ഹരിതവത്കരണത്തിനൊരുങ്ങി സൗദി: ആറ് മാസത്തിനകം 2.3 ദശലക്ഷം മരങ്ങൾ നടാൻ പദ്ധതി
text_fieldsജിദ്ദ: രാജ്യത്ത് വനവത്കരണം വ്യാപകമാക്കുന്നതിെൻറ ഭാഗമായി ആറ് മാസത്തിനകം 2.3 ദശലക്ഷം മരങ്ങൾ വെച്ചു പിടിപ്പിക്കാൻ പദ്ധതി. ഒക്ടോബർ ഒന്നുമുതൽ 2019 ഏപ്രിൽ 15 വരെയുള്ള കാർഷിക സീസണിലാണ് ഹരിതവത്കരണത്തിന് പദ്ധതി തയാറാക്കിയത്. പരിസ്ഥിതി ജലവകുപ്പും വിവിധ സർക്കാർ വകുപ്പുകളും സഹകരിച്ചാണ് രാജ്യത്തെ വിവിധ മേഖലകളിൽ പദ്ധതി നടപ്പിലാക്കുന്നത്. ഡിസംബർ 15 നകം ഒരു ദശലക്ഷത്തിലധികം മരങ്ങൾ എട്ട് മേഖലകളിലായി വെച്ചുപിടിപ്പിക്കുമെന്ന് പരിസ്ഥിതി വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ഉസാമ ഫഖീഹ പറഞ്ഞു. മദീനയിൽ 50,000, തബൂക്കിൽ 35000, റിയാദിൽ 10,000 ഖസീമിൽ 20,000, ഉത്തര അതിർത്തിയിൽ 15,000, ബിഷയിൽ 140,000 ജീസാനിൽ 170,000 അൽ അഹ്സയിൽ 150,000 മരങ്ങൾ വീതമാണ് വെച്ചു പിടിപ്പിക്കുക എന്ന് അദ്ദേഹം പറഞ്ഞു.
2019 മാർച്ച് ഒന്നിനും ഏപ്രിൽ 15^നുമിടയിൽ 62 ലക്ഷം മരങ്ങൾ റിയാദ് മേഖലയിൽ നടും. ഇതിെൻറ ഭാഗമായി അൽ ഖർജ് ഗവർണറേറ്റിൽ 90,000, ശഖറ പ്രവിശ്യയിൽ 80,000 വീതം നടും. അഫീഫിൽ 25 ലക്ഷം, മക്ക താഴ്വരയിൽ 12 ലക്ഷം തൈകൾ വെച്ചുപിടിപ്പിക്കും. ബീഷ, അൽ അഹ്സ, ജീസാൻ മദീന മേഖലകളിൽ വലിയ ജലസംഭരണികളും കനാലുകളും ഇതിെൻറ ഭാഗമായി നിർമിക്കുമെന്നും ഡോ. ഉസാമ ഫഖീഹ അറിയിച്ചു.മരുഭൂമിയിൽ വനവത്കരണ പദ്ധതി നടപ്പിലാക്കുന്നതിന് 12 ദശലക്ഷം മരങ്ങൾ നടുന്ന പദ്ധതിയിൽ വിവിധ ഏജൻസികളുമായി കരാറിൽ ഒപ്പിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ടൂറിസം വികസനം നടപ്പാക്കുന്നതിെൻറയും പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നതിെൻറയും ഭാഗമാണ് വനവത്കരണ പദ്ധതി എന്നാണ് വിലയിരുത്തൽ. കാലാവസ്ഥ വ്യതിയാനത്തിെൻറ ഭാഗമായി ചൂട് കൂടി വരുന്ന സാഹചര്യത്തിൽ ഭാവിതലമുറക്ക് രാജ്യം കൂടുതൽ വാസയോഗ്യമാക്കുന്നതാണ് ഇത്തരം പദ്ധതികൾ. സൗദിയിൽ നടന്ന അറബ് സമ്മിറ്റിലെ പ്രധാന ചർച്ചകളിലൊന്ന് മേഖലയിലെ പരിസ്ഥിതി സംരക്ഷണമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
