സൗദിക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് ഹൂതികൾ തിരിച്ചടി നേരിടേണ്ടി വരും -സൗദി മന്ത്രിസഭ
text_fieldsറിയാദ്: സൗദിയിലെ വിമാനത്താവളങ്ങൾ, ഇരുഹറമുകളിലെ തീർഥാടകർ, സിവിൽ, സാമ്പത്തിക കേന്ദ്രങ്ങൾ എന്നിവക്ക് നേരെ ഹൂതി മിലിഷ്യകൾ നടത്തുന്ന തുടർച്ചയായ കുറ്റകൃത്യങ്ങൾക്കും ആക്രമണങ്ങൾക്കും തിരിച്ചടി നേരിടേണ്ടി വരുമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭാ യോഗം വ്യക്തമാക്കി.
ഈ കുറ്റകൃത്യങ്ങൾക്ക് ഇരയായവരുടെ കുടുംബങ്ങളെ മന്ത്രിസഭ ദുഃഖവും അനുശോചനവും അറിയിക്കുകയും പരിക്കേറ്റവർക്ക് വേഗത്തിലുള്ള സൗഖ്യം ആശംസിക്കുകയും ചെയ്തു. രാജ്യത്തെ സംരക്ഷിക്കുന്നതിലും അതിന്റെ നേട്ടങ്ങളും വിഭവങ്ങളും കാത്തുസൂക്ഷിക്കുന്നതിലും സൗദിയുടെ പരമാധികാരത്തിനും ജനങ്ങളുടെയും രാജ്യത്ത് താ മസിക്കുന്നവരുടെയും സുരക്ഷക്കും എതിരെയുള്ള ഏതൊരു ആക്രമണത്തെയും ഭീഷണിയെയും തികഞ്ഞ പ്രാപ്തിയോടും മിടുക്കോടും കൂടെ ചെറുത്തുതോൽപ്പിക്കുന്നതിൽ സൗദി സായുധ സേന വഹിക്കുന്ന ശക്തമായ പങ്കിനെ മന്ത്രിസഭ പ്രശംസിച്ചു.
ഹൂതി മിലിഷ്യകളുടെ ഭീഷണി അകറ്റുന്നതിനായി യമനിലെ നിയമപരമായ ഭരണകൂടത്തെ പിന്തുണക്കുന്ന സഖ്യസേന നടത്തുന്ന സൈനിക നടപടികളെയും മന്ത്രിസഭ പ്രശംസിച്ചു. സ്വന്തം സുരക്ഷയെയോ ചെങ്കടലിലെയും ബാബുൽ മന്ദബ് കടലിടുക്കിലെയും സമുദ്ര സഞ്ചാര സ്വാതന്ത്ര്യത്തെയോ ഭീഷണിപ്പെടുത്താൻ അനുവദിക്കില്ലെന്ന് സൗദി ആവർത്തിച്ചു വ്യക്തമാക്കി. അക്രമണകാരികളുടെ കുറ്റകൃത്യങ്ങളെ അപലപിച്ചുകൊണ്ട് വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും സ്വീകരിച്ച നിലപാടുകളെ മന്ത്രിസഭ അഭിനന്ദിക്കുകയും ചെയ്തു.
ഈസ്റ്റ്, വെസ്റ്റ് പൈപ്പ്ലൈനിലൂടെയുള്ള എണ്ണ വിതരണം പുനഃസ്ഥാപിക്കുന്നതിൽ കൈവരിച്ച വിജയത്തെയും മന്ത്രിസഭ പ്രശംസിച്ചു. രാജ്യം നേരിടുന്ന അടിയന്തര സാഹചര്യങ്ങളെ നേരിടാനും സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കാനുമുള്ള കഴിവ്, സൗദിയിലെ ഊർജ മേഖലയുടെ പ്രവർത്തന വഴക്കം എന്നിവയെയാണ് ഈ ദ്രുതഗതിയിലുള്ള തിരിച്ചുവരവ് കാണിക്കുന്നത്. ഇത് അന്താരാഷ്ട്ര വിപണികളിലേക്കുള്ള എണ്ണ വിതരണത്തിന്റെ വിശ്വസനീയതയും തുടർച്ചയും വർധിപ്പിക്കുകയും ആഗോള സമ്പദ്വ്യവസ്ഥക്ക് കരുത്തേകുകയും ചെയ്യുന്നുവെന്നും മന്ത്രിസഭ സൂചിപ്പിച്ചു.
കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ തുടക്കം കുറിച്ച 2026ലെ വാർഷിക ദേശീയ രക്തദാന കാമ്പയിനോട് സമൂഹം കാണിച്ച വ്യാപകമായ പ്രതികരണത്തെ മന്ത്രിസഭ അഭിനന്ദിച്ചു. ഈ ആഴ്ച റിയാദിൽ നടക്കുന്ന 25-ാമത് വേൾഡ് പെട്രോളിയം കോൺഗ്രസിലും അനുബന്ധ അറബ്-അന്താരാഷ്ട്ര മന്ത്രിതല യോഗങ്ങളിലും പങ്കെടുക്കുന്നവരെ മന്ത്രിസഭ സ്വാഗതം ചെയ്തു. ഒ.ഐ.സി ഹ്യൂമാനിറ്റേറിയൻ ഫണ്ടുകളിൽ സൗദി അറേബ്യ ചേരുന്നതിനും, സൗദി വിദ്യാഭ്യാസ മന്ത്രാലയവും യുനെസ്കോയുടെ റീജിയണൽ സെന്റർ ഫോർ ക്വാളിറ്റി ആൻഡ് എക്സലൻസ് ഇൻ എജ്യുക്കേഷനും തമ്മിലുള്ള ശാസ്ത്ര-വിദ്യാഭ്യാസ സഹകരണ കരാറിനും, സൗദി റിസർച്ച്, ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ അതോറിറ്റിയും തുർക്കിയയിലെ സൈന്റിഫിക് ആൻഡ് ടെക്നോളജിക്കൽ റിസർച്ച് കൗൺസിലും തമ്മിൽ ഗവേഷണ-വികസന-നൂതനാശയ മേഖലയിലെ ധാരണാപത്രത്തിനും മന്ത്രിസഭ അംഗീകാരം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

