ഉംറ തീർഥാടകരുടെ യാത്രക്കും ഭീഷണിയായി ഹൂതി ആക്രമണം
text_fieldsറിയാദ്: സൗദിക്കെതിരെയുള്ള ഹൂതികളുടെ ആക്രമണം പുതിയതും അപകടകരവുമായ തലത്തിലേക്ക് ഉയർന്നിരിക്കുന്നത് ഏറെ ആശങ്ക പടർത്തിയിരിക്കുകയാണ്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഈ ആഴ്ച്ചയിലുണ്ടായ തുടർച്ചയായ ആക്രമണങ്ങൾ രാജ്യത്തെ ഏറ്റവും തിരക്കേറിയ അന്താ രാഷ്ട്രവിമാനത്താവളം വഴി എത്തുന്ന തീർഥാടകർക്കും ഏറെ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ്.
വിമാനത്തിൽ കയറാൻ തയാറെടുക്കുന്ന ഉംറ തീർഥാടകർക്കിടയിലാണ് കഴിഞ്ഞ ദിവസം വിമാനത്താവളത്തിലെ ഒരു ആക്രമണം ഉണ്ടായത്. അപകടത്തിന് ശേഷം പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളിൽ ഉംറ തീർഥാടകർ അകപ്പെട്ട ദുരന്തം വ്യക്തമായിരുന്നു. ഉംറ നിർവഹിക്കാനും വിശുദ്ധ പള്ളികൾ സന്ദർശിക്കുന്നതിനുമായി യാത്ര ചെയ്യുന്ന നിരപരാധികളായ യാത്രക്കാർ നേരിടുന്ന അപകടത്തെ ഇത് എടുത്തുകാണിക്കുന്നു.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്‌ലിംകൾക്ക് സൗദിയിലെ വിമാനത്താവളങ്ങൾ കേവലം ഗതാഗത കേന്ദ്രങ്ങൾ മാത്രമല്ല. അവ മക്കയിലേക്കും മദീനയിലേക്കുമുള്ള പ്രഥമ കവാടങ്ങൾ കൂടിയാണ്. ആത്മീയ സംതൃപ്തി തേടി രാജ്യത്തേക്ക് എത്തുന്ന തീർഥാടകരെയും സന്ദർശകരെയും സ്വീകരിക്കാൻ കൂടിയുള്ള ഇടങ്ങളാണ് വിമാനത്താവളങ്ങൾ. അതുകൊണ്ട് തന്നെ ഈ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വിമാന ഗതാഗതം തടസ്സപ്പെടുത്തുന്നതിനപ്പുറം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു.
ഇത് തീർഥാടകരുടെയും സാധാരണക്കാരുടെയും ജീവൻ അപകടത്തിലാക്കുകയും കുടുംബങ്ങളുടെ സുരക്ഷക്ക് ഭീഷണിയാവുകയും മതപരമായ കർമങ്ങൾ നിർവഹിക്കാൻ യാത്ര ചെയ്യുന്നവരുടെ സുരക്ഷയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. നിരപരാധികളായ മനുഷ്യരുടെ ജീവനും വിശുദ്ധ സ്ഥലങ്ങളുടെ പവിത്രതയും സംരക്ഷിക്കുന്നതിന് പരമ പ്രധാനമായ സ്ഥാനം നൽകാതെ സിവിൽ വ്യോമയാന സൗകര്യങ്ങൾ ആക്രമിക്കുന്നതിനെതിരെ ആഗോള ഇസ്‌ലാമിക സമൂഹം ശക്തമായ ഭാഷയിലാണ് അപലപിച്ചത്.
സൈനിക ശക്തികളെ നേരിടുന്നതിന് പകരം വിമാനത്താവളങ്ങളെയും മറ്റ് സാധാരണ കേന്ദ്രങ്ങളെയും ഭീഷണിപ്പെടുത്തുന്ന അക്രമകാരികളുടെ നീക്കങ്ങൾ സ്ത്രീകൾ, കുട്ടികൾ, തീർഥാടകർ എന്നിവരുൾപ്പെടെയുള്ള യാത്രക്കാരെ മാരകമായേക്കാവുന്ന അപകടസാധ്യതകളിലേക്ക് തള്ളിവിടുകയാണ്. സെപ്റ്റംബറിൽ മക്കയുടെ ദിശയിലേക്ക് വന്ന ഡ്രോൺ, സൗദി വ്യോമ പ്രതിരോധം തകർത്തതായി നേരത്തെ സൗദി സഖ്യ സേന വ്യക്തമാക്കിയിരുന്നു.
മദീനയിലെ വൈദ്യുതി വിതരണ കേന്ദ്രത്തിന് നേരെയും ആക്രമണമുണ്ടായതായി സൗദി ആരോപിച്ചിരുന്നു. ഏറ്റവും ഒടുവിൽ ചില തീർഥാടകർ മരിക്കാനും നൂറിലേറെ തീർഥാടകർക്ക് പരിക്കേൽക്കാൻ കൂടി ഹൂതി ആക്രമണം നിമിത്തമായിരിക്കുകയാണ്. യമനിലെ ഹൂതികളും സൗദിയുടെ പിന്തുണയുള്ള യെമൻ സർക്കാർ സേനയും തമ്മിലുള്ള യുദ്ധം വീണ്ടും രൂക്ഷമായതാണ് ഇപ്പോഴത്തെ സംഘർഷത്തിന്റെ പശ്ചാത്തലം.
സൗദിയെ സംബന്ധിച്ചേടത്തോളം ഇരു ഹറം പള്ളികളെയും അവിടങ്ങളിൽ എത്തുന്ന സന്ദർശകരെയും സംരക്ഷിക്കുക എന്നത് ദേശീയ ഉത്തരവാദിത്തമായി ഏറ്റെടുത്തിരിക്കുകയാണ്. ഹൂതി ആക്രമണ ഭീഷണിയുടെ സാഹചര്യത്തിൽ തീർഥാടകരെ സംരക്ഷിക്കുന്നതിനും വിമാനത്താവളങ്ങൾ സുരക്ഷിതമാക്കുന്നതിനും പരമാധികാരം സംരക്ഷിക്കുന്നതിനുമുള്ള ഏതു നടപടിക്കും സൗദിക്ക് ഇപ്പോൾ കടുത്ത തീരുമാനം എടുക്കേണ്ടി വരും. അക്രമികൾക്കെതിരെ ശക്തമായ തിരിച്ചടി നൽകാൻ തന്നെയായിരിക്കും സൗദിയുടെ തുടർന്നുള്ള നീക്കം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

