സൗദിയിൽ 60 ലധികം ഹോട്ടലുകൾ തുടങ്ങാൻ ഹിൽട്ടൺ ഗ്രൂപ്
text_fieldsറിയാദ്: സൗദി അറേബ്യയിൽ 60ലധികം പുതിയ ഹോട്ടലുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നുവെന്ന ഹിൽട്ടൺ ഗ്രൂപ്പിന്റെ പ്രഖ്യാപനത്തെ ടൂറിസം മന്ത്രി അഹ്മദ് അൽഖത്തീബ് സ്വാഗതം ചെയ്തു. സൗദിയിൽ തുടരുന്നതിനുള്ള പ്രതിജ്ഞാബദ്ധതയെ മന്ത്രി അഭിനന്ദിച്ചു.
ടൂറിസം മന്ത്രാലയം ഹിൽട്ടൺ ഹോട്ടൽ ഗ്രൂപ് പോലെ ഹോട്ടൽ, ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളെ ആകർഷിക്കുന്നു. ലോകോത്തര സേവനങ്ങൾ നൽകുന്നതിനായി ടൂറിസം മേഖല വികസിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ വെളിച്ചത്തിലാണിതെന്നും മന്ത്രി പറഞ്ഞു. ‘വിഷൻ 2030’ന് അനുസൃതമായി 2030ഓടെ ഹോട്ടൽ മുറികളുടെ എണ്ണം അഞ്ച് ലക്ഷത്തിലധികമായി വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
സ്വകാര്യമേഖലയുമായുള്ള സഹകരണത്തിലൂടെ രാജ്യത്തെ ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മന്ത്രാലയം പ്രവർത്തിക്കുന്നു. ഹിൽട്ടൺ ഗ്രൂപ് ആസൂത്രണം ചെയ്യുന്ന പ്രധാന വിപുലീകരണം ലോകമെമ്പാടുമുള്ള നിക്ഷേപകർക്ക് അതുല്യമായ അവസരങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. അതേസമയം, ടൂറിസം മേഖലയിൽ രാജ്യം സാക്ഷ്യം വഹിക്കുന്ന വികസനത്തിനൊപ്പം കൂടുതൽ ഹിൽട്ടൺ ഗ്രൂപ് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പ്രവർത്തിക്കുന്നുവെന്ന് ഹിൽട്ടൺ ഗ്രൂപ് പ്രസിഡൻറും സി.ഇ.ഒയുമായ ക്രിസ് നസെറ്റ പറഞ്ഞു.
സൗദിയിൽ ഗ്രൂപ്പിന്റെ പദ്ധതിയുടെ മൂന്നിൽ രണ്ട് ഭാഗവും നിലവിൽ നിർമാണത്തിലാണ്. രാജ്യത്തുടനീളം ഇത് നാലിരട്ടിയാക്കാനുള്ള ശ്രമത്തിലാണ്. പ്രതീക്ഷിക്കുന്ന പദ്ധതികൾ ഏകദേശം 10,000 തൊഴിലവസരങ്ങൾ നൽകും. അതിൽ പകുതിയിലേറെയും സൗദി പൗരന്മാരായിരിക്കുമെന്നും സി.ഇ.ഒ പറഞ്ഞു.

