അന്തർസംസ്ഥാന ബസ് യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന
text_fieldsറിയാദ്: സൗദിയിലെ വിവിധ നഗരങ്ങൾക്കും ഗവർണറേറ്റുകൾക്കുമിടയിലുള്ള ബസ് യാത്രക്കാരുടെ എണ്ണം വർധിക്കുന്നതായി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ദ്വൈമാസ സ്ഥിതിവിവരക്കണക്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2025 മൂന്നാം പാദത്തിൽ രാജ്യത്തുടനീളമായി ഏകദേശം 45,000 ട്രിപ്പുകൾ ബസ് സർവീസുകൾ നടത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.
ഇത് സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ ഗതാഗത മാർഗ്ഗത്തിനുള്ള വർധിച്ചുവരുന്ന ആവശ്യകതയെയാണ് പ്രതിഫലിപ്പിക്കുന്നത്. ഈ കാലയളവിൽ ബസ് യാത്രക്കാരുടെ ആകെ എണ്ണം 9,05,000 കവിഞ്ഞു. ഇതിൽ 2,24,000 യാത്രക്കാരുമായി ജിദ്ദ ഉൾപ്പെടുന്ന മക്ക മേഖലയാണ് പട്ടികയിൽ ഒന്നാമത്. തലസ്ഥാന നഗരിയായ റിയാദ് 2,05,000 യാത്രക്കാരെയും കിഴക്കൻ പ്രവിശ്യ 1,28,000 യാത്രക്കാരെയും രേഖപ്പെടുത്തി രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും എത്തി. അസീർ 66,000, മദീന 60,000, തബൂക്ക് 47,000, ജിസാൻ 34,000, അൽഖസീം 22,000 എന്നിങ്ങനെയാണ് മറ്റ് പ്രധാന നഗരങ്ങളിലെ യാത്രക്കാരുടെ എണ്ണം.
ബസ് ഗതാഗത മേഖലയിലെ ഈ വളർച്ച സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും പൗരന്മാർക്കും താമസക്കാർക്കും കൂടുതൽ യാത്രാ ഓപ്ഷനുകൾ നൽകുന്നതിലും ഈ മേഖല വഹിക്കുന്ന സുപ്രധാന പങ്കിനെയാണ് എടുത്തു കാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

