ശൈത്യകാലത്ത് ആരോഗ്യ പ്രതിരോധം: ഉപദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം
text_fieldsറിയാദ്: ശൈത്യകാത്ത് ആരോഗ്യ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ജലദോഷം തടയുന്നതിനുമുള്ള പ്രധാനപ്പെട്ട ആരോഗ്യ ഉപദേശങ്ങൾ നൽകി സൗദി ആരോഗ്യ മന്ത്രാലയം. ‘ലൈവ് ഹെൽത്തി’ എന്ന ബോധവത്കരണ പ്ലാറ്റ്‌ഫോമിലൂടെയാണ് മന്ത്രാലയം ആരോഗ്യ നുറുങ്ങുകൾ നൽകിയിരിക്കുന്നത്. കാലാനുസൃതമായ രോഗങ്ങളുടെ അപകടസാധ്യതകളെക്കുറിച്ചും അവ എങ്ങനെ തടയാമെന്നതിനെക്കുറിച്ചും സമൂഹത്തിലെ അംഗങ്ങളിൽ അവബോധം വളർത്തുന്നതിനും പ്രതിരോധം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണിത്.
പച്ചക്കറികൾ, പഴങ്ങൾ, ഓട്‌സ്, മാംസം, പയർവർഗങ്ങൾ തുടങ്ങിയ നാരുകളും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു. രോഗപ്രതിരോധ സംവിധാനത്തെ പിന്തുണക്കുന്നതിനും ഭാരം നിയന്ത്രിക്കുന്നതിനും പതിവായി വ്യായാമം ചെയ്യേണ്ടതുണ്ട്. ആരോഗ്യപരമായ അപകടസാധ്യതകൾ ഉള്ളതിനാൽ വീടിനുള്ളിൽ വിറക് അല്ലെങ്കിൽ കരി കത്തിക്കുന്നത് ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം പറഞ്ഞു.
ശൈത്യകാലത്തിന്റെ തുടക്കത്തിൽ സീസണൽ ഇൻഫ്ലുവൻസ വാക്സിൻ എടുക്കേണ്ടതുണ്ട്. ദാഹം കുറയുന്നതിനാൽ ചിലർ അവഗണിക്കുന്ന നിർജലീകരണം ഒഴിവാക്കാൻ തണുപ്പുള്ള ദിവസങ്ങളിൽ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടതിന്റെ പ്രാധാന്യവും ആരോഗ്യ മന്ത്രാലയം അതിന്റെ ഉപദേശങ്ങളിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

