സൗദിക്കെതിരെ ഹൂതികളുടെ ആക്രമണം തുടരുന്നു
text_fieldsജിദ്ദ: ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ അതിർത്തി കടന്നുള്ള ആക്രമണങ്ങൾ ശക്തമാക്കുന്നതിനിടെ, സൗദിയെ ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ടതായി യെമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണക്കുന്ന സഖ്യസേന ശനിയാഴ്ച അറിയിച്ചു.
ശനിയാഴ്ച പുലർച്ചെ റിയാദിനെ ലക്ഷ്യമിട്ടുകൊണ്ട് ഭീകര സംഘടനയായ ഹൂതി മിലിഷ്യ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ വ്യോമസേന പ്രതിരോധ സംവിധാനം വഴി തടഞ്ഞുനിർത്തി തകർത്തതായി സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി.
ശനിയാഴ്ച അടിയന്തിര സാഹചര്യങ്ങൾക്കായുള്ള ദേശീയ മുന്നറിയിപ്പ് പ്ലാറ്റ്ഫോം വഴി റിയാദ്, നജ്റാൻ, വാദി അദ്ദവാസിർ, ജിദ്ദ, യാംബു , ത്വാഇഫ്, മക്ക ഗവർണറേറ്റുകളിൽ സൗദി സിവിൽ ഡിഫൻസ് അപകട മുന്നറിയിപ്പുകൾ നൽകിയെങ്കിലും പിന്നീട് അവ പിൻവലിച്ചു.
പൗരന്മാരും താമസക്കാരും സുരക്ഷ നിർദ്ദേശങ്ങൾ തുടർന്നും പാലിക്കണമെന്നും അപകട സ്ഥലങ്ങളിൽ ആളുകൂടുന്നതും ചിത്രങ്ങൾ പകർത്തുന്നതും പൂർണമായി ഒഴിവാക്കണമെന്നും സിവിൽ ഡിഫൻസ് അഭ്യർഥിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ 911 എന്ന എമർജൻസി നമ്പറിൽ ബന്ധപ്പെടാമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
ത്വാഇഫ്, യാംബു നഗരങ്ങൾ ലക്ഷ്യമാക്കി ഹൂതി വിമതർ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തടയുകയും നശിപ്പിക്കുകയും ചെയ്തതായി സഖ്യസേന വക്താവ് ശനിയാഴ്ച ഉച്ചയോടെ അറിയിച്ചു. ശനിയാഴ്ച പുലർച്ചെ 4 മണിക്ക് ശേഷം, റിയാദ്, നജ്റാൻ, തെക്കൻ ഗവർണറേറ്റായ വാദി അൽ ദവാസിർ എന്നിവിടങ്ങളിൽ വ്യോമാക്രമണ ഭീഷണിയുണ്ടായേക്കാമെന്ന് സൗദി സിവിൽ ഡിഫൻസ് തങ്ങളുടെ ‘ഏർലി വാണിംഗ് പ്ലാറ്റ്ഫോം’ (മുൻകൂർ മുന്നറിയിപ്പ് സംവിധാനം) വഴി അറിയിപ്പ് നൽകിയിരുന്നു. ഈ മുന്നറിയിപ്പ് നൽകി മിനിറ്റുകൾക്കുള്ളിൽ തലസ്ഥാന നഗരിയിൽ രണ്ട് ഉച്ചത്തിലുള്ള സ്ഫോടന ശബ്ദങ്ങൾ കേട്ടു.
ഭീകരവാദികളായ ഹൂതി വിമതർ റിയാദ് ലക്ഷ്യമാക്കി തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ വ്യോമ പ്രതിരോധ സംവിധാനം വഴി തടയുകയും നശിപ്പിക്കുകയും ചെയ്തു എന്ന് സഖ്യസേന വക്താവ് എക്സ് പ്ലാറ്റ്ഫോമിൽ നൽകിയ പ്രസ്താവനയിൽ പറഞ്ഞു. കിഴക്കൻ പ്രവിശ്യയിൽ ഒരു ഡ്രോൺ തടയുകയും നശിപ്പിക്കുകയും ചെയ്തതായും അൽ മാലിക്കി അറിയിച്ചു.
യമനിലെ ഗോത്രവിഭാഗങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിടുമെന്ന് സൗദി അറേബ്യ ഭീഷണിപ്പെടുത്തിയെന്ന ഹൂതികളുടെ ആരോപണം അൽ മാലിക്കി ശക്തമായി നിഷേധിച്ചു. ഇത്തരം ആരോപണങ്ങൾ പൂർണമായും തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് അദ്ദേഹം പറഞ്ഞു.
പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും, തങ്ങളുടെ ആഭ്യന്തര പ്രതിസന്ധികളിൽ നിന്നും തെറ്റായ നടപടികളിൽ നിന്നും ശ്രദ്ധ തിരിക്കാനും, യെമനിലെ ഗോത്രവിഭാഗങ്ങളെ തങ്ങളുടെ സംഘർഷങ്ങളിലേക്ക് വലിച്ചിഴക്കാനുമുള്ള ഹൂതികളുടെ തുടർച്ചയായ ശ്രമങ്ങളാണ് ഈ ആരോപണങ്ങളിൽ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

