ദമ്മാം രണ്ടാം ഇൻഡസ്ട്രിയൽ സിറ്റിയിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും
text_fieldsദമ്മാം സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിയിൽ അടിഞ്ഞുകൂടിയ ആലിപ്പഴം
ദമ്മാം: സൗദി അറേബ്യയിലെ ദമ്മാം സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിയിൽ ഇന്ന് ശക്തമായ മഴയും ആലിപ്പഴ വർഷവും അനുഭവപ്പെട്ടു. മേഖലയിൽ പെട്ടെന്നുണ്ടായ കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് വലിയ തോതിലുള്ള ആലിപ്പഴ വീഴ്ചയാണ് ഉണ്ടായത്. പ്രമുഖ ഫോട്ടോഗ്രാഫറായ ഹമദ് ബിൻ സാദ് അൽ-സുബൈഇയാണ് ദമ്മാമിലെ ഈ മനോഹരവും വിസ്മയകരവുമായ ദൃശ്യങ്ങൾ പകർത്തിയത്. വ്യാവസായിക മേഖലയിൽ മഴ ശക്തമായതോടെ താപനിലയിൽ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മഴയും ആലിപ്പഴ വർഷവും തുടരാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവരും തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
നിലവിൽ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് കിഴക്കൻ പ്രവിശ്യകളിലും വടക്കൻ മേഖലകളിലും അസ്ഥിരമായ കാലാവസ്ഥയാണ് തുടരുന്നത്. ദമ്മാം, ഖോബാർ, ദഹ്റാൻ മേഖലകളിൽ വരും മണിക്കൂറുകളിലും ആകാശം മേഘാവൃതമായിരിക്കാനും ഇടവിട്ടുള്ള മഴയ്ക്കും സാധ്യതയുണ്ട്. ചിലയിടങ്ങളിൽ കാറ്റോടുകൂടിയ ആലിപ്പഴ വർഷവും ഉണ്ടായേക്കാം. തലസ്ഥാന നഗരിയായ റിയാദിൽ തണുപ്പ് വർധിക്കാനാണ് സാധ്യത. രാത്രികാലങ്ങളിൽ താപനില ഗണ്യമായി കുറയാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. തബൂക്ക്, അൽ-ജൗഫ് തുടങ്ങിയ വടക്കൻ അതിർത്തികളിൽ കടുത്ത തണുപ്പും മൂടൽമഞ്ഞും അനുഭവപ്പെടുന്നുണ്ട്.
മഴയുള്ള സമയത്ത് റോഡുകളിൽ വഴുക്കലുണ്ടാകാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കുകയും സുരക്ഷിതമായ അകലം പാലിക്കുകയും ചെയ്യുക. ശക്തമായ മഴ പെയ്യുന്ന സമയത്ത് താഴ്ന്നപ്രദേശങ്ങളിലും വാദികളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ അത്തരം സ്ഥലങ്ങളിൽനിന്ന് വിട്ടുനിൽക്കുക. സിവിൽ ഡിഫൻസ്, കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എന്നിവ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

