മദീനയിലെ വൈദ്യുതി വിതരണ സ്റ്റേഷനിലേക്ക് ഹൂത്തികൾ ഡ്രോൺ ആക്രമണം നടത്തിയതായി അറബ് സഖ്യസേന
text_fieldsഹൂത്തികൾ ഡ്രോൺ ആക്രമണം നടത്തിയ മദീനയിലെ 'തൈബ' പവർ സ്റ്റേഷൻ കേദ്രത്തിലെ ദൃശ്യങ്ങൾ
മദീന: മദീനയിലെ പ്രവാചക പള്ളിയിലേക്കും മറ്റും വൈദ്യുതി വിതരണം ചെയ്യുന്ന 'തൈബ' പവർ സ്റ്റേഷനുനേരെ ഹൂത്തികൾ ഡ്രോൺ ആക്രമണം നടത്തിയതായി അറബ് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി.
ചൊവ്വാഴ്ച പുലർച്ചെ 5.11ഓടെയാണ് മദീനയിലെ സിവിലിയൻ പവർ ഡിസ്ട്രിബ്യൂഷന്‍ സ്റ്റേഷനായി അറിയപ്പെടുന്ന 'തൈബ' കേന്ദ്രം ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടന്നത്. ആക്രമണത്തിൽ ഒരു ട്രാൻസ്‌ഫോർമറിന്റെ പ്രവർത്തനത്തിന് തടസ്സം നേരിട്ടെങ്കിലും മൊത്തത്തിലുള്ള വൈദ്യുതി വിതരണത്തെ ബാധിച്ചില്ലെന്നും വൈദ്യുതി വിതരണം ഇപ്പോഴും തുടരുന്നുണ്ടെന്നും വക്താവ് അറിയിച്ചു. ആളുകളുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങൾ ഭീരുത്വം നിറഞ്ഞ ഭീകര പ്രവർത്തനമാണെന്നും ലോകത്തെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്‌ലിംകളുടെ വികാരങ്ങളെ മനഃപൂർവം പ്രകോപിപ്പിക്കാനുള്ള തുടർച്ചയായ ആസൂത്രണ നടപടിയാണിതെന്നും വക്താവ് ചൂണ്ടിക്കാട്ടി.
ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണിന്റെ അവശിഷ്ടങ്ങൾ പരിശോധിച്ചതിലൂടെയും ആക്രമണ രീതിയുടെ അവലോകനത്തിലൂടെയും മനസ്സിലാകുന്നത് ഹൂത്തികൾ തന്നെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഭീകര പ്രവർത്തനം തന്നെയാണ് ഇതെന്നും സ്ഥിരീകരിച്ചതായി വക്താവ് വ്യക്തമാക്കി.
മക്കയെയും മദീനയെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിലൂടെ ലോകമെമ്പാടുമുള്ള മുസ്ലിംകളെ പ്രകോപിപ്പിക്കാനാണ് ഹൂത്തികൾ ശ്രമിക്കുന്നത്. ഇരുഹറം പള്ളികളെ ലക്ഷ്യമിട്ടുള്ള ഹൂത്തി മിലിഷ്യയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പ്രവാചകന്റെ പള്ളിയിലേക്ക് വൈദ്യുതി നൽകുന്ന ഈ കേന്ദ്രത്തിനുനേരെയുള്ള ആക്രമണത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ഹൂത്തികളെ തടയുന്നതിനും അവരുടെ പ്രകോപനങ്ങൾക്കെതിരെ പ്രതിരോധം തീർക്കാനും സഖ്യ സേന പ്രതിജ്ഞാബദ്ധമാണ്. വിശുദ്ധ പള്ളികളുടെ സംരക്ഷണവും മക്കയിലെയും മദീനയിലെയും തീർഥാടകരുടെ സുരക്ഷയും ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ സഖ്യസേന കൂടുതൽ കരുത്തോടെ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

