മൃതദേഹങ്ങൾ നാട്ടിലയക്കാൻ സഹായം
text_fieldsമുഹമ്മദ് ഷാഹിദ് ആലം ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം അംഗങ്ങളുമായുള്ള
കൂടിക്കാഴ്ചയിൽ
സൗദി പടിഞ്ഞാറൻ മേഖലയിൽ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലയക്കുന്നതിന് സാമ്പത്തിക പ്രയാസമുള്ളവരുടെ അപേക്ഷകൾ ലഭിക്കുന്ന മുറക്ക് അർഹർക്ക് ഫണ്ട് അനുവദിക്കുന്നുണ്ടെന്ന് കോൺസുലേറ്റ് ജനറൽ കൂട്ടിച്ചേർത്തു. ഇത്തരത്തിൽ 100 ഓളം മൃതദേഹങ്ങളാണ് കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഇന്ത്യയിലേക്ക് കയറ്റിയയച്ചത്.
ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ മുമ്പിൽ നേരിട്ടുവന്ന് അവതരിപ്പിക്കാനുള്ള അവസരം എന്ന നിലക്ക് കോൺസുലേറ്റിൽ സംഘടിപ്പിച്ച ‘ഓപൺ ഹൗസി’ലൂടെ നിരവധിയാളുകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിച്ചു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ കലാ, സാംസ്കാരിക പ്രകടനങ്ങൾ അവതരിപ്പിക്കാനും മതപരമായും സാംസ്കാരികമായും മറ്റുമുള്ള ഇന്ത്യക്കാരുടെ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനും കോൺസുലേറ്റ് അങ്കണം നിരന്തരം അനുവദിച്ചുകൊടുത്തു. കോൺസുലേറ്റ് അങ്കണം ഇന്ത്യൻ പ്രവാസികളുടെ രണ്ടാം വീടെന്ന പോലെ ആർക്കും എപ്പോഴും എന്ത് പ്രശ്നവുമായി കടന്നുവരാവുന്ന കേന്ദ്രമാക്കി മാറ്റി.
മുൻ ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി അടക്കം നിരവധി കേന്ദ്രമന്ത്രിമാർ ജിദ്ദ സന്ദർശിച്ചതും അവരെ സ്വീകരിക്കാൻ സാധിച്ചതും തന്റെ മൂന്ന് വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ ഏറെ സന്തോഷം നൽകുന്ന കാര്യമായിരുന്നു.
കോവിഡ് കാലത്ത് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി ആരംഭിച്ച ‘വന്ദേഭാരത്’ പദ്ധതിയും സുഡാനിലെ ആഭ്യന്തര കലാപത്തെ തുടർന്ന് ഇന്ത്യക്കാരെ ജിദ്ദ വഴി ഒഴിപ്പിക്കാൻ ഏർപ്പെടുത്തിയ ‘ഓപറേഷൻ കാവേരി’ പദ്ധതിയുമായിരുന്നു ഔദ്യോഗിക ജീവിതത്തിനിടയിലെ ഏറ്റവും നിർണായകമായ നിമിഷങ്ങൾ.
എന്നാൽ സൗദിയധികൃതരുടെയും ഇന്ത്യൻ എംബസിയുടെയും അകമഴിഞ്ഞ പിന്തുണയും ജിദ്ദയിലെ ഇന്ത്യൻ സമൂഹത്തിന്റെ സഹായവും അക്കാര്യങ്ങളെല്ലാം സുഖമമായി ആർക്കും ഒരു പരാതിയുമില്ലാതെ പൂർത്തീകരിക്കാൻ സാധിച്ചു. മൂന്നുവർഷങ്ങളിലെ ഹജ്ജ് ഓപറേഷനും സുഖമമായി നടത്താൻ സാധിച്ചു. ഏകദേശം 4,50,000 ഹാജിമാർക്ക് സേവനം നൽകാൻ സാധിച്ചതും ഔദ്യോഗിക ജീവിതത്തിൽ മറക്കാനാകാത്ത അനുഭവമായിരുന്നുവെന്ന് കോൺസുൽ ജനറൽ പങ്കുവെച്ചു.
ഹജ്ജ് കാലത്ത് സൗദിയുടെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള മക്കയിലെ ഇന്ത്യൻ സന്നദ്ധപ്രവർത്തകരുടെ സേവനം വിലമതിക്കാനാവാത്തതാണ്. വരുംകാലങ്ങളിലും ഇത് തുടരണം. എന്നാൽ സൗദിയധികൃതരുടെ കൃത്യമായ നിയമങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം ഹജ്ജ് സേവനങ്ങൾ ചെയ്യേണ്ടത്. ഇന്ത്യയും സൗദിയും തമ്മിലുള്ള ഊഷ്മള ബന്ധം ശക്തിയായി നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് വിവിധ സെഷനുകൾ തന്റെ കാലയളവിൽ നടന്നു.
ഇരു രാജ്യങ്ങളിൽനിന്നുള്ള മന്ത്രിമാരും മറ്റു ഉയർന്ന ഉദ്യോഗസ്ഥരും വിവിധ സന്ദർഭങ്ങളിൽ ഇരു രാജ്യങ്ങളിലും പരസ്പരം സന്ദർശനം നടത്തുകയുണ്ടായി. കോൺസുലേറ്റിന് സ്വന്തമായൊരു കെട്ടിടവും മറ്റു അനുബന്ധസൗകര്യവും ഉണ്ടാവുകയെന്ന ഏറെ നാളത്തെ അഭിലാഷം ഉടൻ പൂർത്തിയാകും. നിർമാണ ജോലികൾ ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമകാര്യങ്ങളിൽ എത്രത്തോളം ഇടപെടാൻ കഴിഞ്ഞുവോ അത്രത്തോളം ആ സമൂഹത്തിൽനിന്നും തനിക്ക് സ്നേഹം തിരിച്ചുകിട്ടിയിട്ടുണ്ടെന്ന പാഠമാണ് ജിദ്ദ വിട്ടുപോവുമ്പോൾ പങ്കുവെക്കാനുള്ളതെന്നും കോൺസുൽ ജനറൽ പറഞ്ഞു. ഡൽഹിയിലേക്ക് മടങ്ങിയ മുഹമ്മദ് ഷാഹിദ് ആലം അടുത്ത മാസം ആദ്യ ആഴ്ചയോടെ ലണ്ടൻ ഹൈക്കമീഷനിൽ ചാർജ്ജെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

