Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹരീഖ്​...

ഹരീഖ്​ ഓറഞ്ചുത്സവത്തിന് കൊടിയേറി; മധുരനഗരിയിലേക്ക് സന്ദർശക പ്രവാഹം

text_fields
bookmark_border
ഹരീഖ്​ ഓറഞ്ചുത്സവത്തിന് കൊടിയേറി; മധുരനഗരിയിലേക്ക് സന്ദർശക പ്രവാഹം
cancel

റിയാദ്: സൗദി അറേബ്യയുടെ കാർഷിക സമൃദ്ധി വിളിച്ചോതുന്ന 10-ാമത് ഓറഞ്ച് ഫെസ്​റ്റിവലിന് അൽ ഹരീഖ് പട്ടണത്തിൽ ആവേശകരമായ തുടക്കം. റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്​ദുൽ അസീസ് മേള ഉദ്ഘാടനം ചെയ്തു. റിയാദ് നഗരത്തിൽനിന്ന് 159 കിലോമീറ്റർ അകലെയുള്ള ഹരീഖിലെ ശാന്തമായ ഗ്രാമീണ അന്തരീക്ഷം ഇപ്പോൾ ഉത്സവ ലഹരിയിലാണ്.

ഈ മാസം ആറിന്​ ആരംഭിച്ച മേള 16 വരെ 10 ദിവസം നീണ്ടുനിൽക്കും. എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി 11 വരെയാണ്​ സന്ദർശന സമയം. എങ്കിലും വൈകുന്നേരത്തോടെയാണ് സജീവമാകുന്നത്. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയമാണ്​ സംഘാടകർ.


പ്രാദേശിക കർഷകരെ പിന്തുണയ്ക്കാനും രാജ്യത്തി​െൻറ ഭക്ഷ്യസുരക്ഷാ നയങ്ങൾ ശക്തിപ്പെടുത്താനുമായി ഒരുക്കിയ മേളയിൽ നൂറിലധികം സ്​റ്റാളുകളാണുള്ളത്. വിജ്ഞാനവും വിനോദവും സമന്വയിക്കുന്നതാണ്​ മേള നഗരിയിലൊരുക്കിയ പവലിയനുകൾ. ഗുണമേന്മയനുസരിച്ച് തരംതിരിച്ച ഓറഞ്ചുകൾക്ക് പുറമെ, ഹരീഖിലെ തോട്ടങ്ങളിൽനിന്നുള്ള അത്തിപ്പഴം, ഈത്തപ്പഴം, നാരങ്ങ, ശുദ്ധമായ തേൻ എന്നിവയും ഇവിടെ ലഭ്യമാണ്.

ഓറഞ്ച് ഉപയോഗിച്ച് ഗ്രാമീണർ നിർമിക്കുന്ന ജാമുകൾ, കേക്കുകൾ, ബിസ്ക്കറ്റുകൾ, പുഡ്ഡിംഗുകൾ തുടങ്ങിയ കുടിൽ വ്യവസായ ഉൽപ്പന്നങ്ങൾ സന്ദർശകർക്കിടയിൽ ഏറെ ശ്രദ്ധേയമാണ്. ഇഷ്​ടപ്പെട്ട ഉൽപ്പന്നങ്ങൾ പ്രിയപ്പെട്ടവർക്ക് അയച്ചുനൽകാൻ പവലിയനിൽ തന്നെ പാർസൽ സർവിസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഹൃദ്യം അറബ് ആതിഥ്യം

മേളയിലെത്തുന്ന അതിഥികളെ സ്വീകരിക്കാൻ വിപുലമായ ‘ഖഹ്‌വ മജ്‌ലിസുകൾ’ ഒരുക്കിയിട്ടുണ്ട്. അറേബ്യൻ ഖഹ്‌വയും ഈത്തപ്പഴവും നൽകി സ്വീകരിക്കുന്ന ഈ ഇടങ്ങൾ അറബ് പൈതൃകത്തി​െൻറ നേർക്കാഴ്ചയാകുന്നു. വൈകുന്നേരങ്ങളിൽ കലാപരിപാടികളും വിനോദമത്സരങ്ങളും അരങ്ങേറുന്നതോടെ മേളാനഗരി കൂടുതൽ സജീവമാകും.

മലയാളികളുടെ പങ്കാളിത്തം

റിയാദിലെ തണുപ്പുള്ള കാലാവസ്ഥയും ഹരീഖിലേക്കുള്ള സുഗമമായ റോഡും പ്രവാസികളെ ഇവിടേക്ക് ആകർഷിക്കുന്നു. മലയാളി കുടുംബങ്ങളും കൂട്ടായ്മകളും വലിയ തോതിൽ മേള സന്ദർശിക്കാനെത്തുന്നുണ്ട്. റിയാദിൽനിന്ന് ഹരീഖിലേക്കുള്ള യാത്രയും ആസ്വാദ്യകരമാണ്. വഴിയോരങ്ങളിലെ മനോഹര കാഴ്ചകൾ ഇറങ്ങി കാമറകളിൽ പകർത്തിയാണ് യാത്ര സംഘങ്ങൾ ഹരീഖിലെത്തുന്നുന്നത്.

കാഴ്ചകൾക്കപ്പുറം, സൗദിയിലെ പുതിയ നിക്ഷേപ സാധ്യതകൾ മുന്നിൽക്കണ്ട് കാർഷിക മേഖലയെ കുറിച്ച് പഠിക്കാനും സ്മാർട്ട് കൃഷി രീതികൾ മനസിലാക്കാനും നിരവധി മലയാളി സംരംഭകരും താല്പര്യം പ്രകടിപ്പിക്കുന്നു. രാജ്യത്തെ വിവിധ പ്രവിശ്യകളിൽനിന്ന് കാർഷിക വിദഗ്ദ്ധരും വ്യപാരികളും വിദ്യാർഥികളും ഉൾപ്പടെ വ്യത്യസ്ത മേഖകളിലിൽനിന്നുള്ളവർ മേള സന്ദർശിക്കാനും പങ്കാളിത്തം വഹിക്കാനും എത്തുന്നുണ്ട്.

വിദേശികൾ ഭൂമി സ്വന്തമാക്കാനും നിക്ഷേപിക്കാനും ഒരുങ്ങിയ പുതിയ സാഹചര്യത്തിൽ കാർഷിക മേഖലയെ കുറിച്ച് പഠിക്കാനും ഇൗ മേഖലയിൽ നിക്ഷേപം നടത്താനും മലയാളികൾ ഉൾപ്പടെയുള്ള വിദേശ നിക്ഷേപകർ ഓറഞ്ചുത്സവം ഒരവസരമായാണ് കാണുന്നത്. പ്രാദേശിക വിപണിയെ ഉത്തേജിപ്പിക്കുന്നതിനൊപ്പം കൃഷിയിലെ ആധുനിക സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന പരിശീലന പരിപാടികളും ഉത്സവത്തി​െൻറ ഭാഗമായി നടക്കുന്നുണ്ട്.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ സന്ദർശകരുടെ വലിയ തിരക്കാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വാരാന്ത്യം ആയിരക്കണക്കിന് സന്ദർശകരാണ് നഗരിയിലെത്തി വ്യത്യസ്ത പരിപാടികൾ ആസ്വദിച്ചത്. പൊതുവേ ശാന്തമാണ്​ ഹരീഖ്​. എന്നാൽ ഉത്സവം കൊടിയേറിയതോടെ തിരക്കിലമർന്നുകഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newssoudi newsorange festLatest News
News Summary - Hareek orange fest
Next Story