പ്രവാസിയുടെ കുടുംബത്തിന് ജിദ്ദ കെ.എം.സി.സിയുടെ കൈത്താങ്ങ്
text_fieldsജിദ്ദ: ജിദ്ദയിൽ വാട്ടർ ടാങ്കിൽ അബദ്ധത്തിൽ വീണ് മരിച്ച ചേളാരി ദേവദിയാൽ സ്വദേശി ഹംസയുടെ കുടുംബത്തിന് ജിദ്ദ കെ.എം.സി.സിയുടെ കൈത്താങ്ങ്. കുടുംബത്തിന് നിത്യവരുമാനം ലഭിക്കാൻ 13 ലക്ഷത്തോളം രൂപ മുടക്കി പണിത ക്വാർട്ടേഴ്സിന്റെ പണി കഴിഞ്ഞ ദിവസം പൂർത്തിയാക്കി. ബുധനാഴ്ച ചേളാരിയിലെ ശിഹാബ് തങ്ങൾ ഭവനിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ക്വാർട്ടേഴ്സിന്റെ താക്കോൽ ഹംസയുടെ കുടുംബത്തിന് കൈമാറുമെന്ന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര അറിയിച്ചു.
രണ്ട് പെൺമക്കളുടെ വിവാഹ നിശ്ചയം കഴിഞ്ഞ തൊട്ടടുത്ത ദിവസമാണ് ഹംസയുടെ ദാരുണ മരണം സംഭവിച്ചത്. ഹംസയുടെ മരണാനന്തര കർമങ്ങൾക്ക് നേതൃത്വം നൽകിയ ജിദ്ദ കെ.എം.സി.സി മയ്യിത്ത് ഖബറടക്കിയശേഷം ഹംസയുടെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയുടെ ഉത്തരവാദിത്തം പൂർണമായും ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ജീവിച്ചിരിക്കുമ്പോൾ ഹംസ തീരുമാനിച്ച രണ്ട് മക്കളുടെയും വിവാഹം 30 പവൻ സ്വർണാഭരണങ്ങളും മറ്റു ചെലവുകളും നൽകി ജിദ്ദ കെ.എം.സി.സി നടത്തി കൊടുത്തിരുന്നു. ഹംസയുടെ വീടിന് സമീപത്ത് 20 ലക്ഷം രൂപ വിലകൊടുത്ത് 13 സെന്റ് ഭൂമി വാങ്ങി ഹംസയുടെ ഭാര്യയുടെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകി. പരേതനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് അന്ന് ഹംസയുടെ കുടുംബത്തിന് ഈ സ്ഥലത്തിന്റെ ആധാരം കൈമാറിയതെന്നും സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
