സൗദിയും ഗ്രീസും തമ്മിൽ ടൂറിസം പങ്കാളിത്തം ശക്തമാക്കാൻ ഉന്നതതല കൂടിക്കാഴ്ച
text_fieldsസ്പെയിനിലെ ടൊളീഡോയിൽ സൗദി, ഗ്രീസ് ടൂറിസം മന്ത്രിമാർ കൂടിക്കാഴ്ച നടത്തിയപ്പോൾ
റിയാദ്: സൗദി അറേബ്യയും ഹെല്ലനിക് റിപ്പബ്ലിക്കും (ഗ്രീസ്) തമ്മിലുള്ള ടൂറിസം രംഗത്തെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിെൻറ ഭാഗമായി ഇരു രാജ്യങ്ങളിലെയും ടൂറിസം മന്ത്രിമാർ കൂടിക്കാഴ്ച നടത്തി. സ്പെയിനിലെ ടൊളീഡോ നഗരത്തിൽ വെച്ച് യു.എൻ ടൂറിസം എക്സിക്യൂട്ടീവ് കൗൺസിലിെൻറ 126-ാമത് സമ്മേളനത്തോടനുബന്ധിച്ചാണ് യോഗം ചേർന്നത്.
സൗദി-ഹെല്ലനിക് സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിെൻറ കീഴിലുള്ള ടൂറിസം കമ്മിറ്റി യോഗത്തിന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബും ഹെല്ലനിക് റിപ്പബ്ലിക് ടൂറിസം മന്ത്രി ഒൽഗ കെഫലോജിയാനിയും നേതൃത്വം നൽകി. ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനെക്കുറിച്ചും ടൂറിസം മേഖലയിലെ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ചും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. ഇരു രാജ്യങ്ങളുടെയും പൊതു താൽപര്യങ്ങളും കാഴ്ചപ്പാടുകളും മുൻനിർത്തി ടൂറിസം മേഖലയെ വളർത്തിയെടുക്കുന്നതിനുള്ള നൂതന വഴികളും മന്ത്രിമാർ ആരാഞ്ഞു.
ടൂറിസം മേഖലയിലെ മാനവ വിഭവശേഷി വികസനം, ടൂറിസം വൈദഗ്ധ്യങ്ങളുടെ പരസ്പര കൈമാറ്റം, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രൊമോഷൻ തുടങ്ങിയ സുപ്രധാന മേഖലകളിലെ സംയുക്ത പ്രവർത്തനങ്ങളെക്കുറിച്ചും ഇരുപക്ഷവും ചർച്ച നടത്തി. ഈ സംരംഭങ്ങൾ ഇരു രാജ്യങ്ങളിലെയും വിനോദസഞ്ചാരികൾക്ക് കൂടുതൽ മികച്ചതും സവിശേഷവുമായ അനുഭവങ്ങൾ ലഭ്യമാക്കാൻ സഹായകമാകും.
സൗദി അറേബ്യയും ഹെല്ലനിക് റിപ്പബ്ലിക്കും തമ്മിൽ നേരത്തെ ഒപ്പുവെച്ച കരാറുകളുടെ നടത്തിപ്പിലുണ്ടായ പുരോഗതിയും പ്രതിനിധി സംഘങ്ങൾ യോഗത്തിൽ വിലയിരുത്തി. 2024 ജൂണിൽ ഒപ്പുവെച്ച ജോയിന്റ് വർക്ക് പ്രോഗ്രാം, 2021 മെയ് മാസത്തിൽ ഒപ്പുവെച്ച സുസ്ഥിര തീരദേശ, സമുദ്ര ടൂറിസം സഹകരണ കരാർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. തീരദേശ, സമുദ്ര ടൂറിസം രംഗത്തെ സഹകരണം ലക്ഷ്യമിട്ടുള്ളതാണ് ഈ കരാറുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

