ഹൃദയാഘാതം; മലപ്പുറം സ്വദേശി യാംബുവിൽ നിര്യാതനായി
text_fieldsയാംബു: മലപ്പുറം കിഴിശ്ശേരി ആലുംച്ചോട് സ്വദേശിയായ പ്രവാസി യുവാവ് യാംബുവിൽ ഹൃദയാഘാതം മൂലം മരിച്ചു. ആലുംകണ്ടി വീട്ടിൽ പരേതനായ അഹമ്മദിന്‍റെ മകൻ ഷമീർ ബാബു (44) ആണ് ഞായറാഴ്ച പുലർച്ചെ നിര്യാതനായത്.
ഒന്നര പതിറ്റാണ്ടിലേറെയായി യാംബുവിൽ സെയിൽസ് വാഹന ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ശനിയാഴ്ച രാത്രി സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന ഷമീർ ബാബുവിന് പുലർച്ചെയോടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും യാത്രാമധ്യേ മരിച്ചു.
മൃതദേഹം നിലവിൽ യാംബു ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി ജിദ്ദയിലുള്ള സഹോദരൻ മുജീബ് റഹ്‌മാൻ യാംബുവിൽ എത്തിയിട്ടുണ്ട്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം യാംബുവിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ആമിനക്കുട്ടിയാണ് മാതാവ്. ഭാര്യ: ഉമ്മു ഹസ്‌നത്ത്. മക്കൾ: ലിയാ ഫാത്തിമ, ആയിഷ ലിൻഷ. മുജീബ് റഹ്‌മാൻ, ജസീന, സലീന എന്നിവർ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

