ഹൃദയാഘാതം; കർണാടക സ്വദേശി ബിഷയിൽ നിര്യാതനായി
text_fieldsബിഷ: ഹൃദയാഘാതത്തെത്തുടർന്ന് കർണാടക സ്വദേശി ബിഷയിൽ നിര്യാതനായി. മംഗളുരു ബെളത്തങ്ങാടി സ്വദേശി അബ്ദുൽ ഹമീദ് (53) ആണ് ബിഷ കിങ് അബ്ദുള്ള ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചക്ക് താമസസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപ്പസമയത്തിനുള്ളിൽ മരിക്കുകയായിരുന്നു.
വർഷങ്ങളായി ബിഷയിലെ അറിയപ്പെടുന്ന ഖുബൂസ് കമ്പനിയിൽ സെയിൽസിലും പർച്ചേസിലുമായി ജോലി ചെയ്തുവരികയായിരുന്നു. നാട്ടിൽ ലീവിൽ പോയി വന്നിട്ട് ഏകദേശം രണ്ട് വർഷമായി. മൃതദേഹം ബിഷയിൽ ഖബറടക്കുന്നതിന് ഭാര്യ സഹോദരന്മാർ അൽഖോബാറിൽ നിന്ന് ബിഷയിൽ എത്തിയിട്ടുണ്ട്. ആവശ്യമായ എല്ലാ സഹായങ്ങളുമായി ബിഷയിലെ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരായ അബുൽ റഹീം പാലുവള്ളി, റഫീഖ് കാലടി എന്നിവർ കൂടെയുണ്ട്.
കോൺസുലേറ്റിൽ നിന്നും ആവശ്യമായ രേഖകൾ ശരിയാക്കാൻ ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫയർ ഇൻ ചാർജും ജിദ്ദ കോൺസുലേറ്റ് സാമൂഹ്യക്ഷേമ വിഭാഗം അംഗവുമായ ഹനീഫ മഞ്ചേശ്വരം സഹായത്തിനുണ്ടായിരുന്നു. ഭാര്യ: മുംതാസ് ബീഗം, മക്കൾ: തസ്ലീമ, സിദ്റത്ത്, സുഹൈൽ, മാതൃസഹോദരൻ: അബ്ദുൽ മുത്തലിബ് (ബിഷ).

