യമനിൽ സൗദി വിദേശകാര്യ മന്ത്രാലയം നടത്തുന്ന ഇടപെടലുകൾ അഭിനന്ദനാർഹം -ജനപ്രതിനിധി സഭ
text_fieldsയമൻ ജനപ്രതിനിധി സഭ (ഫയൽ ചിത്രം)
ജിദ്ദ: യമന്റെ സുരക്ഷയും സ്ഥിരതയും ലക്ഷ്യമിട്ട് സൗദി അറേബ്യ സ്വീകരിച്ചുവരുന്ന നിലപാടുകളെയും നടപടികളെയും പൂർണ്ണമായി പിന്തുണച്ച് യമൻ ജനപ്രതിനിധി സഭ (ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ്). രാജ്യത്തിന്റെ അഖണ്ഡതയും ജനങ്ങളുടെ ക്ഷേമവും മുൻനിർത്തി സൗദി വിദേശകാര്യ മന്ത്രാലയം നടത്തുന്ന ഇടപെടലുകൾ അഭിനന്ദനാർഹമാണെന്ന് സഭ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിലും അതിന്റെ ചെയർമാനും പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുൾപ്പെടെയുള്ള നിർണ്ണായക തീരുമാനങ്ങൾക്ക് പാർലമെന്റ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനും ഭരണകൂടത്തെ സംരക്ഷിക്കുന്നതിനുമുള്ള നിയമപരമായ നീക്കങ്ങളാണിതെന്ന് സഭ ചൂണ്ടിക്കാട്ടി. അതേസമയം, രാജ്യത്ത് അസ്ഥിരതയുണ്ടാക്കുന്ന രീതിയിലുള്ള സൈനിക നീക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ട്രാൻസിഷണൽ കൗൺസിലിന് സഭ കർശന നിർദ്ദേശം നൽകി. ഭരണകൂടത്തിന്റെ അനുമതിയില്ലാതെ പിടിച്ചെടുത്ത സൈനിക കേന്ദ്രങ്ങളിൽ നിന്നും ക്യാമ്പുകളിൽ നിന്നും അടിയന്തരമായി പിന്മാറണമെന്നും, പരമാധികാര സ്ഥാപനമായ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിലിന്റെ തീരുമാനങ്ങൾ പാലിക്കണമെന്നും സഭ ആവശ്യപ്പെട്ടു.
ബലം പ്രയോഗിച്ച് കാര്യങ്ങൾ നടപ്പിലാക്കുന്നതിന് പകരം രാഷ്ട്രീയ ചർച്ചകളിലൂടെ പരിഹാരം കാണണം. ബാഹ്യശക്തികളുടെ പിന്തുണയോടെ ട്രാൻസിഷണൽ കൗൺസിൽ നടത്തുന്ന പ്രവർത്തനങ്ങൾ രാജ്യത്തിന്റെ ഐക്യത്തെ തകർക്കുമെന്നും ഇത് ദേശീയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും ഔദ്യോഗിക വാർത്താ ഏജൻസിയായ 'സബ' പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. കൂടാതെ, പ്രശ്നപരിഹാരത്തിനായി യു.എ.ഇ സജീവമായി ഇടപെടണമെന്നും സൗദി അറേബ്യയും ഒമാനും ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളുടെ സുരക്ഷ കൂടി പരിഗണിച്ച് ഗൾഫ് മേഖലയുടെ സമാധാനത്തിനായി നിലകൊള്ളണമെന്നും സഭ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

