ഹൂതി ആക്രമണ ഭീഷണി; സൗദിയിലെ പ്രവിശ്യകളിൽ ജാഗ്രതാ നിർദ്ദേശം പിൻവലിച്ചു
text_fieldsറിയാദ്: സൗദി അറേബ്യക്ക് നേരെ ഹൂതി ആക്രമണ ഭീഷണി തുടരുന്ന പശ്ചാത്തലത്തിൽ നേരത്തെ മുൻകരുതൽ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിരുന്ന അൽ ഉല, യാംബു, ത്വാഇഫ്, ജിസാൻ, ജിദ്ദ, ഖമീസ് മുഷൈത്, അബഹ എന്നീ നഗരങ്ങളിലും ഗവർണറേറ്റുകളിലും നിലനിന്നിരുന്ന അപകടസാധ്യത പൂർണമായും ഒഴിഞ്ഞതായി സൗദി ജനറൽ ഡയറക്റ്ററേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.
ദേശീയ അടിയന്തര മുന്നറിയിപ്പ് പ്ലാറ്റ്‌ഫോം വഴിയാണ് മുൻകൂട്ടി ജാഗ്രതാ നിർദ്ദേശങ്ങൾ കൈമാറിയിരുന്നത്. ഭാവിയിലും സമാനമായ അപായ സൂചനകൾ ലഭിക്കുന്നപക്ഷം നിർദ്ദേശിക്കപ്പെടുന്ന സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ചു.
മുന്നറിയിപ്പ് ലഭിക്കുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ:
1. കെട്ടിടങ്ങൾക്കുള്ളിൽ ഉള്ളവർ: അടിയന്തര മുന്നറിയിപ്പ് ലഭിച്ച ഉടൻ കെട്ടിടങ്ങൾക്കുള്ളിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറേണ്ടതാണ്. ജാഗ്രതാ സമയം അവസാനിക്കുന്നത് വരെ ജനലുകൾ, ഗ്ലാസ് നിർമ്മിതികൾ, മറ്റ് അപകടന സാധ്യതയുള്ള മേഖലകൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കണം. തുറസ്സായ സ്ഥലങ്ങളിലേക്ക് ഇറങ്ങുന്നതും ബാൽക്കണിയിലോ ടെറസിലോ നിൽക്കുന്നതും പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.
2. കെട്ടിടങ്ങൾക്ക് പുറത്തുള്ളവർ: ഏറ്റവും അടുത്തുള്ള സുരക്ഷിത കെട്ടിടങ്ങളിലോ ഉറപ്പുള്ള തടസ്സങ്ങൾക്ക് പിന്നിലോ അഭയം തേടണം. അപായസാഹചര്യങ്ങൾ നിലനിൽക്കെ അപകടസ്ഥലങ്ങളിൽ തടിച്ചുകൂടുന്നതും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുന്നതും ഒഴിവാക്കണം.
3. വാഹനം ഓടിക്കുന്നവർ: യാത്രയ്ക്കിടയിലാണ് ജാഗ്രതാ സന്ദേശം ലഭിക്കുന്നതെങ്കിൽ, പാലങ്ങൾ, ഉയർന്ന കെട്ടിടങ്ങൾ, വിടവുകൾ എന്നിവയിൽ നിന്ന് വിട്ടുമാറി റോഡരികിൽ വാഹനം സുരക്ഷിതമായി നിർത്തിയിടണം. തുടർന്ന് ബന്ധപ്പെട്ട ഔദ്യോഗിക കേന്ദ്രങ്ങളുടെ സുരക്ഷാ നിർദ്ദേശങ്ങൾ ശ്രദ്ധയോടെ പിന്തുടരേണ്ടതുണ്ട്.
അടിയന്തര ഘട്ടങ്ങളിൽ സഹായത്തിനായി മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, രാജ്യത്തെ മറ്റ് പ്രദേശങ്ങളിൽ 998 എന്ന നമ്പറിലും ബന്ധപ്പെടാമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

