തന്ത്രപ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഉന്നത സൗദി പ്രതിനിധി സംഘം ഇന്ത്യയിൽ
text_fieldsസൗദിയിൽനിന്നും ഇന്ത്യയിൽനിന്നുമുള്ള പ്രമുഖ നിക്ഷേപകരുടെയും ഉദ്യോഗസ്ഥരുടെയും
യോഗം ഇന്ത്യയിൽ നടന്നപ്പോൾ
ജിദ്ദ/ന്യൂഡൽഹി: സൗദി വിഷൻ 2030ന്റെ ഭാഗമായി ദേശീയ സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനായി പ്രമുഖ നിക്ഷേപകരും ഉദ്യോഗസ്ഥരും ഉൾപ്പെട്ട ഉന്നതതല സൗദി പ്രതിനിധി സംഘം ഇന്ത്യ സന്ദർശിച്ചു. ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സിന്റെ നേതൃത്വത്തിൽ പൊതു, സ്വകാര്യ മേഖലകളെ പ്രതിനിധാനംചെയ്ത് 50 പ്രമുഖ സൗദി നിക്ഷേപകരാണ് സംഘത്തിലുണ്ടായിരുന്നത്.
ഇരുരാജ്യങ്ങളിലെയും തന്ത്രപ്രധാന സാമ്പത്തിക മേഖലകളിലെ നിക്ഷേപ സാധ്യതകളും പ്രോത്സാഹനങ്ങളും പങ്കാളിത്ത അവസരങ്ങളും ചർച്ചചെയ്യുന്ന സമഗ്രമായ സാമ്പത്തിക, നിക്ഷേപ യോഗങ്ങൾ ന്യൂഡൽഹി, മുംബൈ, വിശാഖപട്ടണം എന്നിവിടങ്ങളിൽ നടന്നു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി എന്നിവയുമായി സഹകരിച്ച് ന്യൂഡൽഹിയിൽ മൂന്ന് പ്രധാന സാമ്പത്തിക പരിപാടികളാണ് സംഘടിപ്പിച്ചത്.
ഇരു രാജ്യങ്ങളിലെയും നിരവധി കമ്പനികളും സർക്കാർ ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും ഇതിൽ പങ്കെടുത്തു. സൗദി-ഇന്ത്യ ഓട്ടോമോട്ടിവ് മേഖലയെക്കുറിച്ചുള്ള റൗണ്ട് ടേബിൾ ചർച്ചയിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ വ്യവസായിക, നിക്ഷേപ പങ്കാളിത്തം വർധിപ്പിക്കുന്നതിനാണ് ഊന്നൽ നൽകിയത്. നിർമാണം, വിതരണ ശൃംഖലകൾ, ഇലക്ട്രിക് വാഹനങ്ങൾ, നൂതന സാങ്കേതികവിദ്യകൾ എന്നിവയിലെ സഹകരണ സാധ്യതകൾ ചർച്ചയായി. സംയോജിതവും സുസ്ഥിരവുമായ ഓട്ടോമോട്ടിവ് വ്യവസായം വികസിപ്പിക്കുക എന്ന പൊതു ലക്ഷ്യത്തിന് ഇത് പിന്തുണ നൽകും.
സൗദി വിഷൻ 2030െൻറ ലക്ഷ്യങ്ങളിലൊന്നായ സൗദിയെ ആഗോള ഇന്നൊവേഷൻ, സംരംഭകത്വ കേന്ദ്രമാക്കി മാറ്റുന്നതിനെക്കുറിച്ച് സൗദി-ഇന്ത്യ സ്റ്റാർട്ടപ് റൗണ്ട് ടേബിളിൽ ചർച്ച നടന്നു. സാങ്കേതികവിദ്യ, ഇന്നൊവേഷൻ, സ്റ്റാർട്ടപ് നിക്ഷേപം എന്നിവയിലെ സഹകരണ അവസരങ്ങൾ വിലയിരുത്തി. ചർച്ചകളുടെ ഭാഗമായി പഞ്ചസാര, കാലിത്തീറ്റ വ്യവസായങ്ങളിൽ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഉൽപാദന ലൈനുകൾ നിർമിക്കുന്നതിനായുള്ള സൗദി-ഇന്ത്യ ധാരണപത്രം ഒപ്പുവെച്ചു.
ഭക്ഷ്യസുരക്ഷ, ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം, സാങ്കേതികവിദ്യ എന്നിവയുൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിലെ നിക്ഷേപ അവസരങ്ങൾ സൗദി-ഇന്ത്യ നിക്ഷേപ ഫോറത്തിൽ ചർച്ചയായി.
സൗദിയുടെ നിക്ഷേപ അന്തരീക്ഷം, പ്രാദേശിക ആസ്ഥാനങ്ങൾക്കായുള്ള നയങ്ങൾ, പ്രത്യേക സാമ്പത്തിക മേഖല പരിപാടികൾ, വ്യവസായിക, സാങ്കേതിക സഹകരണത്തിനുള്ള അവസരങ്ങൾ എന്നിവ സൗദി-ഇന്ത്യ നിക്ഷേപ ശിൽപശാലയിൽ ചർച്ചചെയ്തു. നിർമാണം, റിയൽ എസ്റ്റേറ്റ്, ആരോഗ്യ സംരക്ഷണം, പെട്രോകെമിക്കൽസ്, ഊർജം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനും സുസ്ഥിര നിക്ഷേപ പങ്കാളിത്തം സ്ഥാപിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സമാന്തര സെഷനുകളും നടന്നു.
അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലൂടെയും ഉയർന്ന നിലവാരമുള്ള നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലൂടെയും പ്രധാന സാമ്പത്തിക മേഖലകളിലെ സഹകരണ സാധ്യതകൾ തേടുന്നതിലൂടെയും രാജ്യത്തിെൻറ സ്ഥാനം ഒരു ആഗോള നിക്ഷേപ കേന്ദ്രമായി ഉറപ്പിക്കാൻ സൗദി അറേബ്യ ഈ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

