ഹൂതികളുടെ രക്തദാഹം:റിയാദിൽ കൊല്ലപ്പെട്ടത് വിദേശ തൊഴിലാളി
text_fieldsറിയാദ്: ഞായറാഴ്ച രാത്രി സൗദി തലസ്ഥാന നഗരത്തെ ലക്ഷ്യമാക്കി വന്ന ഹൂതികളുടെ മിസൈൽ അപഹരിച്ചത് സാധാരണക്കാരനായ ഒരു വിദേശ തൊഴിലാളിയുടെ ജീവൻ. വടക്കൻ ഇൗജിപ്തിൽ നിന്നുള്ള അബ്ദുൽ മുത്തലിബ് ഹുസൈൻ അലി എന്ന 39 കാരനാണ് യമൻ വിമതരുടെ രക്തദാഹത്തിന് ഇരയായത്. ഇറാൻ പിന്തുണയിൽ ഹൂതികൾ നടത്തുന്ന ആക്രമണത്തിലെ റിയാദിലെ ആദ്യ രക്തസാക്ഷിയാണ് ഇയാൾ. ഞായറാഴ്ച രാത്രി 11ഒാടെ റിയാദ്, ജീസാൻ, നജ്റാൻ നഗരങ്ങളെ ലക്ഷ്യമാക്കി തൊടുത്ത ഏഴ് ബാലിസ്റ്റിക് മിസൈലുകളെയും സൗദി വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തുകളഞ്ഞിരുന്നു.
തകർന്നുവീണ മിസൈൽ ഭാഗങ്ങൾ പതിച്ചുണ്ടായ അപകടത്തിലാണ് അബ്ദുൽ മുത്തലിബിെൻറ മരണം. ഒപ്പമുണ്ടായിരുന്ന സഹോദരൻ മുഹമ്മദിനും മറ്റൊരു ഇൗജിപ്തുകാരനും പരിക്കേൽക്കുകയും ചെയ്തു. റിയാദ് നഗരത്തിലെ വടക്കുകിഴക്ക് ഭാഗത്ത് ഒരു കെട്ടിടത്തിെൻറ മുകളറ്റത്തെ നിലയിലാണ് ഇവർ താമസിച്ചിരുന്നത്. ആക്രമണമുണ്ടായപ്പോൾ മൂന്നുപേരും മുറിക്കുള്ളിലിരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു. മിസൈലിെൻറ തകർന്ന ഭാഗങ്ങൾ വീണ് കെട്ടിടത്തിെൻറ ഒരു ഭാഗം തകരുകയും കനത്ത പുകയും പൊടിപടലങ്ങളും മുറിയിൽ നിറയുകയും ചെയ്തു.
മിസൈൽ ഭാഗം പതിച്ച് കെട്ടിടത്തിെൻറ സീലിങ്ങിൽ വലിയ തുളയുണ്ടായി. ഇതിലൂടെ കൂടുതൽ ഭാഗങ്ങൾ അകത്തേക്ക് പതിക്കുകയായിരുന്നു. ഇൗ ഭാഗത്താണ് അബ്ദുൽ മുത്തലിബ് ഇരുന്നത്. തത്സമയം മരണം സംഭവിച്ചു. മറ്റ് രണ്ടുപേർക്കും സാരമായി പരിക്കേറ്റു. ദ്രുതകർമ സേന ഉടൻ രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അബ്ദുൽ മുത്തലിബിെൻറ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്കും മാറ്റി. മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചതായി ഇൗജിപ്ഷ്യൻ എംബസി അറിയിച്ചു. മരിച്ചയാളുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ ഇൗജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയം അനുശോചനം അറിയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
ഒരു കരാർ കമ്പനിയിലെ തൊഴിലാളികളാണ് ഇവർ. മരിച്ച അബ്ദുൽ മുത്തലിബ് ഒന്നര വർഷം മുമ്പാണ് റിയാദിലെത്തിയത്. ഒരു മകനും മകളുമുണ്ട്. ‘ഇൗജിപ്ഷ്യൻ രക്തസാക്ഷി അബ്ദുൽ മുത്തലിബ്’ എന്ന പേരിൽ ഹൂതി അക്രമത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ശക്തമായ ഹാഷ് ടാഗ് പ്രചാരണം ആരംഭിച്ചിട്ടുണ്ട്. സാധാരണക്കാരായ ജനങ്ങളുടെ ജീവനുപോലും പുല്ലുവില കൽപിച്ച് ഇറാൻ പിന്തുണയോടെ അക്രമണം നടത്തുന്ന ഹൂതികൾ അയച്ച മിസൈലുകളിൽ മൂന്നെണ്ണമാണ് റിയാദിന് നേരെ വന്നത്. ഇതുവരെയുണ്ടായ ആക്രമണത്തിൽ ഏറ്റവും വലുതാണ് ഇത്തവണത്തേതെന്നും എന്നാൽ സൗദിയുടെ ശക്തവും ഫലപ്രദവുമായ പ്രതിരോധമാണ് അക്രമണ ലക്ഷ്യത്തെ തകർക്കാനും പ്രഹരശേഷി കുറയ്ക്കാനും സഹായിച്ചതെന്നും വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
