ഹൃദ്യം, മനോഹരം ഉംലജിലെ അൽ ഹറ ബീച്ച്
text_fieldsഉംലജ് ഗവർണറേറ്റിലെ വടക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന അൽ ഹറ ബീച്ചിലെ കാഴ്ചകൾ
തബൂക്ക്: സൗദി വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിന് സമീപം ഉംലജ് ഗവർണറേറ്റിലെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന അൽ ഹറ ബീച്ച് ചെങ്കടൽ തീരത്തെ ഏറ്റവും മനോഹരമായ ടൂറിസം കേന്ദ്രങ്ങളിലൊന്നാണ്.പഞ്ചാര മണലും കറുത്ത അഗ്നിപർവത പാറകളും ചേർന്ന് അഭൗമ സൗന്ദര്യമൊരുക്കുന്ന ഇവിടം സന്ദർശകർക്ക് ഏറെ ഹൃദ്യമായ അനുഭവം സമ്മാനിക്കുന്നു. കടൽത്തീരത്തെ പാറക്കെട്ടുകൾ മത്സ്യബന്ധന പ്രേമികൾക്ക് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. വൈവിധ്യമാർന്ന സമുദ്ര ഭൂപ്രകൃതിയാണ് ഈ ബീച്ചിനെ വ്യത്യസ്തമാക്കുന്നത്. സന്ദർശകർക്ക് സുരക്ഷിതമായി നീന്തൽ ആസ്വദിക്കാൻ കഴിയുന്ന ആഴം കുറഞ്ഞ കടൽ ഭാഗമാണ് ഇവിടെയുള്ളത്.
കടൽ ആസ്വാദന പ്രേമികൾക്ക് പര്യവേക്ഷണത്തിനായി ധാരാളം അവസരങ്ങളും ഇവിടുണ്ട്. കടൽ ജലത്തിന്റെ അഗാധ നീലിമയും വേറിട്ടുള്ള കടൽക്കാഴ്ചകളും ഈ ബീച്ചിനെ വ്യത്യസ്തമാക്കുന്നു. നഗരങ്ങളുടെ തിരക്കുകളിൽനിന്ന് മാറി മനോഹരമായ പ്രകൃതിദൃശ്യങ്ങളാൽ ചുറ്റപ്പെട്ട് ശാന്തമായ അന്തരീക്ഷത്തിൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സ്ഥലം ഇഷ്ടത്താവളമാണ്. കടലിന്റെ സൗന്ദര്യവും പ്രകൃതിയുടെ ശാന്തതയും സംയോജിപ്പിക്കുന്ന സ്ഥലത്ത് മത്സ്യത്തൊഴിലാളികളെ എപ്പോഴും കാണാം.
അൽ ഹറ ബീച്ച് ഒരു തുറന്ന പ്രകൃതിദത്ത പാർക്ക് കൂടിയായി മാറിയിട്ടുണ്ട്. ഇവിടെ സന്ദർശകർക്ക് തെളിഞ്ഞ വെള്ളത്തിന്റെ വൈവിധ്യമാർന്ന നിറങ്ങളും തിരമാലകളിൽ സൂര്യരശ്മികളുടെ പ്രതിഫലനവും ആസ്വദിക്കാൻ കഴിയും.ഇത് ഒരു തുറന്ന കലാസൃഷ്ടിയോട് സാമ്യമുള്ള പ്രകൃതി ദൃശ്യം പ്രകടമാക്കുന്നു. മനോഹരമായ ബീച്ചുകൾ, മോഹിപ്പിക്കുന്ന ദ്വീപുകൾ, പ്രകൃതിസ്നേഹികളെയും സമുദ്ര ടൂറിസത്തെയും ആകർഷിക്കുന്ന സമുദ്രാന്തരീക്ഷം എന്നിവയാൽ സമ്പന്നമാണ് ഉംലജ് മേഖല.
ഏത് കാലത്തും മിതമായ കാലാവസ്ഥയും ഇവിടത്തെ കന്യാതീരങ്ങളിൽ കുളിക്കാനും നീന്തൽ പരിശീലിക്കാനുമുള്ള സൗകര്യങ്ങളും സന്ദർശകരെ ഇങ്ങോട്ട് മാടിവിളിക്കുന്ന ഘടകങ്ങളാണ്.തബൂക്ക് ഗവർണറേറ്റിലെ ചെങ്കടലിന്റെ വിവിധ ഭാഗങ്ങളിലുള്ള 50-ഓളം ചെറുദ്വീപുകളെയും വിനോദസഞ്ചാരികളെ ആവോളം ആകർഷിക്കുന്ന വൈവിധ്യങ്ങൾ നിറഞ്ഞ ബീച്ചുകളെയും കേന്ദ്രീകരിച്ച് നടക്കുന്ന ചെങ്കടൽ ടൂറിസം പദ്ധതിയുടെ പ്രവർത്തനങ്ങൾ ഇപ്പോൾ അവസാന ഘട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

