‘ഹാർമോണിയസ് കേരള’ പാർവതി തിരുവോത്ത് ദമ്മാമിലെത്തുന്നു
text_fieldsദമ്മാം: അഭിനയത്തികവും സാമൂഹിക നിലപാടുകളും കൊണ്ട് ശ്രദ്ധേയയായ മലയാള സിനിമയിലെ പ്രമുഖ നടിയും സാമൂഹിക വിഷയങ്ങളിലെ നിലപാടുറപ്പിെൻറ സൗന്ദര്യവുമായ പാർവതി തിരുവോത്ത് ഡിസംബർ 26ന് ദമ്മാമിൽ അരങ്ങേറുന്ന ഹാർമോണിയസ് കേരള സംഗീത സന്ധ്യയിൽ പങ്കെടുക്കുന്നു. ‘ഗൾഫ് മാധ്യമം’ ദമ്മാം-അൽഖോബാർ ഹൈവേയിലെ സ്പോർട്സ് സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കുന്ന വേദിയിൽ പ്രശസ്ത ഗായകൻ എം.ജി. ശ്രീകുമാറിെനാപ്പം പാർവതിയുടെ സാന്നിധ്യമാണ് ഏറ്റവും വലിയ ആകർഷണം.
സൗദി കിഴക്കൻ പ്രവിശ്യയിൽ ആദ്യമായി എത്തുന്ന പാർവതിക്ക് ദമ്മാമിൽ വലിയൊരു ആരാധക സമൂഹമുണ്ട്. മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരത്തെ നേരിൽ കാണാനും കേൾക്കാനും ആയിരങ്ങൾ കാത്തിരിക്കുന്നു.
1988 ഏപ്രിൽ ഏഴിന് കോഴിക്കോട് ജനിച്ച പാർവതി തിരുവനന്തപുരം ഓൾ സെയിൻറ്സ് കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. സ്വകാര്യ ടി.വിയിൽ അവതാരകയായി പ്രവർത്തിച്ച അവർ പരിശീലനം നേടിയ ഭരതനാട്യം നർത്തകിയുമാണ്. 2006ൽ പുറത്തിറങ്ങിയ ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നിരവധി മലയാള, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചു.
പൂവ് (തമിഴ്, 2008) എന്ന ചിത്രത്തിലൂടെ വിമർശക പ്രശംസ നേടിയ പാർവതി, മലയാളത്തിൽ ബാംഗ്ലൂർ ഡേയ്സ് (2014), എന്ന് നിന്റെ മൊയ്തീൻ (2015), ചാർലി (2015) എന്നീ സിനിമകളിലൂടെ വലിയ ജനപ്രീതി നേടി. ടേക്ക് ഓഫ് (2017) ചിത്രത്തിലെ സമീറയുടെ വേഷം അവർക്ക് ദേശീയ തലത്തിൽ അംഗീകാരം നേടിക്കൊടുത്തു. ഇന്ത്യയിലെ ആദ്യ വനിത അഭിനേതാവ് എന്നനിലയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സ്പെഷൽ ജൂറി അവാർഡ് നേടിയിട്ടുണ്ട്. ഉയരെ (2019), വൈറസ് (2019), പുഴു (2022), ഉള്ളൊഴുക്ക് (2024) എന്നിവയും അവരുടെ കരിയറിലെ പ്രധാന ചിത്രങ്ങളാണ്.
ദേശീയ ചലച്ചിത്ര പുരസ്കാരം, രണ്ട് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ, അഞ്ച് ഫിലിം ഫെയർ അവാർഡുകൾ എന്നിവ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ പാർവതിക്ക് ലഭിച്ചിട്ടുണ്ട്. അഭിനയത്തിനൊപ്പം സാമൂഹിക വിഷയങ്ങളിലും ശക്തമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് അവർ. വിമൻ ഇൻ സിനിമ കലക്ടിവ് (ഡബ്ല്യു.സി.സി)യുടെ സജീവ അംഗമായ പാർവതി മലയാള സിനിമയിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായി തുറന്നു സംസാരിച്ചിട്ടുണ്ട്.
2025ൽ പാർവതി തെൻറ കരിയറിൽ പുതിയ പരീക്ഷണങ്ങൾ തേടുകയാണ്. അഭിനയത്തിനൊപ്പം സാമൂഹിക ഇടപെടലുകളും സ്ത്രീകളുടെ ശബ്ദം ശക്തിപ്പെടുത്തുന്നതും അവരുടെ ജീവിതത്തിെൻറ ഭാഗമാണ്. പാർവതി തിരുവോത്ത് ഇന്ന് മലയാള സിനിമയിലെ ഒരു നടി മാത്രമല്ല, സാമൂഹിക ബോധമുള്ള കലാകാരിയും പുതുമുഖങ്ങൾക്ക് പ്രചോദനവുമായ വ്യക്തിത്വവുമാണ്. അവരുടെ യാത്ര, കലയും സാമൂഹിക ഉത്തരവാദിത്തവും കൈകോർക്കുന്ന അപൂർവ മാതൃകയായി മാറിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

