ഹാർമോണിയസ് കേരള; ‘മധുമയമായ് പാടാൻ’ എം.ജി. ശ്രീകുമാർ ദമ്മാമിലെത്തുന്നു
text_fieldsഎം.ജി. ശ്രീകുമാർ
ദമ്മാം: മലയാളികളുടെ ഹൃദയം കീഴടക്കിയ മധുമയ രാഗസുന്ദര ഗാനങ്ങൾ സമ്മാനിച്ച ഗായകൻ എം.ജി. ശ്രീകുമാർ ദമ്മാമിലെത്തുന്നു. ‘ഗൾഫ് മാധ്യമം’ ഡിസംബർ 26ന് ദമ്മാം-അൽഖോബാർ ഹൈവേയിലെ സ്പോർട്സ് സിറ്റി (ഗ്രീൻ സ്പോർട്സ് ഇൻഡോർ സ്റ്റേഡിയ)ത്തിൽ ഒരുക്കുന്ന ഹാർമോണിയസ് കേരള സംഗീത സന്ധ്യയെ മധുമയമാക്കാനാണ് മലയാളത്തിെൻറ പ്രിയ പാട്ടുകാരൻ എത്തുന്നത്.
മലയാള സംഗീതനഭസ്സിൽ രാഗവിസ്മയമായി നിറഞ്ഞുനിൽക്കുന്ന എം.ജിയുടെ 42 വർഷത്തെ ഗാനോപാസനയുടെ ആഘോഷം കൂടിയാണ് ദമ്മാമിൽ അരങ്ങേറുന്നത്. ‘മധുമയമായ് പാടാം’ എന്ന പേരിലാണ് എം.ജിയുടെ സംഗീത പരിപാടി. 1983ൽ റിലീസായ മമ്മൂട്ടി നായകനായ ‘കൂലി’ എന്ന സിനിമയിൽ കവി ജി. ഇന്ദ്രനെഴുതിയ ‘വെള്ളിക്കൊലുസോടെ കളിയാടും അഴകേ നിൻ ഗാനങ്ങളിൽ ഞാനാണാദി താളം’ എന്ന വരികൾ പാടി മലയാള സിനിമയുടെ പിന്നണി ഗാനരംഗത്തെത്തിയ എം.ജി. ശ്രീകുമാർ ഇതുവരെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി 20,000ത്തിനു മേൽ ഗാനങ്ങൾ ആലപിച്ചുകഴിഞ്ഞു.
പാടിയതിലധികവും മറക്കാത്ത ഈണമായി മലയാളികളുടെ ഹൃദയത്തിൽ ശേഷിപ്പിച്ച ഗായകൻ കൂടിയാണ് എം.ജി. ശ്രീകുമാർ. സിനിമയിലെത്തി കേവലം മൂന്നു വർഷം പിന്നിട്ടപ്പോൾ തന്നെ ‘താളവട്ടം’ എന്ന സിനിമയിലെ ‘പൊൻവീണേ, എന്നുള്ളിൽ മൗനം വാങ്ങൂ...’, ‘കളഭം ചാർത്തും...’ തുടങ്ങിയ ഗാനങ്ങൾ എം.ജി. ശ്രീകുമാർ എന്ന ഗായകനെ മലയാളികളുടെ മനസ്സിൽ കുടിയിരുത്തി. പിന്നീടങ്ങോട്ടുള്ള ഓരോ വർഷം നിരവധി ഹിറ്റുകളോടെ അദ്ദേഹം മലയാളികളെ കൂടുതൽ സന്തോഷഭരിതരാക്കി.
