ഈത്തപ്പഴ വിളവെടുപ്പിനൊരുങ്ങി അൽഖസീം
text_fieldsബുറൈദ: കർഷകർക്ക് ആഹ്ലാദവും കച്ചവടക്കാർക്ക് പ്രതീക്ഷയും പകർന്ന് അൽഖസീം ഇനി ഈത്തപ്പഴ വിളവെടുപ്പിെൻറ നാളുകളിലേക്ക്. വിസ്തൃതിയിൽ വലിപ്പമേറിയതെന്ന് ‘ഗിന്നസ്’ സാക്ഷ്യപ്പെടുത്തിയത് അടക്കമുള്ള മുക്കാൽ ലക്ഷം തോട്ടങ്ങളിലെ മധുര വൈവിധ്യങ്ങൾ വൈകാതെ മാർക്കറ്റുകളിലേക്ക് പ്രവഹിക്കും. 50 ഡിഗ്രി സെൽഷ്യസോളമെത്തുന്ന അന്തരീക്ഷോഷ്മാവും അടിച്ചുവീശുന്ന തീക്കാറ്റും പച്ചനിറത്തിലുള്ള ഈത്തപ്പനക്കുലകളെ മഞ്ഞ, ചുവപ്പ് വർണമണിയിച്ചുതുടങ്ങി. അടുത്തയാഴ്ചയോടെ സജീവമാകുന്ന വിളവെടുപ്പ് സെപ്റ്റംബർ പകുതിവരെ നീളും. മരുഭൂമിയുടെ തീക്ഷ്ണതക്കുമേൽ മുളച്ചുപൊന്തിയ പനകൾ കുലച്ച് പാകമായി വിപണി തേടുമ്പോൾ രാജ്യം എണ്ണകൊണ്ട് സമ്പന്നമാകുന്നതിന് മുമ്പ് തന്നെ കൃഷിയിലൂടെ സമൃദ്ധജീവിതം കരുപ്പിടിപ്പിച്ച ചരിത്രമുള്ള ഖസീം ജനത സന്തോഷത്തിമർപ്പിലാണ്.
‘തൽഖീഹ്’ എന്നറിയപ്പെടുന്ന ഏപ്രിൽ മാസത്തിലെ പരാഗണത്തോടുകൂടി തുടക്കം കുറിച്ച പ്രക്രിയ പ്രാണിശല്യമില്ലാതെ പഴങ്ങളെ കാക്കുന്ന ജോലികളിലാണ് ഇപ്പോൾ എത്തിനൽക്കുന്നത്. നീണ്ടുനിൽക്കുന്ന അതിതാപത്തിൽനിന്ന് പ്രകൃതികുടി കാത്താൽ പനങ്കുലകൾ പണമായി കർഷകരെ തേടിയെത്തും. മൂന്നാം വർഷം മുതലുള്ള വിളവ് നൂറ്റാണ്ട് തികയുന്നതുവരെ നൽകാൻ ശേഷിയുള്ള ഈന്തപ്പനകളെ നശിപ്പിക്കുന്ന ഒരിനം ചെമ്പൻ ചെല്ലി ഇടക്കാലത്ത് ഈ മേഖലയിൽ വലിയ ആശങ്ക വിതച്ചിരുന്നു. ഇതിെൻറ ആക്രമണത്തിൽ നിരവധി പനകൾ ഉണങ്ങിപ്പോയി. ആയുഷ്കാലത്ത് 1000 മുട്ടകൾ വരെയിടുന്ന ഈ ജീവിയെ പ്രതിരോധിക്കുന്നതിൽ കർഷകർ കാർഷികമന്ത്രാലയത്തിെൻറ സഹായത്തോടെ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ടെന്ന് ബുകൈരിയയിലെ അൽ ഹുറൈനി ഡേറ്റ്സ് ഫാം ഉടമയും ഡേറ്റ്സ് ഓഫ് ഫാംസ് ഡയറക്ടറുമായ ഫഹദ് അബ്ദുല്ല അൽഹുറൈനി ‘ഗൾഫ് മാധ്യമ’േത്താട് പറഞ്ഞു.

‘തമറുനാ ദഹബ്’ (ഞങ്ങളുടെ ഈത്തപ്പഴം സ്വർണമാണ്) എന്ന ശീർഷകവുമായി അടുത്ത മാസം ആദ്യവാരം ബുറൈദയിൽ ലോക ഈത്തപ്പഴ മേളയുടെ കമാനങ്ങൾ ഉയരുന്നതോടെ കർഷകരുടെ ആവേശം ഉച്ഛസ്ഥായിലാകും. രാജ്യത്തും ഗൾഫ് മേഖലയിലാകമാനവും പ്രിയങ്കര ഇനമായ ‘സുക്കരി’ തന്നെയാകും മാർക്കറ്റിലെ താരം.
ഇതിൽത്തന്നെ സ്വർണവർണത്തിലുള്ള മുന്തിയ ഇനത്തിന് ആവശ്യക്കാർ എറെയാണ്. കൂടാതെ സഖീഈ, ഖുലാസ്വ്, നബൂത് ഹുറൈനി, നബൂത സൈഫ്, ശഖ്റ, റഷൂദി, ബുസ്റി എന്നിവയും മേളയിലെത്തും. ചരിത്രമുറങ്ങുന്ന നജ്ദിയൻ പ്രവിശ്യയായ അൽഖസീമിനെ വിശ്വപ്രസിദ്ധമാക്കിയ വേനൽപ്പഴത്തിെൻറ കൊയ്ത്തുത്സവത്തിന് തുടക്കമാകുന്നതോടെ ഈദ് ആഘോഷത്തിന് ശേഷം സുഷുപ്തിയിലമർന്ന നഗരവീഥികളും നാട്ടിൻപുറങ്ങളും സജീവമാവും.
2500 വാഹനങ്ങൾ ഒരേസമയം നിർത്തിയിടാൻ സൗകര്യമുള്ള ഇവിടം വ്യാപാരികൾ, ഇടനിലക്കാർ എന്നിവരെ കൂടാതെ മധ്യപൗരസ്ത്യ ദേശത്തുനിന്നുള്ള കടുംബങ്ങളാലും നിബിഢമാകും. വിവിധ രാജ്യങ്ങളിലെ കാർഷിക മന്ത്രാലയ പ്രതിനിധികളും മാധ്യമ സംഘങ്ങളും കുടി എത്തിച്ചേരുന്നതോടെ മൂന്ന് ലക്ഷം ചതുരശ്ര മീറ്ററിൽ സംവിധാനിച്ച ഈത്തപ്പഴ നഗരി ഉത്സവലഹരിയിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
