ഹേമന്ത് നാട്ടിലെത്തി; ആശ്വാസത്തോടെ സാമൂഹിക പ്രവർത്തകർ
text_fieldsയാത്ര പുറപ്പെടുന്നതിനുമുമ്പ് ഹേമന്ത് ഒ.ഐ.സി.സി
പ്രവർത്തകർക്കൊപ്പം
അൽഅഹ്സ: ഒറ്റപ്പെടലിന്റെ ആധിയിൽ മനസ്സുതളർന്ന മലയാളി യുവാവിന് തുണയായി സാമൂഹിക പ്രവർത്തകർ. സൗദി കിഴക്കൻ പ്രവിശ്യയിലെ അബ്ഖൈക്കിൽ മനോവിഷമത്തിൽ കഴിഞ്ഞിരുന്ന കണ്ണൂർ ചക്കരക്കല്ല് സ്വദേശി ഹേമന്തിനെയാണ് (24) സാമൂഹിക പ്രവർത്തകർ കരുതലും കാവലും സ്വാന്തനവും നൽകി നാട്ടിലെത്തിച്ചത്.
കഴിഞ്ഞ വർഷം ജൂൺ 21ന് രണ്ടുവർഷത്തെ തൊഴിൽ വിസയിൽ ദമ്മാമിലെ ഒരു മാൻപവർ സപ്ലൈ കമ്പനിയിലേക്കാണ് ഹേമന്ത് വന്നത്. അവിടെനിന്ന് അൽ അദാമ കമ്പനിയുടെ കരാറിൻ കീഴിൽ അരാംകോ സൈറ്റുകളായ രാസ്തനൂറയിലും അബ്ഖൈക്കിലുമായി പ്ലംബിങ് ജോലി ചെയ്തു.
ഇതിനിടയിൽ തൊണ്ട വേദനയുണ്ടാവുകയും ആസ്ത്മയുടെ ബുദ്ധിമുട്ടുകൾ കൂടുകയും ചെയ്തു. ഗ്യാസ് പ്ലാൻറിലെ ജോലിയായതിനാൽ മറ്റ് അലർജി രോഗങ്ങളും ഹേമന്തിനെ തളർത്തി. അതോടൊപ്പം ജോലി സ്ഥലത്തും താമസസ്ഥലത്തും ഇതരഭാഷക്കാരായതിനാൽ ആരുമായും സംസാരിക്കാനാവാതെ ഒറ്റപ്പെടൽ അനുഭവിക്കുകയും ചെയ്തു. മാനസിക പിരിമുറുക്കം വർധിച്ചു. ഒറ്റപ്പെടുന്നുവെന്ന തോന്നൽ ആധിയും വെപ്രാളവും വ്യാധിയുമായി മാറി. താമസിയാതെ ജോലി സ്വമേധയ നിർത്തി താമസസ്ഥലത്ത് ആരോടും മിണ്ടാതെയും ഉരിയാടാതെയും തനിച്ചു കഴിയുന്ന സ്ഥിതിയിലേക്കുമാറി. നാലുമാസത്തോളം ഇങ്ങനെ കഴിഞ്ഞു.
എങ്ങനെയെങ്കിലും നാട്ടിലെത്തണമെന്ന ചിന്തയിൽ കമ്പനി അധികൃതരോട് തന്റെ പ്രശ്നങ്ങൾ അവതരിപ്പിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല. തുടർന്ന് ഇന്ത്യൻ എംബസിയിൽ പരാതിപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. മകന്റെ അവസ്ഥയറിഞ്ഞ് വിഷമിച്ച മുൻ പ്രവാസി കൂടിയായ പിതാവ് കണ്ണൂർ എം.പിയും കെ.പി.സി.സി പ്രസിഡൻറുമായ കെ. സുധാകരനെ കാര്യങ്ങൾ ധരിപ്പിച്ചു. അദ്ദേഹം വിഷയം ദമ്മാം ഒ.ഐ.സി.സി കണ്ണൂർ ജില്ല പ്രസിഡൻറ് മുസ്തഫയെ അറിയിച്ച് എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു.
അൽഅഹ്സ ഒ.ഐ.സി.സി ജീവകാരുണ്യ വിഭാഗം കൺവീനർ പ്രസാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ ഉമർ കോട്ടയിൽ, ശാഫി കുദിർ, അബ്ഖൈക്ക് ഒ.ഐ.സി.സി പ്രസിഡൻറ് ഹന്റെി വിത്സൻ എന്നിവർ ഹേമന്ത് ജോലി ചെയ്തിരുന്ന അൽ മനാഫ കമ്പനിയുമായി നിരന്തരം ബന്ധപ്പെട്ട് പരിഹാര ശ്രമങ്ങൾ നടത്തി. ഒടുവിൽ നാട്ടിലേക്ക് തിരിച്ചയക്കാമെന്ന് കമ്പനി അധികൃതർ സമ്മതിച്ചു. ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി നൽകിയ വിമാന ടിക്കറ്റിൽ കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്സ്പ്രസിൽ ഹേമന്ത് നാട്ടിലെത്തി. ഒ.ഐ.സി.സി കമ്മിറ്റികളെ കെ.പി.സി.സി പ്രസിഡൻറ് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

