ഹൃദ്രോഗം തളർത്തി; കൊല്ലം സ്വദേശിക്ക് താങ്ങായി കേളി അൽ ഖുവയ്യ യൂനിറ്റ്
text_fieldsനാട്ടിലേക്ക് മടങ്ങുംമുമ്പ് അജിക്ക് കേളി പ്രവർത്തകർ യാത്രാരേഖകൾ കൈമാറുന്നു
റിയാദ്: പ്രവാസഭൂമിയിൽ രോഗാവസ്ഥയാൽ തളർന്നുപോയ മലയാളിക്ക് സാന്ത്വനവുമായി കേളി കലാസാംസ്കാരിക വേദി അൽ ഖുവയ്യ യൂനിറ്റ് പ്രവർത്തകർ. ജോലിക്കിടയിൽ ഹൃദയാഘാതം സംഭവിച്ച കൊല്ലം സ്വദേശി അജി സുരേന്ദ്രനാണ് കേളി പ്രവർത്തകരുടെ ഇടപെടലിലൂടെ പുതുജീവൻ ലഭിച്ചതും തുടർചികിത്സക്കായി നാട്ടിലെത്തിയതും.
അൽ ഖുവയ്യ സനാഇയ്യയിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്നതിനിടെയാണ് അജിക്ക് ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ അൽ ഖുവയ്യ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഹൃദയത്തിൽ ബ്ലോക്ക് കണ്ടെത്തുകയായിരുന്നു. സ്ഥിതി ഗുരുതരമായതോടെ കേളി പ്രവർത്തകർ ഇടപെട്ട് അജിയെ അടിയന്തരമായി റിയാദിലെ ശുമൈസിയിലുള്ള കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ എത്തിച്ചു. അവിടെ വെച്ച് അടിയന്തരമായി ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയതോടെയാണ് അജിയുടെ ജീവൻ രക്ഷിക്കാനായത്.
ആശുപത്രിവാസത്തിന് ശേഷം ഡിസ്ചാർജ് ചെയ്തെങ്കിലും പൂർണവിശ്രമം ആവശ്യമായ അജിക്ക് കേളി പ്രവർത്തകനായ സുരേഷ് ഒരു മാസത്തോളം താങ്ങായി നിന്നു. അസുഖത്തെ തുടർന്ന് രണ്ട് മാസത്തോളം ജോലിക്ക് പോകാൻ കഴിയാതിരുന്നതിനാൽ സാമ്പത്തികവും മാനസികവുമായ പ്രയാസങ്ങൾ നേരിട്ട ഘട്ടത്തിലാണ് കേളി വീണ്ടും സഹായവുമായെത്തിയത്. കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിയ അജിയെ ബന്ധുക്കൾ സ്വീകരിച്ചു. മൂന്ന് വർഷമായി അൽ ഖുവയ്യയിൽ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. ദുരിതകാലത്ത് കൂടെ നിന്ന കേളി അൽ ഖുവയ്യ യൂണിറ്റ് അംഗങ്ങൾക്ക് നന്ദി പറഞ്ഞാണ് അജി പ്രവാസഭൂമിയോട് താൽക്കാലികമായി വിടപറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

