ജിദ്ദ, മക്ക ഉൾപ്പെടെ പടിഞ്ഞാറൻ മേഖലയിൽ ശക്തമായ മഴ
text_fieldsജിദ്ദ നഗരത്തിൽ ചൊവ്വാഴ്ച പെയ്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ട്
ജിദ്ദ: സൗദി പടിഞ്ഞാറൻ പ്രവിശ്യയിൽ ചൊവ്വാഴ്ച ശക്തമായ മഴ പെയ്തു. മേഖലയിലെ പ്രധാന നഗരങ്ങളായ ജിദ്ദ, മക്ക, യാംബു എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും മിതമായതോ ശക്തമായതോ ആയ മഴ ലഭിച്ചു. പല സ്ഥലങ്ങളിലും മഴയോടൊപ്പം ഇടിയും കാറ്റും ഉണ്ടായിരുന്നു. ശക്തമായ മഴയിൽ പല പ്രധാന റോഡുകളിലും വെള്ളം കയറിയതിനാൽ വാഹന ഗതാഗതം താറുമാറായി. ജിദ്ദ വിമാനത്താവളത്തിൽനിന്നുള്ള ചില വിമാനങ്ങൾ ഏറെ വൈകിയാണ് സർവിസ് നടത്തിയത്.
നേരത്തേതന്നെ യാത്രക്കാർ അതത് വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട് തങ്ങളുടെ യാത്രസമയം ഉറപ്പിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ജിദ്ദയിൽ നടക്കുന്ന റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ചൊവ്വാഴ്ചത്തെ മുഴുവൻ പരിപാടികളും പ്രദർശനങ്ങളും മോശം കാലാവസ്ഥയെ തുടർന്ന് റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്തു.
ജിദ്ദ നഗരത്തിൽ മഴവെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽനിന്ന് അത് ഒഴുക്കിക്കളയുന്നതിനുള്ള പ്രവർത്തനങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഡ്രെയിനേജ് സുഗമമാക്കാനും ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാനുമായി പമ്പിങ് ജോലികളും തടസ്സങ്ങൾ നീക്കം ചെയ്യലും ഊർജിതമാക്കി. കനത്ത മഴ ബാധിച്ച തെരുവുകളിലും പ്രദേശങ്ങളിലുമാണ് നഗരസഭ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചത്. അധികാരികളുടെ ദ്രുതഗതിയിലുള്ള പ്രതികരണവും പൊതുജനങ്ങളുടെ സഹകരണവും കാരണം നഗരത്തിൽ മഴ മൂലമുള്ള കാര്യമായ പ്രതിസന്ധികൾ ഒഴിവാക്കാനായി.
തിങ്കൾ മുതൽ ബുധൻ വരെ പ്രവിശ്യയിൽ ശക്തമായ മഴ ഉണ്ടാവുമെന്ന് നേരത്തേതന്നെ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇടിമിന്നൽ, ശക്തമായ കാറ്റ്, ആലിപ്പഴ വർഷം, മിന്നൽ പ്രളയം എന്നിവ ഉണ്ടാകാനുള്ള സാധ്യതയും മുന്നറിയിപ്പിലുണ്ടായിരുന്നു.
അതനുസരിച്ച് ജിദ്ദ, റാബിഖ്, ഖുലൈസ് തുടങ്ങിയ ഗവർണറേറ്റുകളിലെ സ്കൂളുകൾക്കെല്ലാം വിദ്യാഭ്യാസ മന്ത്രാലയം ചൊവ്വാഴ്ച അവധി നൽകിയിരുന്നു. താഴ്ന്ന പ്രദേശങ്ങൾ, വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ, താഴ്വരകൾ എന്നിവിടങ്ങളിൽനിന്ന് അകന്നുനിൽക്കാൻ പൊതുജനങ്ങൾക്ക് സിവിൽ ഡിഫൻസ് നിർേദശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

