പരിസ്ഥിതി സംരക്ഷണത്തിൽ സൗദി അറേബ്യക്ക് ചരിത്ര നേട്ടം; ഇമാം തുർക്കി റിസർവിൽ പൊടിക്കാറ്റുകളിൽ 76.2 ശതമാനം കുറവ്
text_fieldsറിയാദ്: പരിസ്ഥിതി സംരക്ഷണത്തിലും ഹരിതവൽക്കരണത്തിലും സൗദി അറേബ്യ നടപ്പാക്കിവരുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് വൻ മുന്നേറ്റം. ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവ് പരിധിയിലുണ്ടാകുന്ന പൊടിക്കാറ്റുകളുടെ എണ്ണത്തിൽ 2026 വർഷത്തിൽ 76.2 ശതമാനത്തിെൻറ വൻ കുറവ് രേഖപ്പെടുത്തി. പ്രകൃതി സംരക്ഷണത്തിലും സസ്യജാലങ്ങളുടെ പുനരുജ്ജീവനത്തിലും റിസർവ് കൈക്കൊണ്ട ശക്തമായ നടപടികളുടെ ഗുണഫലമാണ് ഈ വലിയ നേട്ടമെന്ന് അധികൃതർ വ്യക്തമാക്കി.
റിസർവിൽ നടപ്പാക്കിയ സമഗ്രമായ പരിസ്ഥിതി പദ്ധതികളുടെയും തന്ത്രപരമായ സംരംഭങ്ങളുടെയും ഫലമായാണ് ഈ പാരിസ്ഥിതിക മാറ്റം സാധ്യമായത്. സസ്യജാലങ്ങൾ വെച്ചുപിടിപ്പിക്കുക, പ്രകൃതിദത്ത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക, മരുഭൂവൽക്കരണവും മണൽ ഒഴുക്കും തടയുക എന്നിവക്ക് ഈ പദ്ധതികൾ വലിയ മുൻഗണന നൽകി. കൂടാതെ, മണ്ണൊലിപ്പ് തടയുന്നതിലൂടെ പാരിസ്ഥിതിക വ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പാക്കാനും പ്രകൃതിദത്ത പ്രതിഭാസങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി വർദ്ധിപ്പിക്കാനും ഈ പദ്ധതികളിലൂടെ സാധിച്ചിട്ടുണ്ട്.
റിസർവ് പരിധിയിൽ ഹരിതാഭ വർദ്ധിപ്പിക്കുന്നത് മണ്ണുറപ്പ് കൂട്ടുന്നതിനും അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരുന്നത് തടയുന്നതിനും വലിയ രീതിയിൽ സഹായിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇത് പ്രദേശത്തെ വായുവിെൻറ ഗുണനിലവാരം ഉയർത്തുന്നതിനൊപ്പം ജൈവവൈവിധ്യത്തെയും ജനങ്ങളുടെ ജീവിതനിലവാരത്തെയും ഗുണകരമായി സ്വാധീനിക്കുകയും പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്നു.
എല്ലാ വർഷവും ജൂലൈ 12-ന് ആചരിക്കുന്ന ലോക മണൽ-പൊടിക്കാറ്റ് പ്രതിരോധ ദിനത്തോട് അനുബന്ധിച്ചാണ് ഈ നിർണായക പ്രഖ്യാപനം പുറത്തുവിട്ടത്. സുസ്ഥിരമായ പരിസ്ഥിതി സൗഹൃദ ശീലങ്ങൾ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഭൂമിയെ സംരക്ഷിക്കുന്നതിനും പ്രകൃതിവിഭവങ്ങൾ നിലനിർത്തുന്നതിനും രാജ്യം നടത്തുന്ന ശ്രമങ്ങളുടെ പ്രാധാന്യത്തെ ഈ നേട്ടം അടിവരയിടുന്നു. സസ്യജാലങ്ങൾ വ്യാപിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ ദേശീയ ദർശനങ്ങൾക്ക് പൂർണമായും പൂരകമായാണ് ഈ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