താളവട്ടം 1988ൽ ആര്യൻ എന്ന സിനിമയിലെ ‘പൊൻമുരളിയൂതും കാറ്റിൽ...’, ചിത്രം സിനിമയിലെ ‘ഈറൻ മേഘം’, ‘പാടം പൂത്തകാലം’, ‘ദിനരാത്രങ്ങളിലെ ‘തിരുനെല്ലിക്കാട് പൂത്തു’, മനു അങ്കിളിലെ ‘ഒരു കിളി ഇരുകിളി’, മൂന്നാം പക്കത്തിലെ ‘താമരക്കിളി പാടുന്നു’ തുടങ്ങി നിരവധി ഹിറ്റുകൾ അദ്ദേഹത്തെ അടയാളപ്പെടുത്തുന്നതായി.
1989ൽ കിരീടം എന്ന സിനിമയിലൂടെ ദേശീയ ഗാനപുരസ്കാരം അദ്ദേഹത്തെ തേടിെയത്തി. അവിടുന്നിങ്ങോട്ട് ഹിറ്റുകളുടെ ജൈത്രയാത്രയായിരുന്നു. ഒപ്പം സിനിമയിലെ ‘മിനുങ്ങും മിന്നാമിനുങ്ങേ...’ ‘ചിന്നമ്മ അടി കുഞ്ഞിപെണ്ണമ്മ...’ തുടങ്ങിയ പാട്ടുകൾ അദ്ദേഹത്തെ പാട്ടുപ്രിയരുടെ മനസ്സിൽ കൂടുതൽ പ്രിയംകരനാക്കി. മലയാളി ഇന്നും എപ്പോഴും പാടിനടക്കുന്ന 10 പാട്ടുകളെടുത്താൽ അതിൽ അഞ്ചെണ്ണം എം.ജി. ശ്രീകുമാർ നമുക്ക് സമ്മാനിച്ചതാകും.
സംഗീതസ്വരങ്ങൾ നിറഞ്ഞുനിന്ന വീട്ടിലായിരുന്നു ശ്രീകുമാർ ജനിച്ചതും വളർന്നതുമെല്ലാം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം ആർട്സ് കോളജിൽനിന്ന് ബിരുദം നേടിയ എം.ജി. ശ്രീകുമാർ ചേർത്തല ഗോപാലൻ നായരുടെയും നെയ്യാറ്റിൻകര വാസുദേവെൻറ കീഴിലും കുറച്ചുനാൾ സംഗീതം അഭ്യസിച്ചു. എന്നാലും സംഗീതത്തിലെ പ്രധാന ഗുരു മൂത്ത സഹോദരൻ എം.ജി. രാധാകൃഷ്ണൻ തന്നെയായിരുന്നു. അയ്യപ്പ ഭക്തിഗാനരംഗത്ത് നിറസാന്നിധ്യമായി നിലകൊണ്ട എം.ജി. ശ്രീകുമാറിെൻറ ഏറ്റവും വിഖ്യാതമായ അയ്യപ്പ ഭക്തിഗാനമാണ് സ്വാമി അയ്യപ്പൻ എന്ന ആൽബത്തിലെ ‘സാമവേദം നാവിലുണർത്തിയ സ്വാമിയേ’ എന്ന ഗാനം. രാജീവ് ആലുങ്കലിെൻറ രചനക്ക് എം.ജി. ശ്രീകുമാർ തന്നെയായിരുന്നു ഈ ഗാനത്തിെൻറ ഈണവും നിർവഹിച്ചത്.
ഇദ്ദേഹം സംഗീത സംവിധാനം ചെയ്ത ഭൂരിഭാഗം ജനപ്രിയ ഗാനങ്ങളും രചിച്ചിട്ടുള്ളത് ഗിരീഷ് പുത്തഞ്ചേരിയും രാജീവ് ആലുങ്കലുമാണ്. ഈ കൂട്ടുകെട്ടുകളിൽ പിറന്ന ഗാനങ്ങൾ ആകെ സംഗീത പ്രേമികൾ ഏറ്റുപാടി. പിന്നണി ഗായകൻ എന്നതിലുപരി സംഗീത സംവിധായകൻ, നിർമാതാവ്, അവതാരകൻ എന്നീ നിലകളിലും അദ്ദേഹം വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

