സങ്കീർണമായ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ആസ്റ്റർ ഹോസ്പിറ്റൽ
text_fieldsകൺസൾട്ടന്റ് കാർഡിയോത്തോറാസിക് സർജന്മാരായ ഡോ. സന്ദീപ് ശ്രീവാസ്തവ, ഡോ. ഷിപ്രാ ശ്രീവാസ്തവ എന്നിവർക്കൊപ്പം സന്തോഖ് സിങ് അജിത് സിങ്
ദുബൈ: യു.എ.ഇയിൽ താമസിക്കുന്ന ഇന്ത്യൻ സ്വദേശിക്ക് അപൂർവവും അത്യാധുനികവുമായ അഞ്ച് വെസ്സൽ ബൈപാസ് ശസ്ത്രക്രിയ വിജയകരമായി നടത്തി അൽ ഖിസൈസിലെ ആസ്റ്റർ ഹോസ്പിറ്റൽ. 55 കാരനായ സന്തോഖ് സിങ് അജിത് സിങ്ങിന് കഠിനമായ നെഞ്ചുവേദനയെ തുടർന്ന് നടത്തിയ ആൻജിയോഗ്രാമിലാണ് ഹൃദയത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ ഗുരുതര തടസ്സങ്ങൾ കണ്ടെത്തിയത്. തുടർന്ന് കൺസൾട്ടന്റ് കാർഡിയോത്തോറാസിക് സർജന്മാരായ ഡോ. സന്ദീപ് ശ്രീവാസ്തവ, ഡോ. ഷിപ്രാ ശ്രീവാസ്തവ എന്നിവരുടെ നേതൃത്വത്തിലാണ് എട്ട് മണിക്കൂർ നീണ്ട സങ്കീർണ ശസ്ത്രക്രിയ നടത്തിയത്.
ഹൃദയമിടിപ്പ് തടസ്സപ്പെടുത്താതെ, ശരീരത്തിലെ പ്രധാന രക്തക്കുഴലായ അയോർട്ടയിൽ തൊടാതെയാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. പരമ്പരാഗതമായി കാലിലെ സിരകൾ ഉപയോഗിക്കുന്നതിന് പകരം, രോഗിയുടെ കൈത്തണ്ടയിൽ നിന്നും നെഞ്ചിൽ നിന്നുമുള്ള സ്വന്തം ധമനികൾ ഉപയോഗിച്ചാണ് പുതിയ രക്തയോട്ട പാതകൾ നിർമിച്ചത്. ഇതിലൂടെ അഞ്ച് ബൈപാസുകളും 11 സങ്കീർണ ധമനീ കണക്ഷനുകളും സൃഷ്ടിച്ച് ഹൃദയത്തിലേക്കുള്ള രക്തയോട്ടം പൂർണമായി പുനഃസ്ഥാപിച്ചു.
ധമനികളിലെ കഠിനമായ കൊഴുപ്പ് നിക്ഷേപം (പ്ലാക്ക്) നീക്കം ചെയ്യുകയും തടസ്സപ്പെട്ട രക്തക്കുഴലുകൾ പുനർനിർമിക്കുകയും ചെയ്ത ശേഷമാണ് ബൈപാസ് പൂർത്തിയാക്കിയത്. അയോർട്ട ഒഴിവാക്കി ശസ്ത്രക്രിയ നടത്തിയതിലൂടെ വരാൻ സാധ്യതയുള്ള സ്ട്രോക്കിന്റെ അപകടസാധ്യത പൂർണമായും ഒഴിവാക്കാൻ സാധിച്ചതായി ഡോക്ടർമാർ വ്യക്തമാക്കി. കൃത്യമായ ആസൂത്രണത്തോടെയും വൈദഗ്ധ്യത്തോടെയും നടത്തിയ ഈ പ്രക്രിയക്ക് ശേഷം രോഗി വേഗത്തിൽ സുഖം പ്രാപിച്ചുവരുന്നു.
2024 നവംബറിൽ കാർഡിയാക് സർജറി പ്രോഗ്രാം ആരംഭിച്ചതിന് ശേഷം അൽ ഖിസൈസിലെ ആസ്റ്റർ ഹോസ്പിറ്റൽ ഇതുവരെ 500ലധികം ഹൃദയ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. യു.എ.ഇയിൽ ഹൃദ്രോഗങ്ങൾ മൂലമുള്ള മരണനിരക്ക് ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ, ഇത്തരത്തിലുള്ള സങ്കീർണ ചികിത്സകൾ രോഗികൾക്ക് രാജ്യത്തിനകത്തുതന്നെ ആഗോളനിലവാരത്തിൽ ലഭ്യമാക്കാൻ ആസ്റ്റർ ഹോസ്പിറ്റലിന് സാധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

