എണ്ണ സംഭരണകേന്ദ്രത്തിനു നേരെ ഹൂതി ആക്രമണം: വിവിധ രാജ്യങ്ങൾ അപലപിച്ചു
text_fieldsജിദ്ദ: കിഴക്കൻ മേഖലയിലെ റാസ് തനൂറ തുറമുഖത്തെ എണ്ണസംഭരണ ടാങ്കുകളുടെ യാർഡുകളിലൊന്നിനു നേരെയും ദഹ്റാനിലെ ആരാംകോക്ക് കീഴിലെ സ്ഥാപനങ്ങൾക്കു നേരയെും ഹൂതികൾ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണത്തെ വിവിധ രാജ്യങ്ങളും സംഘടനകളും അപലപിച്ചു. ഞായറാഴ്ച രാവിലെയാണ് റാസ് തനൂറ തുറമുഖത്തെ എണ്ണസംഭരണ ടാങ്കുകളിലൊന്നിനു നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണമുണ്ടായത്.
ഹൂതി ആക്രമണത്തെ ഇൗജിപ്ത്, ഖത്തർ, യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, ഫലസ്തീൻ, ജിബൂത്തി തുടങ്ങിയ രാജ്യങ്ങളും ഗൾഫ് സഹകരണ കൗൺസിൽ, അറബ് പാർലമെൻറ്, മുസ്ലിം വേൾഡ് ലീഗ്, ഒ.െഎ.സി എന്നിവയും അപലപിച്ചു. സൗദിക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ഖത്തർ
എണ്ണ സംഭരണ ടാങ്കുകളുടെ യാർഡുകൾക്കും ദഹ്റാനിലെ ആരാംകോ സ്ഥാപനത്തിനും നേരെയുള്ള ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ഖത്തർ വ്യക്തമാക്കി.
സുപ്രധാന സ്ഥാപനങ്ങളും സജ്ജീകരണങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണം എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും നിയമങ്ങളും ലംഘിക്കുന്ന അട്ടിമറിയാണ്. ഇത് ലോകത്തിെൻറ ഉൗർജ വിതരണത്തിെൻറ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കും. എല്ലാ ആക്രമണങ്ങളും ക്രിമിനൽ, അട്ടിമറി നടപടികളും നിരസിക്കുന്നതായി ഖത്തർ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
യു.എ.ഇ
ഹൂതികൾ നടത്തിയ ഭീരുത്വ ആക്രമണം ഉൗർജ വിതരണത്തെയും സുരക്ഷയെയും ലക്ഷ്യമിട്ടാണെന്ന് യു.എ.ഇ പറഞ്ഞു. അന്താരാഷ്ട്ര സമൂഹത്തോടുള്ള ഹൂതികളുടെ വെല്ലുവിളിയെയും എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും മാനദണ്ഡങ്ങളെയും അവഗണിക്കുന്നതിനെയും പ്രതിഫലിപ്പിക്കുന്നു. സുപ്രധാനമായ സ്ഥാപനങ്ങളും സൗദി അറേബ്യയുടെ സുരക്ഷയും സുസ്ഥിരതയും ലക്ഷ്യമിട്ടുള്ള ആവർത്തിച്ചുള്ള ആക്രമണങ്ങൾ തടയാൻ അടിയന്തരവും നിർണായകവുമായ നടപടി സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിക്കുന്നു.
മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും ദുർബലപ്പെടുത്താനുള്ള ശ്രമമാണിത്. സൗദി അറേബ്യ നേരിടുന്ന ഏത് ഭീഷണിയും അപകടവും യു.എ.ഇയുടെയും സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയായായാണ് കണക്കാക്കുന്നതെന്നും വിദേശ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ബഹ്റൈൻ
ഹൂതി ആക്രമണത്തെ ബഹ്റൈൻ വിദേശകാര്യ മന്ത്രാലയവും ശക്തമായി അപലപിച്ചു. ആക്രമണവും തീവ്രവാദവും ഭീരുത്വവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ്. ഉൗർജ വിതരണത്തിനും കടൽയാത്രകൾക്കും ആഗോള സമ്പദ്വ്യവസ്ഥയ്ക്കും ഗുരുതരമായ ഭീഷണിയാണ്. പ്രാദേശിക, അന്തർദേശീയ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്ന ഇത്തരം ഭീകരാക്രമണങ്ങളെ അപലപിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ബഹ്റൈൻ ആഹ്വാനം ചെയ്തു. വിനാശകരമായ പ്രവൃത്തികളെ നേരിടാൻ സൗദി സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ പിന്തുണയുണ്ടാകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
കുവൈത്ത്
അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളെ വെല്ലുവിളിക്കുന്നതാണ് ഹൂതികളുടെ ആക്രമണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പത്രക്കുറിപ്പിൽ വ്യക്തമാക്കി. യുദ്ധം തുടരാൻ നിർബന്ധിക്കുന്നു. രാഷ്ട്രീയ പരിഹാരത്തിൽ എത്തിച്ചേരുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ അവഗണിക്കലാണിത്. ഗുരുതരമായ കുറ്റകൃത്യങ്ങൾ തടയുന്നതിനും അവ അവസാനിപ്പിക്കുന്നതിനും അടിയന്തരവും നിർണായകവുമായ നടപടികളുണ്ടാകണം. സൗദി അറേബ്യയുടെ സുരക്ഷയും സ്ഥിരതയും പരമാധികാരവും സംരക്ഷിക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികളെയും പിന്തുണക്കുന്നുവെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഇൗജിപ്ത്
സൗദിയിലെ എണ്ണസംഭരണികളെയും ആരാംകോ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട ഹൂതി ആക്രമണത്തെ അപലപിക്കുന്നുവെന്ന് ഇൗജിപ്ത് പറഞ്ഞു. ഭീരുത്വം, അട്ടിമറി, ആക്രമണങ്ങൾ എന്നിവ തടയാൻ സൗദി അറേബ്യ സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ പിന്തുണയുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഗൾഫ് സഹകരണ
കൗൺസിൽ
രണ്ട് ആക്രമണങ്ങളും രാജ്യത്തിെൻറ സുരക്ഷയെയും സാമ്പത്തികശേഷിയെയും മാത്രമല്ല, ആഗോള സമ്പദ്വ്യവസ്ഥയുടെയും എണ്ണ വിതരണത്തിെൻറയും ഉൗർജ സുരക്ഷയെയുമാണ് ലക്ഷ്യമിടുന്നതെന്ന് ജി.സി.സി ജനറൽ സെക്രട്ടറി ഡോ. നാഇഫ് അൽഹജ്റഫ് പറഞ്ഞു. ജി.സി.സി രാജ്യങ്ങൾ സൗദിക്കൊപ്പമാണെന്ന നിലപാട് ജി.സി.സി സെക്രട്ടറി ജനറൽ പുതുക്കി. ജി.സി.സി രാജ്യങ്ങളുടെ സുരക്ഷ അവിഭാജ്യമാണ്. ആഗോള ഉൗർജ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തിെൻറ ഉൗർജ മേഖലയുടെ സംരക്ഷണത്തിനും സൗദി അറേബ്യ എടുക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയുണ്ടാകുമെന്നും ജി.സി.സി ജനറൽ സെക്രട്ടറി പറഞ്ഞു.
അറബ് പാർലമെൻറ്
അറബ് പാർലമെൻറ് പ്രസിഡൻറ് ആദിൽ ബിൻ അബ്ദുറഹ്മാൻ അൽഅസൂമിയും ആക്രമണത്തെ അപലപിച്ചു. നിന്ദ്യമായ ഈ ആക്രമണങ്ങൾ എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണ്. ഇത്തരം ആക്രമണങ്ങൾക്കെതിരെ സൗദിക്കൊപ്പം നിലകൊള്ളുമെന്നും അൽഅസൂമി പ്രസ്താവനയിൽ പറഞ്ഞു.
മുസ്ലിം വേൾഡ് ലീഗ്
രാജ്യത്തെയും ആഗോള ഉൗർജ വിതരണത്തെയും സുരക്ഷയെയും ലക്ഷ്യമിടുന്ന ഈ ഭീകരാക്രമണങ്ങളെ അപലപിക്കുന്നുവെന്ന് മുസ്ലിം വേൾഡ് ലീഗ് ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഇൗസ പറഞ്ഞു. ഭീകരത അതിെൻറ തുടർച്ചയായ തോൽവി നേരിടുന്ന സാഹചര്യത്തിൽ പ്രയോഗിക്കുന്ന നിരാശ പ്രതിഫലിപ്പിക്കുന്നതാണ് ആക്രമണമെന്നും റാബിത്വ ജനറൽ സെക്രട്ടറി പറഞ്ഞു.
ഒ.െഎ.സി
ഹൂതികളുടെ ആക്രമണം ഭീരുത്വം നിറഞ്ഞതാണെന്ന് ഒ.െഎ.സി സെക്രട്ടറി ജനറൽ ഡോ. യൂസുഫ് ബിൻ അഹ്മദ് അൽഉതൈമീൻ പറഞ്ഞു. എണ്ണസംഭരണിക്കു നേരെയുള്ള ആക്രമണം സൗദിയെ മാത്രം ലക്ഷ്യമിട്ടല്ല. ആഗോള ഉൗർജ വിതരണ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്നതാണ്.
കൂടാതെ ആയിരക്കണക്കിന് സൗദി ആരാംകോ ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവന് ഭീഷണിയുമാണ്. വിനാശകരമായ ഇത്തരം ആക്രമണങ്ങൾക്കെതിരെ സൗദിക്കൊപ്പം നിലനിൽക്കണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് ഒ.െഎ.സി സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

