറ്റങ്ങൾ, ഡിജിറ്റൽ സ്ക്രീനുകൾ, അത്യാധുനിക സുരക്ഷാ-നിരീക്ഷണ സംവിധാനങ്ങൾ എന്നിവയെല്ലാം ലക്ഷക്കണക്കിന് തീർത്ഥാടകരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ പള്ളിയിൽ സജ്ജീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajj pilgrimSaudi ArabiaArafat
News Summary - Hundreds of thousands of believers gathered in Arafat
Next Story