സന്ദർശകരെ ആകർഷിച്ച് ഹാഇലിലെ പൈതൃകോത്സവം
text_fieldsഹാഇലിലെ പൈതൃകോത്സവത്തിൽനിന്നുള്ള കാഴ്ചകൾ
ഹാഇൽ: സൗദിയുടെ വടക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന നഗരമായ ഹാഇലിൽ അരങ്ങേറുന്ന പൈതൃകോത്സവം സന്ദർശകരെ ആകർഷിക്കുന്നു. കലയും പാരമ്പര്യവും ചരിത്രപരമായ ആധികാരികതയും സമന്വയിപ്പിക്കുന്നതും കരകൗശല വസ്തുക്കളുടെ സമ്പന്നമായ പ്രദർശനവും ‘ഹാഇൽ ഫെസ്റ്റിവലി’നെ വേറിട്ടതാക്കുന്നു. സൗദിയുടെ മഹിതമായ ചരിത്രത്തിന്റെ നാൾവഴികൾ അറിയാനും പുതുതലമുറക്ക് രാജ്യത്തിന്റെ പൗരാണിക ചരിത്രവിവരങ്ങൾ പകർന്നുനൽകാനും മേള വേദിയാകുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.സൗദി സാംസ്കാരിക മന്ത്രാലയം 2025 ‘കരകൗശല വസ്തുക്കളുടെ വർഷ’മായി ആചരിക്കുന്നതുമായി ബന്ധപ്പെട്ടാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. പുതിയ തലമുറയെ അവരുടെ പൈതൃകവുമായി ഇടപഴകാനും സൗദി കരകൗശല വിദഗ്ധരുടെ കഴിവുകൾ പ്രാദേശികവും ആഗോളവുമായി സന്ദർശകരിലേക്ക് ഉയർത്തിക്കാട്ടാനും കരകൗശല വർഷാചരണത്തിലൂടെ മന്ത്രാലയം ലക്ഷ്യം വെക്കുന്നു.
ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ഹാഇലിലെ മേള രാജ്യത്തിന്റെ ഭൂതകാലത്തിന്റെ ഒരു നേർക്കാഴ്ചയാണ് സമ്മാനിക്കുന്നത്. സ്വദേശികളായ യുവതീയുവാക്കൾക്ക് താൽക്കാലികമാണെങ്കിലും തൊഴിലവസരങ്ങൾ നൽകാനും പ്രാദേശിക കരകൗശല നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അവരുടെ നിർമിതികൾ പ്രദർശിപ്പിക്കാനും വിൽപന നടത്താനും കൂടി മേളയിൽ അധികൃതർ അവസരം നൽകുന്നുണ്ട്. 40 ലധികം കരകൗശല വസ്തുക്കളുടെ നിർമാണപ്രവർത്തനങ്ങൾ മേളയിൽ പ്രദർശിപ്പിച്ചിരിക്കുന്നു. വിക്കർ വർക്ക്, സദു നെയ്ത്ത്, ക്രോഷെ, കൈകൊണ്ട് നെയ്ത തുണിത്തരങ്ങൾ, വ്യതിരിക്തമായ നജ്ദി, ഹാഇൽ വാതിൽ നിർമാണം തുടങ്ങിയ പരമ്പരാഗത കഴിവുകൾ സന്ദർശകർക്ക് അപൂർവ അറിവാണ് പകർന്നുനൽകുന്നത്. പരമ്പരാഗത വസ്ത്രങ്ങൾ, തമുദിക് എംബ്രോയിഡറി, മരം, തുകൽ ബീഡിങ്, ഫൈബർ കലകൾ, റെസിൻ കല, സോപ്പ് നിർമാണം എന്നിവയാണ് മേളയിലെ മറ്റു പ്രധാന കാഴ്ചകൾ.
സന്ദർശകർക്ക് വൈവിധ്യമാർന്ന പരമ്പരാഗത നാടോടിഭക്ഷണങ്ങളും ആസ്വദിക്കാം. ഉത്സവനഗരിയുടെ ഹൃദയഭാഗത്ത് കലാപരമായ ഒരു തിയറ്ററും ഒരുക്കിയിരിക്കുന്നു. പൊതുജനങ്ങൾക്ക് നേരിട്ട് അവരുടെ കരകൗശല നിർമിതികൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദി ഒരുക്കിക്കൊണ്ട് ഫെസ്റ്റിവൽ പ്രാദേശിക കരകൗശല വിദഗ്ധരെ പിന്തുണക്കുന്നു. കരകൗശല വസ്തുക്കളുടെ സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യം ഊന്നിപ്പറയുന്നതിനൊപ്പം ആധുനിക ജീവിതത്തിൽ കരകൗശലവസ്തുക്കളുടെ പ്രസക്തിയെ പിന്തുണക്കുന്നതിനു കൂടിയാണ് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ഇത്തരം മേളകൾ അധികൃതർ ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

