ജിദ്ദയിൽ ശക്തമായ ഇടിമിന്നലും മഴയും
text_fieldsജിദ്ദ: ജിദ്ദയിൽ ഇടി മിന്നലോടെ മഴ തുടരുന്നു. ഒരാഴ്ചയോളമായി മേഖലയിൽ മഴയുണ്ട്. ശനിയാഴ്ച രാവിലെയാണ് നഗരത്തിൽ മഴ ശക്തി പ്രാപിച്ചത്. പട്ടണത്തിെൻറ തെക്ക്, കിഴക്ക്, മധ്യഭാഗങ്ങളിൽ ശക്തമായ മഴയാണുണ്ടായത്. പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളിൽ നേരിയ മഴയായിരുന്നു. രാവിലെ ഉണ്ടായ കനത്ത മഴക്കു ശേഷം ഇടിയും മിന്നലുമായി ചാറൽമഴ ഇടവിട്ട് തുടർന്നു. ഉച്ചയോടെ മാനം തെളിഞ്ഞെങ്കിലും വൈകുന്നേരം വീണ്ടും ചിലയിടങ്ങളിൽ മഴയുണ്ടായി. രാവിലെ 11 മണിയായപ്പോഴേക്കും 20 മില്ലി മീറ്റർ മഴ പെയ്തതാണ് കണക്ക്. ഞായറാഴ്ചയും മഴ തുടരുമെന്ന് കാലാവസ്ഥ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. മുനിസിപ്പാലിറ്റി, സിവിൽ ഡിഫൻസ്, ആരോഗ്യം, റെഡ്ക്രസൻറ് തുടങ്ങിയ വകുപ്പുകൾക്ക് ജാഗ്രതാ നിർദേശം നൽകി. തുരങ്കങ്ങൾക്കടുത്തും വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളിലുമെല്ലാം മുനിസിപ്പാലിറ്റി വലിയ മോേട്ടാറുകൾ സ്ഥാപിച്ച് വെള്ളം നീക്കം ചെയ്തു. ശുചീകരണത്തിനായി കൂടുതൽ ജോലിക്കാരെ നിയോഗിച്ചു. റോഡുകളിലെ വെള്ളം നീക്കം ചെയ്യാൻ കൂടുതൽ ടാങ്കർ ലോറികളും ഒരുക്കി. കാലാവസ്ഥ വ്യതിയാനം ജിദ്ദ വിമാനത്താവളത്തിലെ വിമാന സർവീസിനെ ബാധിച്ചിട്ടില്ലെന്ന് കിങ് അബ്ദുൽ അസീസ് വിമാനത്താവള അധികൃതർ ട്വിറ്ററിൽ അറിയിച്ചു.
കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് സിവിൽ ഡിഫൻസും ജഗ്രതയിലായിരുന്നുവെന്ന് മക്ക മേഖല സിവിൽ ഡിഫൻസ് വക്താവ് കേണൽ സഇൗദ് സർഹാൻ പറഞ്ഞു. അടിയന്തിര വിഭാഗത്തെയും രക്ഷാപ്രവർത്തനത്തിനു വേണ്ട ബോട്ട് അടക്കം ആവശ്യമായ യന്ത്ര സാമഗ്രികളും നേരത്തെ വിന്യസിച്ചു. കാലാവസ്ഥ വിഭാഗവുമായി സഹകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. മഴയുണ്ടാകുേമ്പാൾ സാധാരണയുണ്ടാകാറുള്ള വെള്ളക്കെട്ടുകളാണ് ഉണ്ടായത്. മുനിസിപ്പാലിറ്റിയുമായി ചേർന്ന് വെള്ളം നീക്കം ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിച്ചു. സഹായം തേടി 68 ഒാളം കാളുകൾ എത്തി.
അതേ സമയം, രാത്രി ഏറെ വൈകിയും റോഡുകളിലെ വെള്ളം നീക്കം ചെയ്യൽ തുടരുകയാണ്. രണ്ട് ഷിഫ്റ്റുകളിലായി 15 ഒാളം ബലദിയ ബ്രാഞ്ച് ഒാഫീസുകൾക്ക് കീഴിൽ 1700 ലധികം തൊഴിലാളികളെ മുനിസിപ്പാലിറ്റി നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
