ഹാർമോണിയസ് കേരള; ഹരിയുടെ വിരലുകൾ പൊഴിച്ച വിസ്മയ മൃദംഗ താളം
text_fieldsഹരി കൃഷ്ണമൂർത്തി
ദമ്മാം: കിഴക്കൻ പ്രവിശ്യയിൽ സംഗീതപ്രേമികളെ വിസ്മയിപ്പിച്ച് ഹരിയുടെ മൃദംഗ വാദനം. ഗൾഫ് മാധ്യമം സംഘടിപ്പിച്ച ‘ഹാർമോണിയസ് കേരള’ സംഗീത സന്ധ്യയിൽ എം.ജി. ശ്രീകുമാറിന്റെ എല്ലാ പാട്ടുകൾക്കും മൃദംഗം വായിക്കുകയും മറ്റുള്ളവരോടൊപ്പം സംഗീതത്തിൽ മത്സരിച്ചു താരമാവുകയും ചെയ്ത ഹരി കൃഷ്ണമൂർത്തിയെ ദമ്മാമിന് മറക്കാൻ പറ്റാത്ത കലാകാരനാക്കി. താളത്തിനൊപ്പം പാറുന്ന നീണ്ട മുടിയും മൃദംഗത്തിൽ അനായാസ വിരലോട്ടം നടത്തുന്ന രീതിയും സദസ്സിനെ കൂടി പങ്കാളികളാക്കിയ സംഗീത വിരുന്നും ഹരിയെയും ഇത്തവണത്തെ ഹാർമോണിയസ് കേരളയെയും വേറിട്ട അനുഭവമാക്കി മാറ്റി.
മെഗാ ഷോയിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷങ്ങളിലൊന്ന് ‘സ്വാമി നാഥ പരിപാലയ സുമാ’ ആലാപനത്തിനിടെ അരങ്ങേറിയ വാദ്യമേളമായിരുന്നു. ഹരി കൃഷ്ണമൂർത്തി നയിച്ച ഈ സംഗീത വിരുന്ന് സദസ്സിനെ അക്ഷരാർഥത്തിൽ ഇളക്കി മറിച്ചു. ഇടവേളയിൽ എം.ജി ശ്രീകുമാർ ഹരിയെ പരിചയപ്പെടുത്തുമ്പോൾ സദസ്സൊന്നാകെ എഴുന്നേറ്റ് നിന്ന് കൈയടിച്ച് അഭിനന്ദിച്ചത് ആ പ്രകടനത്തിന്റെ ആഴം വിളിച്ചോതുന്നതായിരുന്നു.
20 വർഷത്തിലേറെയായി സംഗീതരംഗത്ത് സജീവമായ ഹരി, അതിൽ 18 വർഷവും എം.ജി ശ്രീകുമാറിനോടൊപ്പമാണ് പ്രവർത്തിച്ചത്. ആകാശവാണി എ ഗ്രേഡ് ആർട്ടിസ്റ്റ് കൂടിയായ അദ്ദേഹം നിരവധി പ്രമുഖ സംഗീതജ്ഞരോടൊപ്പം പിന്നണിയിലും പ്രവർത്തിച്ചിട്ടുണ്ട്. ദമ്മാമിൽ ഇത് മൂന്നാം വരവാണെങ്കിലും, ഇത്രയും മികച്ച സദസ്സ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഹരി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. സോളോ സെഷനിൽ ലഭിച്ച സദസ്സിെൻറ പൂർണ പിന്തുണയാണ് ഇത്രയും മികച്ച ഇൻട്രാക്ഷൻ സാധ്യമാക്കിയത്. ഇത്തരം ഒരു അവസരം ഒരുക്കിയ ജനപ്രിയ ഗായകൻ എം.ജി ശ്രീകുമാറിനോട് പ്രത്യേക നന്ദിയുണ്ട്.
പ്രത്യേക സ്ലോട്ട് അനുവദിക്കുകയും മികച്ച രീതിയിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്തത് വലിയ ആത്മവിശ്വാസം നൽകിയെന്നും തിരുവനന്തപുരം ഹരി മഠത്തിൽ ഹരി കൃഷ്ണമൂർത്തി പറഞ്ഞു. വിവിധ സിനിമ ഗാനങ്ങൾക്ക് തബല വായിക്കാൻ അവസരം ലഭിച്ചിട്ടുള്ള ഹരി, സംഗീതത്തെ ഗൗരവത്തോടെ പഠിക്കുകയും കഠിനാധ്വാനത്തിലൂടെ മുന്നോട്ട് പോകുകയും ചെയ്തതുകൊണ്ടാണ് ഈ നിലയിലെത്താൻ കഴിഞ്ഞതെന്നും വ്യക്തമാക്കി. സംഗീതത്തെ ഒരു വിനോദമായി മാത്രം കാണാതെ ഉത്തരവാദിത്തത്തോടെ സമീപിച്ചാൽ മാത്രമേ ഇത്തരത്തിലുള്ള കലാരൂപങ്ങളിൽ ഉയർന്ന തലങ്ങളിലെത്തൂ എന്നും പുതിയ തലമുറയോടുള്ള തെൻറ സന്ദേശമായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൾഫ് മാധ്യമം നൽകിയ പിന്തുണ ഒരിക്കലും മറക്കാനാവാത്തതാണെന്നും, പ്രവാസവേദികളിൽ കലകൾക്ക് ഇത്തരത്തിലുള്ള അവസരങ്ങൾ ഒരുക്കുന്നത് വലിയ പ്രതീക്ഷ നൽകുന്നതാണെന്നും ഹരി കൃഷ്ണമൂർത്തി വ്യക്തമാക്കി. ഭാര്യ: ശാന്തി ഈശ്വർ, മക്കൾ: നന്ദിനി, രാഗിണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

