ഹാർമോണിയസ് കേരള; എം.ജിയെയും അർജുനെയും കാൻവാസിലാക്കി മിർസ കരീം
text_fieldsമിർസ കരീം താൻ രചിച്ച ചിത്രങ്ങളുമായി എം.ജി. ശ്രീകുമാർ, അർജുൻ അശോകൻ എന്നിവരോടൊപ്പം
ദമ്മാം: ഗൾഫ് മാധ്യമം സംഘടിപ്പിച്ച ‘ഹാർമോണിയസ് കേരള’ മെഗാ ഇവൻറിൽ പങ്കെടുക്കാൻ ദമ്മാമിലെത്തിയ തന്റെ ഇഷ്ടതാരങ്ങളെ കാൻവാസിൽ പകർത്തി സമ്മാനിക്കാനായ സന്തോഷത്തിലാണ് ചിത്രകാരിയും അധ്യാപികയുമായ മിർസ കരീം. ആദ്യമായി സൗദിയിലെത്തിയ യുവ നടൻ അർജുൻ അശോകനെ ഗിൽട്ടർ ഉപയോഗിച്ച് നിർമിച്ച അദ്ദേഹത്തിന്റെ ചിത്രവുമായി മിർസയും ഭർത്താവ് സെയ്തു മുഹമ്മദും വിമാനത്താവളത്തിൽ തന്നെ പോയി വരവേറ്റു.
ദമ്മാമിലെ ഹൃദ്യമായ സ്വീകരണത്തിരക്ക് കഴിഞ്ഞപ്പോൾ മിർസ സമ്മാനിച്ച തന്റെ ചിത്രം കണ്ട് അർജുൻ അശോകന് ഏറെ ഇഷ്ടമായി. അദ്ദേഹം തന്നെ മുൻകൈയ്യെടുത്ത് ആ ചിത്രം തനിക്ക് സമ്മാനിക്കുന്നതായുള്ള ഫോട്ടോയെടുക്കാൻ സംവിധാനമൊരുക്കി. ഗായകൻ എം.ജി ശ്രീകുമാർ ഹാർമോണിയസ് കേരള ഷോ കഴിഞ്ഞ് മടങ്ങുമ്പോഴാണ് പിന്നാലെയെത്തി മിർസ അദ്ദേഹത്തിന് ചിത്രം സമ്മാനിച്ചത്.
ജീവിതത്തിലെ അപൂർവ നിമിഷങ്ങളായി ഇതിനെ താൻ ഓർത്തുവെക്കുമെന്ന് മിർസ പറഞ്ഞു. എൻജിനീയറായ മിർസ ദമ്മാം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലെ അധ്യാപികയാണ്. കോളജിൽ പഠിക്കുന്ന കാലത്താണ് ചിത്രരചന കുറച്ച് കൂടി ഗൗരവമായി എടുക്കുന്നത്. അന്ന് ആക്രിലിക്കിലും ഓയിൽ പെയിന്റിങ്ങിലുമായി വരച്ചുതീർത്ത ചിത്രങ്ങൾ നിരവധി സമ്മാനങ്ങൾ നേടി.
എല്ലാവരും ചെയ്യുന്നതിൽനിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിൽനിന്നാണ് തേയിലപ്പൊടിയും, പശയും ഉപയോഗിച്ച് ചിത്രം രചിച്ച് തുടങ്ങിയത്. ഇന്ത്യയുടെ 14 മുൻ രാഷ്ട്രപതിമാരുടെ ചിത്രം ചെയ്ത മിർസ ഇന്ത്യൻ ബുക് ഓഫ് അവാർഡിനും അർഹയായി. സൗദിയിൽ പ്രവാസിയായ ശേഷം മിർസ ഇവിടുത്തെ നിരവധി ചിത്ര പ്രദർശനങ്ങളിൽ പങ്കാളിയായി. മത്സരങ്ങളിൽ സമ്മാനങ്ങൾ നേടി.
ലുലു വർഷികത്തോടനുബന്ധിച്ച് ലൈവായി ചെയ്ത സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ ചിത്രത്തിന് ഏറെ പ്രശംസകൾ കിട്ടി. സൗദിയിൽ എൻജിനീയറായ കോട്ടയം, ഈരാറ്റുപേട്ട നടക്കൽ ആലക്കൽ വീട്ടിൽ സെയ്ദ് മുഹമ്മദിന്റെ ഭാര്യയാണ്. ഏക മകൻ റയാൻ ഒന്നാം ക്ലാസ് വിദ്യാർഥി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

