പഴമയുടെ സൗന്ദര്യം, പുതുമയുടെ ഭാവം; പൈതൃക സ്മാരകങ്ങൾ പുത്തൻ വൈബിലേക്ക്
text_fieldsറിയാദ്: സഞ്ചാരികൾക്കും ചരിത്രാന്വേഷികൾക്കും പുതിയ വൈബ് പകരുന്ന രീതിയിൽ ചരിത്ര ശേഷിപ്പുകളെയും ഭൂമിശാസ്ത്രപരമായ വൈവിധ്യങ്ങളെയും അവതരിപ്പിക്കുകയാണ് ശഖ്റ, മറാത്ത് പട്ടണങ്ങളിലെ ഹെറിറ്റേജ് കമ്മീഷൻ. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ നിന്നും 170 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അയൽ നഗരങ്ങളാണ് മറാത്ത്, ശഖ്റ. മധ്യ സൗദിയിൽ ചരിത്രപരമായും സാംസ്കാരികമായും ഏറെ സവിശേഷതകളുള്ള ഈ രണ്ട് നഗരങ്ങളും തമ്മിൽ ഏകദേശം 35 മുതൽ 40 കിലോമീറ്റർ മാത്രമാണ് അകലമുള്ളത്.
പുരാതനമായ മൺവീടുകളും ഇടുങ്ങിയ തെരുവുകളുമുള്ള മറാത്ത് ഹെറിറ്റേജ് വില്ലേജ് ഇവിടുത്തെ പ്രധാന കാഴ്ചയാണ്. പ്രശസ്തമായ 'കുമൈത്ത്' മലയുടെ താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന പ്രാചീന കവി ഇംറുൽ ഖൈസിന്റെ പേരിലറിയപ്പെടുന്ന കുളവും ഇസ്ലാമിക ചരിത്രത്തിലെ സേനാനായകൻ ഖാലിദ് ഇബ്നു വലീദ് പടയോട്ടം നടത്തിയ കാലത്ത് കുഴിച്ച കിണറും ഇവിടുത്തെ മുഖ്യ ആകർഷണങ്ങളാണ്.
ഇവയെല്ലാം നഗരസഭക്ക് കീഴിൽ കൂടുതൽ മിഴിവോടെ സന്ദർശകർക്കായി തുറന്നുവെച്ചിരിക്കുകയാണ്. മറാത്തിന് സമീപമുള്ള 'അൽ ഖസബ്' എന്ന പ്രദേശം മരുഭൂമിയിലെ സ്വാഭാവിക ഉപ്പുപാടങ്ങൾക്ക് ഏറെ പ്രശസ്തമാണ്. സഞ്ചാരികളെ ആകർഷിക്കുവാനായി പുതിയ വിശ്രമ കൂടാരങ്ങളും ഇരിപ്പിടങ്ങളും പാടത്തിന് കുറുകെ പണിത് പുതിയ വൈബിൽ അവതരിപ്പിക്കുകയാണ് ടൂറിസം അതോറിറ്റി. പ്രാർഥനക്കായി ഒരു പള്ളിയും കുടിക്കുവാനും അംഗശുദ്ധി വരുത്തുവാനുമായി ശുദ്ധജലവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുൽ അസീസ് രാജാവ് താമസിച്ചിരുന്ന ചരിത്രപ്രസിദ്ധമായ കൊട്ടാരമായ ബൈത് അൽ സുബൈഇയാണ് ശഖ്റയിലെ പ്രധാന ശ്രദ്ധാകേന്ദ്രം. പരമ്പരാഗത നജ്ദി ശൈലിയിലുള്ള മൺവീടുകളും കൊട്ടാരങ്ങളുമടങ്ങിയ പൈതൃക ഗ്രാമത്തെ കുറിച്ചും ചരിത്ര ശേഷിപ്പുകളെ പറ്റിയും സന്ദർശകർക്ക് അറിവ് പകർന്നു നൽകാൻ ഹെറിറ്റേജ് കമ്മീഷൻ പ്രത്യേക ഡിജിറ്റൽ പ്രസന്റേഷനും ഇവിടെ ഒരുക്കിയിട്ടുണ്ട്.
അറബിയിലും ഇംഗ്ലീഷിലും വിവരണം നൽകുവാനായി ഉദ്യോഗസ്ഥരുമുണ്ട്. പഠന നിരീക്ഷണ ങ്ങളിലേർപ്പെടുന്നവർക്കും സഞ്ചാരികൾക്കും യമാമ, ഉഷയ്ഗർ, മറാത്ത്, ശഖ്റ എന്നിവിടങ്ങളിലൂടെയുള്ള സഞ്ചാരം ഏറെ ഹൃദ്യ മായിരിക്കും. ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണത്തിനും പൈതൃകങ്ങളുടെ വീണ്ടെടുപ്പിനുമായുള്ള പുത്തൻ ചുവടുവെപ്പുകൾ ഏറെ പ്രശംസനീയമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

