ദമ്മാമിൽ ‘ഹാർമോണിയസ് സംഗീതപ്പെരുമഴ; ഇൻഡോർ സ്റ്റേഡിയം നിറഞ്ഞൊഴുകി
text_fieldsഹാർമോണിയസ് കേരള പരിപാടിയിൽ കലാകാരന്മാർ
ദമ്മാം: ശുദ്ധസംഗീതത്തിന്റെ അമൃതമഴ പെയ്തിറങ്ങിയ ദമ്മാം റാഖയിലെ ഇൻഡോർ സ്റ്റേഡിയം ഇന്നലെ അക്ഷരാർത്ഥത്തിൽ കേരളത്തിന്റെ തനിമയും ഒത്തൊരുമയും സംസ്കാരവും വിളിച്ചോതിയ മഹോത്സവത്തിന് സാക്ഷിയായി.
ഹാർമോണിയസ് കേരള പരിപാടിയിൽനിന്ന്
കിഴക്കൻ പ്രവിശ്യയിലെ പ്രവാസി സമൂഹത്തിനായി ഗൾഫ് മാധ്യമം ഒരുക്കിയ ‘ഹാർമോണിയസ് കേരള’ സംഗീത–നൃത്ത–ഹാസ്യ മേളയിൽ എം.ജി. ശ്രീകുമാറും സംഘവും ഒരുക്കിയ സംഗീതവിരുന്ന് ആയിരങ്ങളെ ആകർഷിച്ചു. അഞ്ചുമണിയോടെ ദമ്മാം, ഖോബാർ, ജുബൈൽ, ഖഫ്ജി എന്നിവിടങ്ങളിൽ നിന്നുള്ള മലയാളി കുടുംബങ്ങളും യുവാക്കളും സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി. ആറരയോടെ കിഴക്കൻ പ്രവിശ്യയിലെ ഏറ്റവും വലിയ ഇൻഡോർ സ്റ്റേഡിയം സംഗീതകലാസ്നേഹികളാൽ നിറഞ്ഞു.ചരിത്രത്തിൽ ആദ്യമായാണ് സൗദി സർക്കാർ ഈ സ്റ്റേഡിയം സംഗീതപരിപാടിക്കായി വേദി അനുവദിച്ചത്. സ്റ്റേഡിയത്തിന്റെ നടുവിൽ ഒരുക്കിയ വേദി മികച്ച ശബ്ദ–വെളിച്ച ക്രമീകരണങ്ങളോടെ ഏത് ഭാഗത്ത് ഇരിക്കുന്നവർക്കും ഒരുപോലെ ആസ്വാദനമൊരുക്കി.
കഴിഞ്ഞ തവണ കോബ്ര പാർക്കിലെ ആംഫി സ്റ്റേഡിയത്തിൽ തണുപ്പ് അനുഭവിക്കേണ്ടി വന്ന പ്രേക്ഷകരുടെ അഭിപ്രായം പരിഗണിച്ച് ഇത്തവണ ഇളം ചൂടിൽ ആസ്വദിക്കാവുന്ന ഇൻഡോർ വേദി തിരഞ്ഞെടുക്കപ്പെട്ടത് കാണികൾക്ക് അധികാനന്ദം പകർന്നു.
ഏഴുമണിക്ക് അഞ്ചുമിനിറ്റ് ബാക്കി നിൽക്കെ കൗണ്ട്ഡൗൺ ആരംഭിച്ചു. ആയിരങ്ങളുടെ കൈയടിയോടെ പരിപാടിക്ക് ഔദ്യോഗിക തുടക്കമായി. മലയാളികളുടെ പ്രിയഗായകൻ എം.ജി. ശ്രീകുമാർ, നടി പാർവതി തിരുവോത്ത്, നടൻ അർജുൻ അശോകൻ എന്നിവർ വേദിയിലെത്തിയപ്പോൾ സ്റ്റേഡിയം മുഴുവൻ കൈയടിയാൽ മുഴങ്ങി. ഡാൻസർ റംസാൻ മുഹമ്മദ്, നിത്യ മാമ്മൻ, മിഥുൻ രേമഷ്, ശിഖ പ്രഭാകരൻ, ലിബിൻ സ്കരിയ, ഗോകുൽ ഗോപകുമാർ, സിദ്ധിഖ് റോഷൻ എന്നിവരുള്പ്പെടെ ഗായകരുടെയും കലാകാരന്മാരുടെയും വലിയ നിര പരിപാടിയെ വർണശബളമാക്കി. പ്രവാസി മലയാളികളുടെ ഹൃദയത്തിൽ സംഗീതത്തിന്റെ മധുരം നിറച്ച ഒരു ഓർമ്മയായാണ് ‘ഹാർമോണിയസ് കേരള 2025’ മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

