സൗദിയുടെ പ്രിയപ്പെട്ട ‘കാലാവസ്ഥാ ശബ്ദം’ ഇനി ഓർമ; ഹസൻ മുസ്തഫ കരാനി അന്തരിച്ചു
text_fieldsഹസൻ മുസ്തഫ കരാനി
റിയാദ്: സൗദി ടെലിവിഷനിലെ ഇതിഹാസതുല്യനായ കാലാവസ്ഥ അവതാരകനും മുതിർന്ന മാധ്യമപ്രവർത്തകനുമായ ഹസൻ മുസ്തഫ കരാനി (77) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ജിദ്ദയിലെ കിങ് അബ്ദുല്ല ആശുപത്രിയിൽ ഏഴ് മാസത്തോളമായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.
സൗദി അറേബ്യയുടെ കാലാവസ്ഥ പ്രവചനരംഗത്ത് തനതായ ശൈലിയിലൂടെ ദശലക്ഷക്കണക്കിന് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. 40 വർഷത്തിലേറെ നീണ്ട ശ്രദ്ധേയമായ കരിയറിൽ റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും അദ്ദേഹം സൗദി ഭവനങ്ങളിലെ പരിചിത ശബ്ദമായി മാറി. കാലാവസ്ഥ പ്രവചനങ്ങൾ കേവലം വിവരങ്ങൾക്കപ്പുറം, ആകർഷകമായ അവതരണ ശൈലിയിലൂടെ ജനകീയമാക്കിയതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്.
1949ൽ മക്കയിലാണ് ജനിച്ചത്. മക്കയിലും റിയാദിലുമായി പ്രാഥമിക-ഉപരിപഠനം പൂർത്തിയാക്കി. സൗദി റേഡിയോയിലാണ് കരിയർ തുടക്കം. അനൗൺസറായും പ്രോഗ്രാം പ്രസൻററായും തിളങ്ങി. 2019ൽ സൗദി ടെലിവിഷനിലെ ദീർഘകാലത്തെ സേവനത്തിന് ശേഷം ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചു. ശാസ്ത്രത്തോടും ഭാഷയോടുമുള്ള അദ്ദേഹത്തിന്റെ താൽപര്യമാണ് കാലാവസ്ഥ ശാസ്ത്രത്തിൽ വൈദധ്യം നേടാനും അത് ലളിതമായി ജനങ്ങളിലേക്ക് എത്തിക്കാനും അദ്ദേഹത്തെ സഹായിച്ചത്. സൗദി ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീനമുള്ള അവതാരകരിൽ ഒരാളായാണ് ഹസൻ കരാനി അറിയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

