ശിലായുഗചരിത്രം വിളിച്ചോതുന്നു നജ്റാനിലെ ഹിമ കിണർ
text_fieldsനജ്റാനിലെ ‘ബിഅ്റു ഹിമ’പ്രദേശത്ത് കാണപ്പെടുന്ന ചരിത്രശേഷിപ്പുകളിൽനിന്ന്
യാംബു: പുരാതന ശിലാചിത്രങ്ങൾ തന്മയത്വത്തോടെ നിലനിൽക്കുന്ന നജ്റാനിലെ 'ബിഅ്റു ഹിമ'(ഹിമ കിണർ) എന്ന പേരിലറിയപ്പെടുന്ന പ്രദേശം സന്ദർശകരെ ആകർഷിക്കുന്നു. 80 മീറ്ററിലധികം ഉയരമുള്ള പർവതത്തിെൻറ മുകളിലെ പാറയിൽ കൊത്തിവെച്ച വേട്ടക്കാരെൻറ ചിത്രം ശിലായുഗ ചരിത്രം വിളിച്ചോതുന്നവയാണ്. ചരിത്രത്തിെൻറ പെരുമയും അപൂർവ ചിത്രകലയും ഒത്തിണങ്ങിയ ഈ വിസ്മയ ചിത്രത്തിന് ബി.സി രണ്ടാം സഹസ്രാബ്ദത്തോളം പഴക്കമുണ്ട് എന്ന നിഗമനത്തിലാണ് ചരിത്രകാരന്മാർ. മരുഭൂമിയിലെ വാഹനമായ ഒട്ടകത്തെ ഒരു ഭാഗത്ത് സുരക്ഷിതമായി നിർത്തി മാനുകളെ വേട്ടയാടാൻ തയാറായി നിൽക്കുന്ന ഒരാളുടെ ചിത്രം കാഴ്ചക്കാരെ ആകർഷിക്കുന്നു.
ചരിത്രശേഷിപ്പുകളുടെ വഴിയടയാളങ്ങൾ പകർന്നുതരുന്ന സഞ്ചാര കേന്ദ്രങ്ങളും പഴമയുടെ പെരുമ വിളിച്ചോതുന്ന ശവകുടീരങ്ങളുൾപ്പെടെയുള്ള ശേഷിപ്പുകളുമാണ് 'ബിഅ്റു ഹിമ'യുടെ മറ്റൊരു പ്രത്യേകത. ഏഴ് ശുദ്ധജല കിണറുകളും പ്രദേശത്തുണ്ട്. നജ്റാൻ നഗരത്തിൽനിന്ന് 140 കിലോമീറ്റർ വടക്കായി സ്ഥിതിചെയ്യുന്ന ഈ പ്രദേശം ഗവേഷകരെയും പുരാവസ്തു തൽപരരേയും ആകർഷിക്കുന്നതാണ്.
സൗദിയിലെ പ്രധാന ചരിത്ര പ്രദേശങ്ങളിലൊന്നാണ് 30 കിലോമീറ്ററോളം വിസ്തൃതിയിലുള്ള 'ബിഅ്റു ഹിമ'എന്നും ബി.സി 3000 വർഷം മുമ്പുള്ള ശിലാലിഖിതങ്ങളും ചിത്രങ്ങളും ഇവിടെ ഉള്ളതായി അനുമാനിക്കുന്നതായും നജ്റാനിലെ ടൂറിസം പുരാവസ്തുശാസ്ത്രജ്ഞനും ചരിത്ര ഗവേഷകനുമായ സാലിഹ് അൽ മുറൈഹ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

