‘എന്റെ മകനായിരുന്നു അവൻ’; മലയാളി ഹൗസ് ഡ്രൈവറുടെ മരണത്തിൽ മനസ്സുലഞ്ഞ് സൗദി തൊഴിലുടമ
text_fieldsസിയാദ്
റിയാദ്: മലയാളി ഹൗസ് ഡ്രൈവറുടെ മരണത്തിൽ മനസ്സുലഞ്ഞ് ഒരു സൗദി തൊഴിലുടമ. തൊടുപുഴ രണ്ടുപാലം സ്വദേശിയും നിലവിൽ എറണാകുളം പറവൂർ മാഞ്ഞാലിയിൽ താമസക്കാരനുമായ കണിയാംപറമ്പിൽ ബഷീറിന്റെ മകൻ സിയാദ് എന്ന 36-കാരന്റെ അപകട മരണമാണ് ഈ വ്യവസായിയുടെ ഉള്ളുലക്കുന്നത്. തന്റെ ഡ്രൈവറായി ഏഴുവർഷമായി ജോലി ചെയ്തിരുന്ന സിയാദിന്റെ വിയോഗം ഇനിയും ഉൾക്കൊള്ളാനായിട്ടില്ല അദ്ദേഹത്തിന്.
എന്റെ മകനായിരുന്നു അവനെന്ന് പറയുേമ്പാൾ വിതുമ്പലടക്കാനാവുന്നില്ല അദ്ദേഹത്തിന്. തന്റെ ജീവിതകാലം വരെ സഹായം വാഗ്ദാനം ചെയ്ത് സിയാദിന്റെ കുടുംബത്തെ അദ്ദേഹം ചേർത്തുപിടിക്കുന്നു. സ്വന്തം മകനെ എന്നോണമാണ് ആ മയ്യിത്ത് നെഞ്ചോട് ചേർത്തുപിടിച്ച് അദ്ദേഹം ഖബറിലേക്ക് ഇറക്കിവെച്ചത്. മൂന്നു പിടി മണ്ണുവാരിയിടുേമ്പാൾ അതിനൊപ്പം കണ്ണീർതുള്ളികളും ഇറ്റുവീണു.
തൊഴിലുടമയുടെ വീട്ടിന് മുന്നിൽവെച്ച
അനുശോചന ബോർഡ്
കഴിഞ്ഞ ഏഴുവർഷമയി അദ്ദേഹത്തിന്റെ സ്വകാര്യ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സിയാദ്. കേവലം തൊഴിലുടമ, തൊഴിലാളി ബന്ധമായിരുന്നില്ല അവർക്കിടയിൽ ഈ കാലത്തിനിടെ വളർന്നുവന്നത്. ജോലിയിലെ സിയാദിന്റെ ആത്മാർപ്പണവും സ്നേഹാദര പെരുമാറ്റവും അദ്ദേഹത്തിൽ മതിപ്പുണ്ടാക്കി. അത് പതിയെ പിതൃപുത്ര ബന്ധം പോലെയായി. അതിനിടെയാണ് ഒരു അശനിപാതം പോലെ ആ ദുരന്തമെത്തിയത്. റിയാദ് എക്സിറ്റ് എട്ടിലെ താമസസ്ഥലത്ത് കഴിഞ്ഞ വെള്ളിയാഴ്ച (ജൂൺ 13) എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ സിയാദിനെ ഉടൻ എക്സിറ്റ് ഒമ്പതിലെ അൽ മുവാസത്ത് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചക്ക് 2.10-ഓടെ മരിച്ചു.
കഴിഞ്ഞ ദിവസം റിയാദ് നസീമിലെ ഹയ്യൂൽ സലാം മഖ്ബറയിലാണ് ഖബറടക്കിയത്. ഈ വിയോഗം തൊഴിലുടമക്ക് ഒട്ടും സഹിക്കാൻ പറ്റുന്നതായിരുന്നില്ല. സ്വന്തം വീടിന് മുന്നിൽ അനുശോചന ബോർഡ് വെച്ചു. ഖബറടക്കത്തിനുശേഷം അനുശോചന ചടങ്ങ് ഒരുക്കി. എക്സിറ്റ് 15-ലെ അൽരാജ്ഹി മസ്ജിദിലെ മയ്യിത്ത് നമസ്കാരത്തിനും തുടർന്ന് ഖബറടക്കത്തിനുമെല്ലാം മുന്നിൽനിന്നത് അദ്ദേഹം തന്നെയാണ്.
മാതൃസഹോദര പുത്രൻ മുഹമ്മദ് ഷമീർ മാലിപ്പുറവും എറണാകുളം പ്രവാസി അസോസിയേഷൻ ഭാരവാഹികളായ ജിബിൻ സമദ്, അലി ആലുവ, കരീം കാനാംപുറം, ജൂബി ലൂക്കോസ്, സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് എന്നിവരും മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാനും മറ്റും സഹായവുമായി ഒപ്പമുണ്ടായിരുന്നു. സിയാദിന് ഭാര്യയും മകളുമുണ്ട്. മാതാവ്: ഉമ്മു കുൽസു, ഏക സഹോദരി: സുമയ്യ, സഹോദരീ ഭർത്താവ്: അബ്ദുല്ലത്തീഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

