മലപ്പുറം കെ.എം.സി.സി ആരോഗ്യ കാമ്പയിൻ ‘പരിരക്ഷ 2025’ ഇന്ന് മുതൽ
text_fieldsമലപ്പുറം കെ.എം.സി.സി ആരോഗ്യ കാമ്പയിൻ സംഘാടകർ വാർത്തസമ്മേളനത്തിൽ
റിയാദ്: മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങിനെറ ആഭിമുഖ്യത്തിൽ പ്രവാസി മലയാളികളുടെ ആരോഗ്യ സംരക്ഷണത്തിനായി ഇസ്മ മെഡിക്കൽ സന്റെറുമായി (അൽ ഖലീജ് ഇസ്ബീലിയ) സഹകരിച്ച് സംഘടിപ്പിക്കുന്ന ‘പരിരക്ഷ 2025’ ത്രൈമാസ ആരോഗ്യ കാമ്പയിന് വ്യാഴാഴ്ച തുടക്കം കുറിക്കും.
വൈകീട്ട് ഏഴ് മുതൽ ബത്ഹയിലെ നൂർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ക്യാമ്പയിന്റെ ഭാഗമായി വെള്ളിയാഴ്ച റിയാദിലെ പ്രമുഖ ഡോക്ടർമാരും മെഡിക്കൽ ട്രെയിനർമാരും പങ്കെടുക്കുന്ന ആരോഗ്യ സെമിനാർ സംഘടിപ്പിക്കും. സെമിനാറിൽ ഇസ്മ മെഡിക്കൽ സെന്ററിലെ ജനറൽ ഫിസിഷ്യൻ ഡോ. സുമി തങ്കച്ചൻ ‘പ്രവാസി ജീവിതത്തിലെ ആരോഗ്യ വെല്ലുവിളികളും പരിഹാരങ്ങളും’ എന്ന വിഷയം അവതരിപ്പിക്കും.
പ്രമുഖ ലൈഫ് കോച്ച് സുഷമ ഷാൻ ‘ലഹരി ചുഴിയിൽ അടി തെറ്റുന്ന പ്രവാസം’ എന്ന വിഷയവും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഫാത്തിമ റൈഹാൻ ‘പ്രവാസികളിലെ മാനസിക സമ്മർദം’ എന്ന വിഷയവും അവതരിപ്പിക്കും.
ഫെബ്രുവരി 14ന് ഇസ്മ മെഡിക്കൽ സെന്ററിൽ വെച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്ത 300 പേർക്കായി വിപുലമായ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ നടക്കുന്ന വിപുലമായ അഡ്വാൻസ്ഡ് മെഡിക്കൽ ക്യാമ്പിൽ സൗജന്യമായി അതി നൂതന ടെക്നോളജിയോടുകൂടിയ മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെ ഹൃദയം, വൃക്ക, കണ്ണ് എന്നിവയുൾപ്പെടെയുള്ള പരിശോധനകളും ഇസ്മ മെഡിക്കൽ സെന്ററിലെ മലയാളി നേത്ര രോഗവിദഗ്ധരുടെ സേവനവും ലഭ്യമാകും.
കൂടാതെ ഈ ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഒരു വർഷത്തേക്ക് മാസത്തിൽ ഒരിക്കൽ സൗജന്യ ഡോക്ടർ കൺസൾട്ടേഷനും അടിസ്ഥാന ആരോഗ്യ പരിശോധനകളും ലഭിക്കും. ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവർക്കും വിസിറ്റിങ് വിസക്കാർക്കും ഉപയോഗപ്പെടുത്താൻ കഴിയുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.
റിയാദിന്റെ ഏത് ഭാഗത്തുനിന്നും അനായാസേന പുതിയ മെട്രോ സംവിധാനം വഴി ക്യാമ്പിലേക്ക് എത്താൻ കഴിയും. വിശാലമായ കാർ പാർക്കിങ് സൗകര്യവും ലഭ്യമാണ്. മെട്രോയുടെ റെഡ് ലൈനിലെ 23ാം നമ്പർ സ്റ്റേഷന് സമീപമാണ് ഇസ്മ മെഡിക്കൽ സെന്റർ.
ഏപ്രിൽ 25ന് വൈകീട്ട് ഏഴിന് സുലൈ വൈറ്റ് പാലസ് ഇസ്തിറാഹയിൽ പ്രമുഖ ആരോഗ്യ പരിശീലകരുടെ നേതൃത്വത്തിൽ ഒരു വെൽനസ് വർക്ക്ഷോപ്പും നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ബത്ഹ നൂർ ഓഡിറ്റോറിയത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇസ്മ മെഡിക്കൽ സന്റെർ മാനേജിങ് ഡയറക്ടർ വി.എം. അഷ്റഫ്, ഇസ്മ മെഡിക്കൽ സെന്റർ ബിസിനസ് ഡെവലപ്മെന്റ് മാനേജർ സി.കെ. ഫഹദ്, കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ്, ട്രഷറർ മുനീർ വാഴക്കാട്, വെൽഫെയർ വിങ് ഭാരവാഹികളായ ജാഫർ വീമ്പൂർ, ഇസ്മാഈൽ പടിക്കൽ, ഹാഷിം കോട്ടക്കൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

