അറബിക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ആഗോളതലത്തിലേക്കുയർത്തി "ഹുമെയ്ൻ'
text_fieldsജുബൈൽ: പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ പിന്തുണയോടെ ആരംഭിച്ച 'ഹുമെയ്ൻ', അറബ് ലോകത്തെ എ.ഐ സ്വപ്നങ്ങൾക്ക് പുതിയ മാനങ്ങൾ നൽകുകയാണ്. ആഗോളതലത്തിൽ കൃത്രിമബുദ്ധിയുടെ ശക്തികേന്ദ്രമായി മാറാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് 'ഹുമെയ്ൻ' കമ്പനിയാണ്. ഡേറ്റ സെന്ററുകൾ, ക്ലൗഡ്, ഡേറ്റ ഗവേണൻസ്, നൂതന എ.ഐ മോഡലുകൾ ഉൾപ്പെടെ സമഗ്രമായ സാങ്കേതിക വിദ്യയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചിരിക്കുന്നത് സൗദി അറേബ്യയിൽ തന്നെയാണ് എന്നത് എടുത്തുപറയേണ്ട ഒന്നാണ്. നൂതന വോയ്സ്-എനേബിൾഡ് സംവിധാനങ്ങളും 'ഹുമെയ്ൻ' വികസിപ്പിച്ചിട്ടുണ്ട്.
എ.ഐ സാങ്കേതിക വിദ്യക്ക് മുൻഗണന നൽകി, സൗദി അറേബ്യയുടെ സ്വപ്ന പദ്ധതിയായ വിഷൻ 2030 ന് അനുസൃതമായി വിദേശ സാങ്കേതിക വിദ്യകൾക്ക് പകരം പ്രാദേശിക സംസ്കാരത്തെയും അറബി ഭാഷയെയും പിന്തുണക്കുന്നതാണ് രാജ്യത്തിന്റെ ഈ രംഗത്തുള്ള നവീനമായ പുരോഗതി. 'അല്ലം 34B' മോഡൽ വികസനം വലിയ വെല്ലുവിളിയായാണ് 'ഹുമെയ്ൻ' ഏറ്റെടുത്തത്. 500 ബില്യണിലധികം അറബിക് ടോക്കനുകളിലാണ് 'അല്ലം 34B' പരിശീലനം നേടിയത്. ഇതോടെ പ്രാദേശിക ഭാഷാഭേദങ്ങൾ, ചരിത്രം എന്നിവയിലുള്ള അറിവും മോഡലിന് ലഭ്യമാകും. ലോകത്തിലെ ഏറ്റവും നൂതനമായ അറബിക് ആദ്യ എ.ഐ സംവിധാനമായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ധനകാര്യം, സർക്കാർ സേവനങ്ങൾ, വിദ്യാഭ്യാസം തുടങ്ങിയവയുമായി ബന്ധിപ്പിക്കുന്നതോടൊപ്പം ദൈനംദിന ജീവിതത്തിലും എ.ഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താൻ ഇതിലൂടെ സാധ്യമാകും. ഈ പദ്ധതിയുടെ കേന്ദ്രബിന്ദുവായ 'ഹുമെയ്ൻ' ചാറ്റ് ആപ്ലിക്കേഷൻ 'അല്ലം 34B' മോഡൽ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. ഐ.ഒ.എസ്, ആൻഡ്രോയിഡ്, വെബ് എന്നിവയിൽ സൗജന്യമായി ലഭ്യമാണിത്. ലോകമെമ്പാടുമുള്ള 400 മില്യണിലധികം അറബി സംസാരിക്കുന്ന ആളുകൾക്ക് ഇതിന്റെ സേവനം ഉപയോഗിക്കാനാകും.
രാജ്യത്തെ പുതിയ എ.ഐ മേഖലയിൽ ആമസോൺ വെബ് സർവിസസ് അഞ്ച് ബില്യൺ ഡോളർ നിക്ഷേപിക്കുന്നുണ്ട്. ലക്ഷക്കണക്കിന് ഗ്രാഫിക്സ് പ്രോസസ്സിംങ് യൂനിറ്റുകളുള്ള എ.ഐ ഫാക്ടറികൾ നിർമിക്കുന്നതിനായി എൻവിഡിയ ഹുമെയ്നുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. ക്വാൽകോം, എ.എം.ഡി, സിസ്കോ, ഗ്രോക്ക് എന്നിവയും ഈ ഗണത്തിൽപെടുന്നു. ഹുമെയ്നിന് സോഫ്റ്റ്വെയറുകളും ഹാർഡ്വെയറുകളും ആവശ്യാനുസരണം വികസിപ്പിക്കാൻ ഇത് പ്രാപ്തമാക്കും.
ഉയർന്ന നിലവാരമുള്ള അറബി ഡേറ്റയുടെ ദൗർലഭ്യം ഒരു പ്രധാന തടസ്സമായിരുന്നുവെങ്കിലും 'ഹുമെയ്ൻ' ടീമിന്റെ നൂതന സമീപനങ്ങളിലൂടെ ഇത് സാധ്യമാക്കി. 600ൽ പരം എ.ഐ വിദഗ്ധരുടെയും 250 മോഡൽ പരിശോധകരുടെയും സഹായത്തോടെയാണ് മാതൃക പൂർണ സജ്ജമാക്കിയത്. സൗദിയുടെ പേഴ്സനൽ ഡേറ്റ പ്രൊട്ടക്ഷൻ നിയമം അനുസരിച്ച് മികച്ച ഡേറ്റ ഗവേർണൻസിലൂടെ ഡേറ്റയുടെ സംരക്ഷണത്തിനും സ്വകാര്യതക്കും ഏറെ പ്രാധാന്യം നൽകുന്നു. സമഗ്ര മേഖലയിലുള്ള ദ്രുതഗതിയിലുള്ള വളർച്ചയിലൂടെ ഹുമെയ്ൻ ലോകത്തെ വൻകിട കമ്പനികളുമായാണ് മത്സരിക്കാൻ തയാറെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

