യാംബുവിൽ കനത്ത മഴയും ഇടിമിന്നലും; വെള്ളക്കെട്ടിൽ ഗതാഗതം മുടങ്ങി
text_fieldsയാംബു ടൗണിൽ ഞായറാഴ്ച പുലർച്ച ഇടിമിന്നലോടുകൂടിയ കനത്ത മഴപെയ്തപ്പോൾ
ഫോട്ടോ. മുഹമ്മദ് റിയാസ് മോങ്ങം
യാംബു: ഞായറാഴ്ച പുലർച്ച യാംബുവിലും പരിസരപ്രദേശങ്ങളിലും കനത്തമഴ പെയ്തു. ഇടിയും മിന്നലും കാറ്റുംകൂടി വന്നപ്പോൾ അപൂർവ അനുഭവത്തിനാണ് പ്രദേശവാസികൾ സാക്ഷ്യംവഹിച്ചത്. കനത്തമഴ നിരവധി താഴ്വരകളിലെ ശക്തമായ ഒഴുക്കിനും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടിനും കാരണമായി. ചില പ്രദേശങ്ങളിൽ ഗതാഗത തടസ്സവും നേരിട്ടു.
താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടുകൾ കാഴ്ചയിൽ തടാകംപോലെ തോന്നുന്ന വിധത്തിൽ രൂപപ്പെട്ടിട്ടുണ്ട്. യാംബു മുനിസിപ്പാലിറ്റി അധികൃതർ റോഡുകളിലെ ഗതാഗത തടസ്സം മാറ്റാനുള്ള തീവ്ര ശ്രമത്തിലാണിപ്പോഴും. യാംബു അൽബഹ്ർ, യാംബു റോയൽ കമീഷൻ, യാംബു അൽനഖ്ൽ തുടങ്ങി എല്ലാ പ്രദേശങ്ങളിലും സാമാന്യം നല്ല മഴയാണ് ലഭിച്ചത്. അൽഅയ്സ്, ബദ്ർ, ഉംലജ് തുടങ്ങിയ പ്രദേശങ്ങളിൽ നേരിയ തോതിലും കഴിഞ്ഞദിവസം മഴ ലഭിച്ചു.
ശനിയാഴ്ച വൈകീട്ട് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽനിന്ന് ഇടിമിന്നലിനും നല്ല മഴക്കും സാധ്യത ഉണ്ടെന്ന അറിയിപ്പ് നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ മദീന സിവിൽ ഡിഫൻസ് പ്രദേശവാസികളോട് ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. യാംബു അൽനഖ്ൽ പ്രദേശങ്ങളിലെ താഴ്വരകളിൽ നല്ല ഒഴുക്ക് അനുഭവപ്പെട്ടതിനാൽ സിവിൽ ഡിഫൻസിെൻറ സന്നദ്ധ വിഭാഗം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അടുത്ത ദിവസങ്ങളിലും യാംബുവിെൻറ ചില മേഖലകളിൽ മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ വകുപ്പ് അറിയിച്ചു. യാംബു അൽനഖ്ലിലെ ചില പ്രദേശങ്ങളിൽ മഴയോടൊപ്പം ആലിപ്പഴവർഷവും ഉണ്ടായതായി റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

