സൗദി നഗരങ്ങൾക്ക് നേരെ ഹൂതി ആക്രമണം; അപലപിച്ച് അറബ്-ഇസ്ലാമിക രാജ്യങ്ങൾ
text_fieldsറിയാദ്: തലസ്ഥാനം ഉൾപ്പടെ വിവിധ സൗദി അറേബ്യൻ നഗരങ്ങൾക്ക് നേരെ ഹൂതി സായുധ സംഘം നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണ ശ്രമത്തെയും, ബീഷ, ത്വാഇഫ്, ഫർസാൻ, യാംബു എന്നീ നഗരങ്ങളിലെ സിവിലിയന്മാരെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള നീക്കങ്ങളെയും കടുത്ത ഭാഷയിൽ അപലപിച്ച് വിവിധ അറബ്, ഇസ്ലാമിക രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും.
സൗദി അറേബ്യയുടെ സുരക്ഷ, പരമാധികാരം, ഭൗമശാസ്ത്രപരമായ സമഗ്രത എന്നിവ സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികൾക്കും പ്രമുഖ രാജ്യങ്ങളും സംഘടനകളും പൂർണ പിന്തുണ പ്രഖ്യാപിച്ചു.
ജി.സി.സിയുടെ മുന്നറിയിപ്പ്
സൗദിക്കെതിരെ തുടർച്ചയായി ഉണ്ടാകുന്ന ഹൂതി ആക്രമണങ്ങളെ ജി.സി.സി (ഗൾഫ് സഹകരണ കൗൺസിൽ) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബദൈവി ശക്തമായി അപലപിച്ചു. സിവിലിയന്മാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾക്കെതിരെ കർശനമായ അന്താരാഷ്ട്ര നടപടി അത്യാവശ്യമാണെന്ന് ജി.സി.സി ജനറൽ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി. സൗദിയുടെ സുരക്ഷയും പരമാധികാരവും ഉറപ്പുവരുത്തുന്നതിൽ ജി.സി.സി രാജ്യങ്ങളുടെ പൂർണ്ണ ഐക്യദാർഢ്യം അദ്ദേഹം ആവർത്തിച്ചു.
സൗദിക്ക് കുവൈത്ത് പിന്തുണ
റിയാദിന് നേരെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതിനെയും മറ്റ് സൗദി നഗരങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതിനെയും കുവൈത്ത് വിദേശകാര്യ മന്ത്രാലയം കടുത്ത ഭാഷയിൽ വിമർശിച്ചു. ഇത്തരം അക്രമങ്ങൾ സൗദിയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനവിക നിയമങ്ങളുടെയും ലംഘനവുമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ആക്രമണങ്ങളെ വിജയകരമായി ചെറുത്തുതോൽപ്പിച്ച സൗദി റോയൽ എയർ ഡിഫൻസ് ഫോഴ്സിെൻറ ജാഗ്രതയെയും കാര്യക്ഷമതയെയും കുവൈത്ത് പ്രശംസിച്ചു. സൗദിയുടെ സുരക്ഷ കുവൈത്തിെൻറയും മറ്റ് ജി.സി.സി രാജ്യങ്ങളുടെയും സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്ന് വ്യക്തമാക്കിയ വിദേശകാര്യ മന്ത്രാലയം, രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സംരക്ഷണം ഉറപ്പാക്കാൻ സൗദി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണ പ്രഖ്യാപിച്ചു.
ബഹ്റൈനും അപലപിച്ചു
ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയവും ഈ ആക്രമണ ശ്രമങ്ങളെ അപലപിക്കുകയും ഇവ അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിെൻറയും ലംഘനമാണെന്ന് വിലയിരുത്തുകയും ചെയ്തു. സൗദിയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും പൂർണ പിന്തുണ പ്രഖ്യാപിച്ച ബഹ്‌റൈൻ, ഇത്തരം നിയമലംഘനങ്ങൾ തടയാനും ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കാനും ഐക്യരാഷ്ട്രസഭ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു.
ജോർഡാൻ, ഈജിപ്ത്, ലെബനൻ
റിയാദിന് നേരെയുണ്ടായ മിസൈൽ ആക്രമണ ശ്രമം സൗദിയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്ന് ജോർഡാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. രാജ്യത്തിെൻറ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏത് സാഹചര്യത്തിലും സൗദിക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് ജോർഡാൻ വ്യക്തമാക്കി. ഈജിപ്ത് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ, ആക്രമണം സൗദിയുടെ സുരക്ഷയ്ക്കും മേഖലയിലെ സ്ഥിരതയ്ക്കും എതിരെയുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി. സൗദിയുടെ സുരക്ഷയ്ക്കോ പരമാധികാരത്തിനോ ഉണ്ടാകുന്ന ഏത് ഭീഷണിയെയും ശക്തമായി എതിർക്കുമെന്നും ഈജിപ്ത് അറിയിച്ചു.
ലെബനൻ വിദേശകാര്യ മന്ത്രാലയം നാഷനൽ ന്യൂസ് ഏജൻസി വഴി പുറത്തുവിട്ട പ്രസ്താവനയിൽ, റിയാദിനെ ലക്ഷ്യമിട്ട സംഭവം മേഖലയിൽ വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന് വ്യക്തമാക്കി. സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഒഴിവാക്കണമെന്നും മേഖല കൂടുതൽ സംഘർഷങ്ങളിലേക്ക് നീങ്ങുന്നത് തടയണമെന്നും ലെബനൻ ആവശ്യപ്പെട്ടു.
മുസ്ലിം വേൾഡ് ലീഗ്
ഹൂതി സംഘത്തിെൻറ തുടർച്ചയായ ആക്രമണ ശ്രമങ്ങളെ മുസ്ലിം വേൾഡ് ലീഗും ശക്തമായി അപലപിച്ചു. സൗദിയിലെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ സൗദി ഭരണകൂടം സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ പിന്തുണ നൽകുന്നതായി ജനറൽ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽകരീം അൽ ഈസ വ്യക്തമാക്കി.
സിവിലിയന്മാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ഉചിതമായ ഉത്തരവാദിത്തം നിർവഹിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആക്രമണങ്ങൾ തകർത്തെന്ന് അറബ് സഖ്യസേന
ശനിയാഴ്ച പുലർച്ചെ റിയാദ് നഗരത്തിന് നേരെ ഹൂതി സംഘം തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സൗദി റോയൽ എയർ ഡിഫൻസ് ഫോഴ്സ് വിജയകരമായി തടയുകയും നശിപ്പിക്കുകയും ചെയ്തതായി യമനിലെ നിയമസാധുതയുള്ള സർക്കാറിനെ പിന്തുണയ്ക്കുന്ന അറബ് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
ബീഷ, ത്വാഇഫ്, ഫർസാൻ, യാംബു എന്നിവിടങ്ങളിലെ സിവിലിയന്മാരെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ശ്രമങ്ങളെയും വ്യോമസേന പൂർണമായും പരാജയപ്പെടുത്തി. അന്താരാഷ്ട്ര മാനവിക നിയമങ്ങൾക്കും തത്വങ്ങൾക്കും വിധേയമായി, ഹൂതി സംഘത്തിെൻറ ഇത്തരം ആക്രമണ സ്വഭാവങ്ങളെ ചെറുക്കുന്നതിനും സിവിലിയന്മാരെ സംരക്ഷിക്കുന്നതിനും ആവശ്യമായ തിരിച്ചടി നൽകാൻ സഖ്യസേനയ്ക്ക് പൂർണ അവകാശമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

