Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൂതി ആക്രമണം; സൗദിയിലെ വിമാന സർവിസ് റദ്ദാക്കൽ തിരിച്ചടിയാകുന്നു, പ്രതിസന്ധിയിൽ വലഞ്ഞ് മലയാളികളും

text_fields
bookmark_border
ഇൻഡിഗോ എയർലൈൻസ് റിയാദ്, ജിദ്ദ, ദമ്മാം, മദീന സർവീസുകൾ ഒക്ടോബർ 31 വരെ റദ്ദാക്കി
ഹൂതി ആക്രമണം; സൗദിയിലെ വിമാന സർവിസ് റദ്ദാക്കൽ തിരിച്ചടിയാകുന്നു, പ്രതിസന്ധിയിൽ വലഞ്ഞ് മലയാളികളും
cancel

റിയാദ്: സൗദിഅറേബ്യയിൽ തുടരുന്ന ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സുരക്ഷ കണക്കിലെടുത്ത് വിവിധ വിമാന കമ്പനികൾ അവരുടെ സർവീസുകൾ റദ്ദാക്കിയതോടെ സൗദിയിലെ പ്രവാസികളും നാട്ടിൽ നിന്ന് തിരികെ യാത്രക്കൊരുങ്ങുന്നവരും യാത്രാ പ്രതിസന്ധിയിൽ. സുരക്ഷാസാഹചര്യം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ വിമാനക്കമ്പനികൾ പലതും സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് നീട്ടിയ അവസ്ഥയാണുള്ളത്. ഇൻഡിഗോ എയർലൈൻസ് റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്ടോബർ 31 വരെ റദ്ദാക്കിയിരിക്കുകയാണ്.

ആകാശ എയർ റിയാദിലേക്കുള്ള സർവീസ് നവംബർ 30 വരെയും ജിദ്ദയിലേക്കുള്ള സർവീസ് നവംബർ 10 വരെയും റദ്ദാക്കി. എയർ ഇന്ത്യയും സൗദിയിലേക്കുള്ള മുഴുവൻ സർവീസുകളും ഒക്ടോബർ 31 വരെ റദ്ദാക്കിയിട്ടുണ്ട്. മറ്റു ചില വിമാനകമ്പനികളും അവരുടെ സർവീസുകൾ റദ്ദാക്കുമെന്ന ആശങ്കയാണ് ഇപ്പോൾ മലയാളികളടക്കമുള്ള സൗദി പ്രവാസികൾക്കുള്ളത്. നിലവിലെ സൗദി സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സുരക്ഷാസാഹചര്യങ്ങൾ തത്സമയം നിരീക്ഷിച്ച് സർവീസുകൾ പുനരാരംഭിക്കാൻ നടപടി സ്വീകരിക്കുമെന്നും വിമാന കമ്പനി അധികൃതർ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യൻ വിമാന കമ്പനികളെ കൂടുതൽ ആശ്രയിക്കുന്ന പ്രവാസികളാണ് ഇപ്പോൾ ഏറെ പ്രതിസന്ധിയിൽ പെട്ടത്.

സൗദിയിലെ ജിദ്ദ, അൽ ഖസീം, ദമ്മാം, മദീന തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്ന് നിലവിൽ സൗദിയ, ഫ്ലൈനാസ്, എയർ അറേബ്യ, റിയാദ് എയർ, ഒമാൻ എയർ തുടങ്ങിയ വിദേശ വിമാന കമ്പനികൾ ഇന്ത്യയിലേക്കും സർവീസ് നടത്തുന്നുണ്ട് .ചില വിമാന ക്കമ്പനികൾ സർവീസുകളുടെ എണ്ണം കുറച്ചതിനാൽ ലഭ്യമായ വിമാന സർവീസുകളുടെ നിരക്കിൽ ഉണ്ടായ വമ്പിച്ച വർധനവ് സൗദി പ്രവാസികൾക്ക് കനത്ത തിരിച്ചടി ആയിരിക്കുകയാണ്.

യാത്രക്കാർക്കും ജീവനക്കാർക്കും സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നാണ് വിമാനക്കമ്പനികൾ അവരുടെ സർവീസുകൾ റദ്ദാക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. അധിക നിരക്ക് ഈടാക്കാതെ യാത്രാ തീയതി മാറ്റുന്നതിനും സർവീസ് റദ്ദാക്കിയതിനെ തുടർന്ന് യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക പൂർണമായും തിരികെ നൽകുന്നതിനും അവസരമുണ്ടെന്നും വിമാന കമ്പനി അധികൃതർ അറിയിക്കുന്നുണ്ട്. എന്നാൽ ഇന്ത്യൻ വിമാനകമ്പനികൾ സർവീസ് റദ്ദാക്കിയതോടെ മറ്റു വിമാനകമ്പനികൾ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യത്തിൽ ടിക്കറ്റ് നിരക്കും കുത്തനെ വർധിപ്പിച്ചതും പ്രവാസികൾക്ക് ഇരുട്ടടിയായി.

ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള ടിക്കറ്റ് നിരക്ക് അര ലക്ഷത്തിനടുത്ത് വരുമെന്നാണ് ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. ദമ്മാമിൽ നിന്ന് കേരളത്തിലേക്ക് സാധാരണ ദിവസങ്ങളിൽ 700 റിയാൽ വരെ ആയിരുന്നത് ഇപ്പോൾ 1,200 റിയാലിനടുത്തായി വരുന്നുണ്ട്. അത്യാവശ്യമായി നാട്ടിൽ പോകാനുള്ളവരും നാട്ടിൽ അവധി ചെലവഴിക്കാൻ ഒരുങ്ങുന്നവരും സാമ്പത്തികമായി ഏറെ പ്രയാസപ്പെടുന്ന അവസ്ഥയാണുള്ളത്. അവധി കഴിഞ്ഞ് ജോലിസ്ഥലങ്ങളിലേക്ക് മടങ്ങാനിരുന്ന മലയാളികളടക്കമുള്ള നൂറു കണക്കിന് ആളുകളും നാട്ടിൽ നിന്ന് യാത്ര തിരിക്കാനാകാതെ വലയുന്ന അവസ്ഥയാണുള്ളത്. വിസയുടെ കാലാവധി കഴിയുമ്പോഴേക്കും തിരികെ യാത്ര ചെയ്യാൻ കഴിയില്ലേ എന്ന ഭീതിയിലാണ് നാട്ടിലുള്ള പലരും. സൗദിയിൽ നിന്ന് വിമാനങ്ങൾ പലതും റദ്ദാക്കിയതോടെ ഉംറ തീർഥാടകരും നാട്ടിൽ സമയത്ത് എത്താൻ കഴിയാത്ത ആശങ്കയിലാണ്. ചില ഉംറ ഗ്രൂപ്പുകൾ അധികം പണം ചെലവഴിച്ചാണ് യു.ഇ.ഇ ,ബഹ്‌റൈൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ വഴിയും മറ്റും നാട്ടിലേക്ക് തിരിക്കേണ്ടി വന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Houthi Attacks: Flight Suspensions Hit Saudi Expatriates Hard, Malayalis Face Severe Crisis
Next Story