ഹുവായ് കമ്പനിയുടെ പശ്ചിമേഷ്യൻ ആസ്ഥാനം റിയാദ് ആയേക്കും
text_fieldsജിദ്ദ: പ്രശസ്ത ചൈനീസ് കമ്പനിയായ ഹുവായ് തങ്ങളുടെ പശ്ചിമേഷ്യൻ ആസ്ഥാനമായി സൗദി തലസ്ഥാനമായ റിയാദിനെ തിരഞ്ഞെടുക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. നിലവിൽ ബഹ്‌റൈനിലും ദുബൈയിലുമായി രണ്ട് ആസ്ഥാനങ്ങളുള്ളപ്പോൾ, പശ്ചിമേഷ്യൻ ആസ്ഥാനമായി റിയാദിനെ തിരഞ്ഞെടുക്കാനാണ് ഹുവായ് ടെക്‌നോളജീസ് ഉദ്ദേശിക്കുന്നത്. കമ്പനി ഇതുസംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും സൗദിയിലെ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ റിയാദിലെ ബന്ധപ്പെട്ട അധികാരികളുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് കമ്പനി വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ഹുവായ് കമ്പനിക്ക് ഇതിനകംതന്നെ റിയാദിലും പശ്ചിമേഷ്യയിലും മറ്റ് നഗരങ്ങളിലും പ്രത്യേകം ഓഫിസുകളുണ്ടെന്ന് വൃത്തങ്ങൾ സൂചിപ്പിച്ചു. റിയാദ് നഗരത്തിനായുള്ള റോയൽ കമീഷൻ ഡയറക്ടർ ബോർഡിെൻറ മേൽനോട്ടത്തിൽ അന്താരാഷ്ട്ര കമ്പനികളുടെ പ്രാദേശിക ആസ്ഥാനങ്ങളെ ആകർഷിക്കുന്നതിനായുള്ള സൗദി പ്രോഗ്രാം സ്ഥാപിക്കുന്നതിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയിരുന്നു. 2024ഓടെ രാജ്യത്ത് പ്രാദേശിക ആസ്ഥാനങ്ങളില്ലാത്ത വിദേശ കമ്പനികളുമായി ഇടപാടുകൾ നടത്തുന്നതിൽനിന്ന് സർക്കാർ സ്ഥാപനങ്ങളെ തടയുമെന്ന് സൗദി അറേബ്യ നേരത്തേ പ്രഖ്യാപിച്ചിരുന്നു.